ഡബ്ലിന്‍: ഒരു ചൂണ്ടയും അതിന്റെ കവറും കണ്ടെത്താനുള്ള തത്രപ്പാടിലാണ് അയര്‍ലന്‍ഡിലെ ക്രിമിനല്‍ അസറ്റ്‌സ് ബ്യൂറോയും പോലീസും. മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന ഒരു ചൂണ്ടയ്ക്ക് പിന്നില്‍ എന്താണിത്ര കാര്യമെന്നാകും ആരുടെയും സംശയം. പക്ഷേ, അയര്‍ലന്‍ഡിലെ ഒരു മയക്കുമരുന്ന് വിതരണക്കാരന്റെ കോടിക്കണക്കിന് രൂപയുടെ സമ്പത്തിന്റെ 'താക്കോലാണ്' ഈ ചൂണ്ടയിലുള്ളത്. 

ഡബ്ലിന്‍ സ്വദേശിയായ ക്ലിഫ്ടണ്‍ കോളിന്‍സിന്റെ ചൂണ്ടയ്ക്ക് വേണ്ടിയാണ് അയര്‍ലന്‍ഡിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പരക്കംപായുന്നത്. മയക്കുമരുന്ന് വിതരണക്കാരനായ കോളിന്‍സ് തന്റെ ബിറ്റ്‌കോയിന്‍ സമ്പാദ്യത്തിന്റെ രഹസ്യകോഡുകളെല്ലാം ഈ ചൂണ്ടയിലാണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ കഞ്ചാവുമായി കോളിന്‍സ് പിടിയിലായതോടെ ഈ ചൂണ്ടയുടെ കാര്യവും ' തീരുമാനമായി' . 

കോളിന്‍സിനെ പോലീസ് പിടിച്ചതോടെ അദ്ദേഹത്തിന്റെ വീട്ടുടമ കോളിന്‍സിന്റെ എല്ലാ സാധനസാമഗ്രഹികളും വീട്ടില്‍നിന്ന് ഒഴിവാക്കിയിരുന്നു. രഹസ്യകോഡ് എഴുതിയ ചൂണ്ടയും ഇതിലുണ്ടായിരുന്നു. കൗണ്ടി ഗാല്‍വേയിലെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്താണ് ഇതെല്ലാം ഉപേക്ഷിച്ചത്. എന്നാല്‍ ഇവിടത്തെ ജീവനക്കാരെ ചോദ്യംചെയ്തപ്പോഴാണ് കാര്യങ്ങള്‍ ഏറെ കുഴഞ്ഞത്. കൗണ്ടി ഗാല്‍വേയിലെ മാലിന്യങ്ങളെല്ലാം ജര്‍മനിയിലേക്കും ചൈനയിലേക്കും അയച്ചെന്നായിരുന്നു ഇവരുടെ മൊഴി. ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത ചൂണ്ടയും ഇക്കൂട്ടത്തില്‍പ്പെട്ടുകാണുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Read Also: ആരെയും അമ്പരപ്പിക്കുന്ന ബിന്‍സയുടെ ആഡംബരജീവിതം; വീട്ടുജോലിക്കെത്തിയ യുവതിയെയും ഇരയാക്കി

12 അക്കൗണ്ടുകളിലായി 55 മില്യണ്‍ യൂറോ മൂല്യമുള്ള(ഏകദേശം 428.87 കോടി രൂപ) ബിറ്റ്‌കോയിന്‍ സമ്പാദ്യമാണ് കോളിന്‍സുണ്ടായിരുന്നത്. ബിറ്റ്‌കോയിന്‍ സമ്പാദ്യം ആരെങ്കിലും ഹാക്ക് ചെയ്യുമോ എന്ന ഭയംകാരണമാണ് കോളിന്‍സ് 12 അക്കൗണ്ടുകളിലായി ഇത് സൂക്ഷിച്ചിരുന്നത്. ഈ അക്കൗണ്ടുകളുടെയെല്ലാം രഹസ്യകോഡ് നഷ്ടപ്പെടാതിരിക്കാന്‍ ഒരു കടലാസില്‍ പ്രിന്റ് എടുത്ത് ചൂണ്ടയുടെ കവറില്‍ സൂക്ഷിക്കുകയും ചെയ്തു. എന്നാല്‍ 2017 ല്‍ കഞ്ചാവുമായി പോലീസ് പിടിച്ചതോടെ കാര്യങ്ങള്‍ തകിടംമറിയുകയായിരുന്നു.  

ഡബ്ലിനിലെ ഒരു സുരക്ഷാ ജീവനക്കാരനായിരുന്ന കോളിന്‍സ് മയക്കുമരുന്ന് വിതരണത്തിലേക്ക് ചുവടുമാറ്റിയതോടെയാണ് വന്‍ സമ്പത്ത് നേടിയത്. വന്‍ തോതിലുള്ള മയക്കുമരുന്ന് വില്‍പ്പനയിലൂടെ കോടികള്‍ സമ്പാദിച്ച ഇയാള്‍ സമ്പത്തെല്ലാം ബിറ്റ്‌കോയിനായാണ് സൂക്ഷിച്ചിരുന്നത്. ഒരു ചെറുവിമാനം വരെ കോളിന്‍സിന് സ്വന്തമായി ഉണ്ടായിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അതേസമയം, ഇയാളുടെ കൈവശമുണ്ടായിരുന്ന 1.5 മില്യണ്‍ യൂറോ (11 കോടിയോളം രൂപ) മൂല്യം വരുന്ന ബിറ്റ്‌കോയിന്‍ സമ്പാദ്യം പോലീസിന് പിടിച്ചെടുക്കാനായിട്ടുണ്ട്. പണമായി സൂക്ഷിച്ചിരുന്ന ഒരു ലക്ഷം യൂറോയും(ഏകദേശം 78 ലക്ഷം രൂപ) പോലീസ് കോളിന്‍സില്‍നിന്ന് പിടിച്ചെടുത്തു. 

Content Highlights: irish drug dealer loses secret codes for his huge bitcoin fortune