ന്യൂഡൽഹി: തലസ്ഥാനനഗരത്തിൽ ചോരക്കുരുതിക്ക് പദ്ധതിയിട്ട ഐ.എസ്. ഭീകരനെ ഡൽഹി പോലീസ് വലയിലാക്കിയത് ഒരുവർഷം നീണ്ട പരിശ്രമത്തിനൊടുവിൽ. കഴിഞ്ഞ ഒരുവർഷമായി ഇയാൾ നിരീക്ഷണത്തിലുണ്ടെന്ന് ഡൽഹി പോലീസ് സ്പെഷ്യൽസെൽ ഡെപ്യൂട്ടി പോലീസ് കമ്മിഷണർ പി.എസ്. കുശ്വാഹ പറഞ്ഞു. കൃത്യമായി ഉറവിടങ്ങളിലൂടെ ഇയാളുടെ ഓരോനീക്കവും പിന്തുടരുന്നുണ്ടായിരുന്നു. സ്ഫോടനത്തിനുശേഷം ചാവേർ ബോംബാക്രമണമായിരുന്നു ലക്ഷ്യം. ഇങ്ങനെ, ഐ.എസിന്റെ കടുത്ത പരിശീലനം ലഭിച്ച ഭീകരനെയാണ് പിടികൂടിയതെന്നും പോലീസ് പറഞ്ഞു.

ഭീകരവാദംപോലുള്ള കൊടുംകുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ടവരാണ് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ. ഡൽഹിയിലും രാജ്യത്തെ മറ്റുപ്രദേശങ്ങളിലും ഐ.എസ്. ഭീകരാക്രമണത്തിനു പദ്ധതിയിടുന്നതായി ഏതാനും മാസങ്ങൾക്കുമുമ്പു തന്നെ ഇവർക്ക് വിവരംലഭിച്ചിരുന്നു. സാമൂഹികമാധ്യമങ്ങൾ വഴി ഇതിനുള്ള ഗൂഢനീക്കങ്ങളിൽ ഒരുവിഭാഗം നിരോധിതസംഘങ്ങൾ വ്യാപൃതരായിരുന്നു. ഇതിനെ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് ബോംബ് നിർമാണത്തിനും ചാവേർ സ്ഫോടനത്തിനുമൊക്കെ വിദഗ്ധപരിശീലനം ലഭിച്ച അബു യൂസഫ് ഖാൻ ഒറ്റയാൻ അക്രമത്തിന് പദ്ധതിയിടുന്നതായി വിവരംകിട്ടിയത്. ചാവേർസ്‌ഫോടനം നടത്താനുള്ള വസ്ത്രങ്ങളും ബെൽറ്റുമൊക്കെ തയ്യാറാക്കുന്നതിൽ വിദഗ്ധനാണ് ഇയാളെന്നും വിവരംലഭിച്ചു. ഇതേത്തുടർന്ന് അതിജാഗ്രതയോടെ നീങ്ങിയ ഇയാളേയും സംശയമുള്ള മറ്റുള്ളവരേയും നിരീക്ഷണത്തിൽവെച്ചു. ഇൻസ്പെക്ടർ സുനിൽ രാജെയ്ന്റെ നേതൃത്വത്തിലുള്ള ഒരുസംഘം യു.പി. സന്ദർശിച്ച് ഇയാളെ സംബന്ധിച്ചുള്ള പശ്ചാത്തലവിവരങ്ങളും ശേഖരിച്ചു.

യൂസഫ് ഖാൻ ഡൽഹിക്ക് തിരിച്ചയുടൻ പോലീസിന് രഹസ്യംവിവരം കിട്ടി. ബൈക്കിൽ ദൗള കുവ വഴി കരോൾബാഗിലക്കേ് വരുന്നുണ്ടെന്നായിരുന്നു വിവരം.

അസിസ്റ്റന്റ് പോലീസ് കമ്മിഷണർമാരായ ലളിത് മോഹൻ നേഗി, ഹൃദയഭൂഷൺ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ സുനിൽ രജെയ്ൻ, രവീന്ദർ ജോഷി, വിനോദ് ബദോല, വിനയ് പാൽ തുടങ്ങിയവരുൾപ്പെട്ട സംഘം എന്തിനും തയ്യാറായി ഇയാളെ പിടികൂടാൻ റിഡ്ജ് റോഡിൽ കാത്തുനിന്നു.

ഇരുട്ടിന്റെമറവിൽ ഏതാനും സമയത്തെ വെടിവെപ്പിനൊടുവിൽ ഇയാളെ കീഴടക്കാനും സംഘത്തിനായി. പോലീസ് തടഞ്ഞയുടൻ വെടിയുതിർത്ത് ബുദ്ധജയന്തി പാർക്കുവഴി രക്ഷപ്പെടാനുള്ള യൂസഫിന്റെ ശ്രമവും സംഘം പരാജയപ്പെടുത്തി. രണ്ട് പ്രഷർ കുക്കറുകളിലായി ഘടിപ്പിച്ച ഐ.ഇ.ഡി. സ്ഫോടകവസ്തു ഇയാളുടെപക്കൽ കണ്ടെത്തിയ ഉടൻ എൻ.എസ്.ജി. സംഘമെത്തി അതു നിർവീര്യമാക്കി. സമയബന്ധിതമായ ഇടപെടലിലൂടെയാണ് കൊടുംഭീകരനെ വലയിലാക്കിയതെന്ന് ഡൽഹി പോലീസ് പറഞ്ഞു.

ഭീകരാക്രമണത്തിൽ വിദഗ്ധൻ

ഉത്തർപ്രദേശ് ബൽറാംപുരിലെ ബധിയ ബൈസാഹി ഗ്രാമക്കാരനാണ് മുപ്പത്തഞ്ചുകാരനായ അബു യൂസഫ്. ഇയാൾ അഞ്ചുവർഷമായി ഐ.എസ്. പ്രവർത്തനങ്ങളിൽ വ്യാപൃതനാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇന്ത്യയിൽ ഐ.എസ്. പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ച യൂസഫ് അൽ ഹിന്ദിയുമായി അബുവിന് അടുത്ത ബന്ധമുണ്ടായിരുന്നു. 2017-ൽ സിറിയയിൽനടന്ന അൽ ഹിന്ദി കൊല്ലപ്പെട്ടു. പാകിസ്താൻ സ്വദേശി അബു ഹുസൈഫ അൽ ബാക്കിസ്താനിക്കുകീഴിൽ ഭീകരപ്രവർത്തനം തുടർന്ന അബു യൂസഫ് അയാളിൽനിന്ന് മികച്ചപരിശീലനം നേടി. ടൈമർ സംവിധാനത്തിൽ ഐ.ഇ.ഡി. ഘടിപ്പിച്ച് സ്ഫോടനം നടത്താനും ആത്മഹത്യാ സ്ക്വാഡാവാനുമൊക്കെ പഠിപ്പിച്ചത് അബു ഹുസൈഫയായിരുന്നു. ഇയാൾക്കൊപ്പം അഫ്ഗാനിസ്താനിലേക്ക് പോവാനും അബു യൂസഫ് പദ്ധതിയിട്ടിരുന്നു. ഇതിനായി ഭാര്യയും നാലു മക്കൾക്കുമൊക്കെ പാസ്പോർട്ട് സംഘടിപ്പിച്ചു. എന്നാൽ, കഴിഞ്ഞവർഷം അഫ്ഗാനിൽ ഡ്രോൺ അക്രമണത്തിൽ ഹുസൈഫ കൊല്ലപ്പെട്ടതോടെ ഈ പദ്ധതി പാളി.

തുടർന്ന്, ഇന്ത്യയിൽ ഭീകരാക്രമണം നടത്തുകയെന്ന ലക്ഷ്യം സ്വീകരിച്ച അബു യൂസഫ് സ്വന്തംനാട്ടിലെ ഖബറിസ്ഥാനിലും മറ്റുമായി പ്രഷർകുക്കർ വഴി സ്ഫോടനം നടത്താനുള്ള പരീക്ഷണങ്ങളും നടത്തിയെന്നാണ് വിവരം. സ്ഫോടനങ്ങൾക്കുപുറമെ, ചാവേറാക്രമണം നടത്താനും ഇയാൾക്ക് ഐ.എസിന്റെ അനുമതി ലഭിച്ചിരുന്നു. യൂറോപ്യൻരാജ്യങ്ങളിൽ ആത്മഹത്യാ സ്ക്വാഡുകൾവഴി സ്ഫോടനങ്ങൾ നടത്തുന്ന രീതി ഇന്ത്യയിലും നടപ്പാക്കാനായിരുന്നു ഐ.എസ്. പദ്ധതി.

യൂസഫിന്റെ സൗഹൃദശൃംഖല തിരയുന്നു

ന്യൂഡൽഹി: പിടിയിലായ ഭീകരന് കശ്മീരിലെ ഭീകരവാദസംഘടനകളുമായും ബന്ധമുണ്ടെന്ന് പോലീസ്. ഇതടക്കം അന്വേഷിച്ചുവരുകയാണെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു.

അടുത്തിടെ ബംഗളുരൂവിൽ അറസ്റ്റുചെയ്യപ്പെട്ട അബ്ദുർ റഹ്മാനുമായി അബു യൂസഫിനു ബന്ധമുണ്ടോയെന്നും അന്വേഷിച്ചുവരുന്നു. ബെംഗളൂരു മെഡിക്കൽ കോളേജിൽ ഓഫ്താൽമോളജിസ്റ്റായിരുന്നു ഇരുപത്തിയെട്ടുകാരനായ അബ്ദുർ. മാർച്ചിൽ ഡൽഹിയിൽ അറസ്റ്റിലായ ദമ്പതിമാരുമായി ബന്ധത്തെത്തുടർന്നാണ് എൻ.ഐ.എ. ഈ ഡോക്ടറെ അറസ്റ്റുചെയ്തത്. തിഹാർ ജയിലിലുള്ള ഒരു ഭീകരനടക്കം ഐ.എസ്. ഭീകരരുമായി ഡോക്ടർക്ക് ബന്ധമുണ്ടെന്നും എൻ.ഐ.എ. സംശയിക്കുന്നു.

ഡോക്ടറെ പിടികൂടിയതിനുപിന്നാലെ ഡൽഹിയിൽ അബു യൂസഫ് പിടിയിലായതും തമ്മിലുള്ള ബന്ധം പോലീസ് വൃത്തങ്ങൾ തള്ളിക്കളയുന്നില്ല. എന്നാൽ, ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

തലസ്ഥാനത്തും നോയിഡയിലും അതിജാഗ്രത

ന്യൂഡൽഹി: വൻസ്ഫോടനമാണ് ഐ.എസ്. ആസൂത്രണംചെയ്തതെന്നു വ്യക്തമായതോടെ തലസ്ഥാനനഗരത്തിലും നോയിഡയിലും കനത്ത പോലീസ് സുരക്ഷ. ഡൽഹിയിൽനിന്നുള്ള ഓരോ വാഹനങ്ങളും വിശദമായി പരിശോധിച്ച ശേഷമേ കടത്തിവിടുന്നുള്ളൂ. ഗൗതം ബുദ്ധ് നഗറിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചതായി നോയിഡ ഡെപ്യൂട്ടി കമ്മിഷണർ രാജേഷ് എസ്. അറിയിച്ചു.

ഡൽഹി-യു.പി. അതിർത്തിയിൽ കർശനമായ പരിശോധന നടത്താൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരെ നിയോഗിച്ചു. ഇനിയുള്ള ദിവസങ്ങളിൽ കർശന നിരീക്ഷണത്തിലാവും അതിർത്തിയെന്നും പോലീസ് അറിയിച്ചു. പിടിയിലായ ഭീകരൻ ചാവേർസ്ഫോടനത്തിനും പദ്ധതിയിട്ടതായി വിവരം ലഭിച്ചതോടെ അതിജാഗ്രതയിലാണ് സുരക്ഷാസേന.

ഗാസിയാബാദിൽനിന്ന് മോഷ്ടിച്ച ബൈക്കാണ് അബു യൂസഫ് ഉപയോഗിച്ചതെന്നാണ് പോലീസിനുകിട്ടിയിട്ടുള്ള വിവരം. ഇയാളെ പിടികൂടിയതിനു പിന്നാലെ, ഡൽഹിക്കുപുറമേ ഗാസിയാബാദിലും ഉത്തരാഖണ്ഡിലുമൊക്കെ വ്യാപകമായി റെയ്‌ഡു നടന്നു. ആറിടത്തു പരിശോധന നടത്തിയെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഡൽഹിയിൽ അക്രമണം നടത്താൻ ഒറ്റയ്ക്കാണ് അബു യൂസഫ് വന്നതെങ്കിലും ഇയാൾക്ക് കൂട്ടാളികളുണ്ടാവാമെന്ന നിഗമനത്തിലാണ് പോലീസ് സംഘം.

ബൽറാംപുരിലും പോലീസുകാരെത്തി ഗ്രാമവാസികളെ ചോദ്യംചെയ്തു. വലിയ പോലീസ് സന്നാഹത്തിലാണ് ഈ പ്രദേശം. ബുദ്ധജയന്തി പാർക്കിലെത്തിയ എൻ.എസ്.ജി. സ്ക്വാഡുകൾ പ്രദേശത്തു വ്യാപകമായി തിരച്ചിൽ നടത്തി. ബോംബ് നിർവീര്യമാക്കാനുള്ള റോബോട്ടിക് സാങ്കേതികവിദ്യയും അവരുടെ പക്കലുണ്ടായിരുന്നു. യൂണിഫോമിലുള്ള ഉദ്യോഗസ്ഥർക്കുപുറമേ, സാധാരണവേഷങ്ങളിലുള്ള കമാൻഡോകളും പ്രദേശത്തു പരിശോധന നടത്താനെത്തി.

തലസ്ഥാനത്ത് മാർക്കറ്റുകളിലും തന്ത്രപ്രധാന മേഖലകളിലുമൊക്കെ കർശനനിരീക്ഷണം ഏർപ്പെടുത്താൻ ആഭ്യന്തരമന്ത്രാലയം നിർദേശിച്ചതായി അറിയുന്നു. ഡൽഹി പോലീസ് സംഘം വിവിധ പ്രദേശങ്ങളിൽ പട്രോളിങ് ശക്തമാക്കും. ഡൽഹിക്കും നോയിഡയ്ക്കും പുറമേ, അയോധ്യയിലും സമീപപ്രദേശങ്ങളിലുമൊക്കെ കനത്ത കാവൽ ഏർപ്പെടുത്തി.

Content Highlights:isis terrorist caught by delhi police special cell