ത് സമര്‍ത്ഥനായ കുറ്റവാളിയും തോറ്റ് പോകുന്ന ചില നിമിഷങ്ങളുണ്ട്. തിന്മക്ക് മുകളില്‍ നന്മയുടെ വെളിച്ചം വിതറാന്‍ ദൈവം കൈയ്യൊപ്പ് ചാര്‍ത്തുന്ന ചില നിമിഷങ്ങള്‍ , അത്തരം സാഹചര്യങ്ങളില്‍ കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കാന്‍ പല്ലോ മറ്റനുബന്ധ അവയവങ്ങളോ കാരണമാകാറുണ്ട്. 
   
കുറ്റാന്വേഷണ സിനിമകള്‍ കണ്ടുവളര്‍ന്ന ഇന്നത്തെ തലമുറക്ക് സുപരിചിതമായ വാക്കാണ് വിരലടയാളം അഥവാ ഫിംഗര്‍ പ്രിന്റ് . എന്നാല്‍ ചുണ്ടടയാളം അഥവാ ലിപ് പ്രിന്റ് എന്ന് കേട്ടവര്‍ വളരെ ചുരുക്കമായിരിക്കും . വിരലടയാളം പോലെ തന്നെ നമ്മുടെ ചുണ്ടിലെ ചുളിവുകളും മടക്കുകളും സൃഷ്ടിക്കുന്ന അടയാളമാണ് ചുണ്ടടയാളം . വിരലടയാളം പോലെ തന്നെ ഇത് ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. കുറ്റവാളി എന്ന് സംശയിക്കപ്പെടുന്ന വ്യക്തിയുടെ ലിപ് പ്രിന്റും കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച ലിപ് പ്രിന്റും താരതമ്യം ചെയ്ത് നിഷ്പ്രയാസം കുറ്റവാളിയെ കണ്ടെത്താം 
 
ഇതുപോലെ മറ്റൊന്നാണ് കടി അടയാളം അഥവാ ബൈറ്റ് മാര്‍ക്ക് . നമ്മള്‍ ഒരു വസ്തുവില്‍ കടിക്കുമ്പോള്‍  ഉണ്ടാകുന്ന പാടുകളെയാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത് . ലൈംഗിക അതിക്രമങ്ങള്‍, കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തുടങ്ങിയ കേസുകളില്‍  പ്രതിയുടെയോ ഇരയുടെയോ ദേഹത്ത് ഇത്തരത്തിലുള്ള പാടുകള്‍ കണ്ടെത്താം.  അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഈ പാടുകള്‍ കടിച്ച പാടുകള്‍ തന്നെയാണോ അതോ  മറ്റേതെങ്കിലും കാരണം കൊണ്ടുണ്ടായതാണോ എന്നത് ആദ്യം ഉറപ്പ് വരുത്തണം .ഇനി കടിച്ച പാടാണെങ്കില്‍ അത് മനുഷ്യന്‍ കടിച്ചതാണോ അതോ മറ്റേതെങ്കിലും ജീവി കടിച്ചതാണോ എന്നും ഉറപ്പ് വരുത്തണം. മനുഷ്യന്‍ കടിച്ചതാണെങ്കില്‍  കടിച്ച പാട് നോക്കി കടിച്ചയാള്‍ ആണാണോ പെണ്ണാണോ എന്നും അയാള്‍ക്ക് എന്ത് പ്രായം വരും എന്നും കണ്ടെത്താന്‍ സാധിക്കും . അത് പോലെ കടിച്ച പാടിന്റെ പഴക്കം നോക്കി കുറ്റകൃത്യം നടന്നത് ഏകദേശം എത്ര നാള്‍ മുമ്പാണെന്ന് മനസ്സിലാക്കാനും സാധിക്കും. ഇനി കടിച്ച പാടുകള്‍ക്ക് സാധരണ ആളുകള്‍ക്കില്ലാത്ത എന്തെങ്കിലും പ്രത്യേകത ഉണ്ടോ എന്ന് നോക്കുക, അതായത് മുന്‍ പല്ലുകള്‍ക്കിടയില്‍ വിടവോ ഏതെങ്കിലും പല്ലുകള്‍ പൊട്ടിയോ ഇരിക്കുന്നുണ്ടെങ്കില്‍  അതുവെച്ച് പ്രതിയെന്ന് സംശയിക്കപ്പെടുന്ന ആളുകളില്‍ നിന്ന് പ്രതിയെ പെട്ടെന്ന് കണ്ടെത്താം. ഇനി ഇരയുടെ ദേഹത്തുനിന്ന് ലഭിക്കുന്ന പാടുകള്‍ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ കടിക്കുമ്പോഴുണ്ടാകുന്ന പാടുമായി താരതമ്യം ചെയ്ത് അയാള്‍ പ്രതിയാണോ അല്ലയോ എന്ന് ഉറപ്പിക്കുകയും ചെയ്യാം .

കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിക്കുന്നത് പല്ലോ പല്ലിന്റെ കഷണങ്ങളോ ആണെങ്കില്‍ അതില്‍ നിന്ന് പ്രതി ആണാണോ പെണ്ണാണോ എന്നും അതോടൊപ്പം തന്നെ പ്രതിയുടെ ഏകദേശപ്രായം എത്രയാണെന്നും കണ്ടെത്താം. അതുമല്ലെങ്കില്‍ പല്ലിനകത്തെ ഡി.എന്‍.എ വേര്‍തിരിച്ചെടുത്ത് ഡി.എന്‍.എ.  ടെസ്റ്റ് നടത്തുകയും ചെയ്യാം

കുറ്റകൃത്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ വെടിക്കെട്ടപകടം പോലെ ഒരുപാടാളുകള്‍ തിരിച്ചറിയാനാവാത്തവിധം മരണപ്പെട്ടാല്‍ അവിടെയും മരണപ്പെട്ട ആളുകളെ തിരിച്ചറിയുന്നതിന് ഇത്തരത്തില്‍ പല്ല് ഉപയോഗിക്കാം. നിസ്സാരമെന്ന് തള്ളി കളയുന്ന പല്ലും മറ്റനുബന്ധ അവയവങ്ങളും ഇത്തരത്തില്‍ പല പ്രമാദമായ കേസുകളിലും നിര്‍ണായക തെളിവായി മാറിയിട്ടുണ്ട് .

(ദന്തരോഗ വിദഗ്ധനും ചീഫ് ഡെന്റല്‍ സര്‍ജനുമാണ് ലേഖകന്‍)

 

Content Highlights: influence of lip print and bite mark during a crime investigation