കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പു നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍നിന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ചിത്രങ്ങളില്‍ പുറത്തുവിടാത്ത 'ഉന്നത സാന്നിധ്യം'. പിടിച്ചെടുത്തതില്‍ ഏതാനും ചിലരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ രാഷ്ട്രീയ-സിനിമ-സാമൂഹിക മേഖലകളിലെ ഉന്നതരുടെ ചിത്രങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന.

അന്തര്‍ദേശീയ തലത്തില്‍ ഉന്നത ബന്ധങ്ങള്‍ ഉള്ള ആളാണ് മോന്‍സണ്‍. ക്രൈംബ്രാഞ്ച് സംഘം മോന്‍സണില്‍നിന്നു പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ് എന്നിവയില്‍ നിന്നു കണ്ടെടുത്തതില്‍ നിരവധി ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങളുണ്ട്. ഇതില്‍ 'തിരഞ്ഞെടുത്തവ' മാത്രമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. മോന്‍സണെ ഇപ്പോള്‍ അറസ്റ്റ് ചെയ്തതുപോലും ഏതോ 'വലിയ സംഭവം' മറച്ചുപിടിക്കാനെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. ചിലരുടെ മാത്രം ചിത്രങ്ങള്‍ പുറത്തുവന്നതിലൂടെ സമ്മര്‍ദതന്ത്രം പയറ്റുകയാണ് അന്വേഷണ സംഘമെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നു.

തട്ടിപ്പ് തുടങ്ങിയത് രാജകുമാരിയില്‍

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുകളുടെ തുടക്കം രാജകുമാരിയില്‍ നിന്നാണെന്ന് പൊതുപ്രവര്‍ത്തകന്‍. 1994-95 കാലഘട്ടത്തില്‍ സെക്കന്‍ഡ് ഹാന്‍ഡ് ടി.വിയും കാറുമൊക്കെ നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്.അരുണ്‍ പറയുന്നത്. ഇക്കാര്യം അന്ന് ആരും പരാതിപ്പെട്ടിട്ടില്ലെന്നും ഇതും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 1994-95 കാലഘട്ടത്തില്‍ ഭാര്യയ്ക്ക് രാജകുമാരിയിലെ സ്വകാര്യസ്‌കൂളില്‍ സ്ഥലമാറ്റം കിട്ടിയതോടെയാണ് മോന്‍സണും ഇവിടെ എത്തിയത്.

രാജകുമാരി ടൗണിനോട് ചേര്‍ന്ന് വികാസ് ഗാര്‍ഡന്‍ കോളനിയില്‍ ഇവര്‍ സ്ഥലംവാങ്ങി വീട് നിര്‍മിച്ചു. മോന്‍സണ്‍ പിന്നീട് പഞ്ചായത്ത് ഓഫീസിന് സമീപത്തായി ചെയിന്‍ സര്‍വേ സ്‌കൂള്‍ ആരംഭിച്ചു. ഹൈറേഞ്ചില്‍ ടെലിവിഷനുകള്‍ വിരളമായിരുന്ന ഇക്കാലത്ത് സെക്കന്‍ഡ് ഹാന്‍ഡ് ടെലിവിഷന്‍ സെറ്റുകള്‍ എത്തിച്ചു വില്‍പ്പന ആരംഭിച്ചു. ടെലിവിഷനുകള്‍ എത്തിച്ചുനല്‍കാം എന്ന പേരില്‍ പലരില്‍നിന്നും പണം തട്ടിയെടുത്തിരുന്നതായി പൊതുപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

'ഹിറ്റ്ലര്‍ക്ക് അകമ്പടിപോയ ജീപ്പും' വില്‍പ്പനയ്ക്ക്

രണ്ടാം ലോകയുദ്ധത്തില്‍ ഉപയോഗിച്ച വില്ലീസ് ജീപ്പ് ഉണ്ടെന്നറിഞ്ഞാണ് ആലപ്പുഴയിലെ ഒരു പ്രമുഖ ഡോക്ടര്‍ മോന്‍സണെ കാണാന്‍ അഞ്ചുവര്‍ഷം മുമ്പ് ചേര്‍ത്തലയിലെത്തിയത്. പഴയ വസ്തുക്കളോടുള്ള കമ്പമായിരുന്നു കാരണം. ഹിറ്റ്‌ലര്‍ക്ക് അകമ്പടിപോയ ജീപ്പാണെന്നും അതില്‍ മിസൈല്‍ വീണിട്ടുണ്ടെന്നുമെല്ലാം അന്ന് മോന്‍സണ്‍ അവകാശപ്പെട്ടു. വലിയ വിലയും പറഞ്ഞു. ജീപ്പുകണ്ട ഡോക്ടര്‍ ഞെട്ടി. 1985-ലെ ഒരു മഹീന്ദ്ര ജീപ്പില്‍ രൂപമാറ്റം വരുത്തിയതാണെന്നു മനസ്സിലാക്കിയ ഡോക്ടര്‍ വേഗം സ്ഥലംവിട്ടു.

പോലീസ് ജീപ്പിന് മോന്‍സന്റെ എ.സി.

മോന്‍സണുമായുള്ള ബന്ധത്തില്‍ മുഖംനഷ്ടപ്പെട്ട് പോലീസ്. രണ്ടുവര്‍ഷം മുമ്പു മോന്‍സണ്‍ കോടികളിറക്കി നടത്തിയ പള്ളിപ്പെരുന്നാളിനു പിന്നാലെ പോലീസ് ജീപ്പുകള്‍ക്ക് എ.സി. ഘടിപ്പിച്ചു നല്‍കിയതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ചേര്‍ത്തലയ്ക്കു സമീപമുള്ള ഒരു സ്റ്റേഷനിലേക്കാണു നല്‍കിയത്. ഇത് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. മോന്‍സണ്‍ സംഭവം പുറത്തുവരുന്നതിനു മുമ്പുതന്നെ ചേര്‍ത്തലയിലെ പോലീസിനെതിരേ സി.പി.എം. പ്രാദേശികനേതൃത്വം സര്‍ക്കാരിനോടു പരാതിപ്പെട്ടിരുന്നു. മോശം പെരുമാറ്റവും അഴിമതിയുമാണ് ചൂണ്ടിക്കാട്ടിയത്. നിലവിലെ സാഹചര്യത്തില്‍ വിമര്‍ശനം കടുത്തിട്ടുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ നടത്തിയ വിവാഹനിശ്ചയച്ചടങ്ങില്‍ പോലീസ് സുരക്ഷയൊരുക്കിയെന്ന വിമര്‍ശനമാണ് ഒടുവിലത്തേത്. ആഘോഷങ്ങളില്‍ ഇവര്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കിളിമാനൂരില്‍ കോടികള്‍ തട്ടിയ സന്തോഷ് മോണ്‍സന്റെ കൂട്ടാളി

പുരാവസ്തു ശേഖരത്തിന്റെ മറവില്‍ 10 വര്‍ഷം മുമ്പ് കിളിമാനൂരില്‍നിന്ന് രണ്ട് കോടിയിലധികം തട്ടിച്ച് മുങ്ങിയ സന്തോഷിന് മോന്‍സണ്‍ മാവുങ്കലുമായി അടുത്തബന്ധം. കിളിമാനൂര്‍ പോങ്ങനാട് ഗവ. ഹൈസ്‌കൂളിനു സമീപം നെടുവിളവീട്ടില്‍ സന്തോഷാണ് നാട്ടുകാരില്‍നിന്ന് വന്‍തുക തട്ടി മുങ്ങിയത്. മോന്‍സണ്‍ അറസ്റ്റിലായതോടെ സന്തോഷിന് ഇയാളുമായുള്ള ബന്ധം പുറത്തായി. വീട്ടില്‍ ശേഖരിച്ചിരുന്ന പുരാവസ്തുക്കള്‍ കാട്ടി ആളുകളെ വിശ്വസിപ്പിച്ചാണു സന്തോഷ് പലരില്‍നിന്നും പണംവാങ്ങിയത്.

Content Highlights: Investigation on Monson Mavunkal’s ties with top personalities