അടിമാലി(ഇടുക്കി): നാട്ടുകാരുടേയും ബന്ധുക്കളുടേയും മക്കളുടേയും അവസരോചിതമായ ഇടപെടലാണ് പോലീസ് അലംഭാവം കാണിച്ചിട്ടും പണിക്കന്‍കുടിയിലെ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ വഴിത്തിരിവായത്. പ്രതിയെന്ന് സംശയിക്കുന്ന ബിനോയിയുടെ വീടിനുള്ളില്‍തന്നെ സിന്ധുവിന്റെ മൃതദേഹമുണ്ടാകുമെന്ന ഇവരുടെ നിഗമനമാണ് സംഭവത്തില്‍ നിര്‍ണായകമായത്. 

അടുക്കളയില്‍ നിര്‍മാണപ്രവൃത്തികള്‍ നടന്നിട്ടുണ്ടെന്ന് സിന്ധുവിന്റെ ഇളയമകന്‍ തുടക്കത്തിലേ പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ സംശയം ആറാംക്ലാസുകാരന്‍ മറ്റ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, മരിച്ച സിന്ധുവിന്റെ മക്കളും സഹോദരനും സുഹൃത്തുക്കളും വെള്ളിയാഴ്ച രാവിലെ ബിനോയിയുടെ പണിക്കന്‍ കുടിയിലെ വീട്ടിലെത്തി. 

മണ്‍കട്ടകൊണ്ട് നിര്‍മിച്ചതാണ് വീട്. വലിയ അടച്ചുറപ്പില്ല. അടുക്കള വാതില്‍ തുണികൊണ്ട് കെട്ടിവെച്ചിരിക്കുകയായിരുന്നു. സിന്ധുവിന്റെ ഇളയമകന്‍ പറഞ്ഞത് പ്രകാരം അടുക്കളയുടെ തറ ഇവര്‍ പൊളിക്കുകയായിരുന്നു. കൈക്കോട്ട് ഉപയോഗിച്ച് മണ്ണ് നീക്കി. ഒരുമണിക്കൂറോളം മണ്ണ് നീക്കിയതോടെ മൃതദേഹത്തിലെ തലമുടി കണ്ടെത്തി. ഒരുകൈ മുകളിലേക്ക് ഉയര്‍ന്ന നിലയിലായിരുന്നു. ബന്ധുക്കളും നാട്ടുകാരും മൃതദേഹം സിന്ധുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. 

സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അടുക്കളത്തറയില്‍ കുഴിച്ചുമൂടി അടുക്കളയുടെ തറ പുനര്‍നിര്‍മിച്ചെന്നാണ് നിഗമനം. പിന്നീട് തറയില്‍ ചാരം വിതറി പഴയ തറയാണെന്ന് വരുത്തി. ഇളയമകന്‍ വീട്ടില്‍ വന്നപ്പോള്‍തന്നെ അടുക്കളത്തറയുടെ രൂപം മാറിയിരിക്കുന്നതായി മനസ്സിലാക്കിയിരുന്നു. ഇത് ബിനോയിയോട് കുട്ടി ചോദിച്ചപ്പോള്‍ ഇയാള്‍ ക്ഷുഭിതനായി. ഇതാണ് സംശയം ജനിപ്പിക്കാന്‍ ഇടയാക്കിയത്.

എന്താണ് സംഭവിച്ചത്, അടിമുടി ദുരൂഹത...

അതേസമയം, സിന്ധുവിനെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് ഇതുവരെ വ്യക്തമല്ല. ബിനോയ് ഒറ്റയ്ക്കാണോ കൃത്യം നടത്തിയതെന്ന ചോദ്യവും ബാക്കിനില്‍ക്കുന്നു. സിന്ധുവിനെ കാണാതായത് മുതല്‍ ബിനോയിയുടെ പെരുമാറ്റത്തിലും സംശയത്തിലും ഉണ്ടായ മാറ്റങ്ങളാണ് ഇയാളെ സംശയിക്കാന്‍ കാരണം. 

ഓഗസ്റ്റ് 12 മുതലാണ് സിന്ധുവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഇതിന് രണ്ടുദിവസം മുമ്പ് ബിനോയ് സിന്ധുവിന്റെ ഇളയമകനെ സഹോദരിയുടെ വീട്ടില്‍ കൊണ്ടാക്കിയിരുന്നു. രണ്ടുദിവസം കഴിഞ്ഞ് ഓഗസ്റ്റ് 13-ാം തീയതിയാണ് മകനെ തിരികെകൊണ്ടുവന്നത്. തിരികെവന്നയുടന്‍ അമ്മ എവിടെയെന്നാണ് മകന്‍ ചോദിച്ചത്. അമ്മ അവിടെ എവിടെയെങ്കിലും കാണുമെന്നായിരുന്നു ബിനോയിയുടെ മറുപടി. ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ കുട്ടിയെ വഴക്കുപറയുകയും ചെയ്തു. 

IDUKKI SINDHU MURDER
സിന്ധുവിന്റെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ ബിനോയിയുടെ വീട് | ഫോട്ടോ: മാതൃഭൂമി

വീട്ടില്‍ തിരികെ വന്നയുടന്‍ അടുക്കളയില്‍ കണ്ട ചില മാറ്റങ്ങള്‍ ആറാംക്ലാസുകാരന്‍ ശ്രദ്ധിച്ചിരുന്നു. ഇതേക്കുറിച്ച് ചാച്ചയെന്ന് വിളിച്ചിരുന്ന ബിനോയിയോട് ചോദിക്കുകയും ചെയ്തു. ഒപ്പം അമ്മ എവിടെപ്പോയെന്ന ചോദ്യവും ആവര്‍ത്തിച്ചു. ഇതിനെല്ലാം ദേഷ്യപ്പെട്ടാണ് ബിനോയ് മറുപടി നല്‍കിയത്. തുടര്‍ന്നാണ് തനിക്ക് തോന്നിയ സംശയങ്ങള്‍ ആറാംക്ലാസുകാരന്‍ അമ്മാവനോട് പറഞ്ഞത്. വീട്ടില്‍ എന്തെക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അടുക്കള പഴയപോലയല്ലെന്നും കുട്ടി തറപ്പിച്ചുപറഞ്ഞു. 

ആരുമായി ബന്ധമില്ല, പോലീസ് നായ വന്നിട്ടും തുമ്പ് ലഭിച്ചില്ല...

കുട്ടിയുടെ സംശയത്തെ തുടര്‍ന്ന് പോലീസ് സംഘം ഒരാഴ്ച മുമ്പ് ബിനോയിയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. അടുക്കളയിലും വിശദമായ പരിശോധന നടത്തി. പോലീസ് നായയും വന്നു. എന്നാല്‍ ഈ പരിശോധനയിലൊന്നും സംശയിക്കത്തക്കതായ ഒന്നും കണ്ടെത്താനായില്ലെന്നായിരുന്നു പോലീസിന്റെ പ്രതികരണം. പുക പിടിച്ചുകിടക്കുന്ന അടുക്കളയില്‍ നിര്‍മാണം നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും പോലീസ് പറഞ്ഞിരുന്നു. 

അയല്‍ക്കാരുമായി വലിയ അടുപ്പമില്ലാതെയാണ് സിന്ധുവും ബിനോയിയും താമസിച്ചിരുന്നത്. ഇവരുടെ വീടിനകം കണ്ട അയല്‍ക്കാരും ബന്ധുക്കളും ചുരുക്കമാണ്. അതിനാല്‍തന്നെ വീടിന്റെ അടുക്കള നേരത്തെ എങ്ങനെയായിരുന്നുവെന്ന് ആരും കണ്ടിരുന്നില്ല. എന്നാല്‍ അടുക്കളയില്‍ മാറ്റങ്ങളുണ്ടെന്ന് കുട്ടി തറപ്പിച്ചുപറഞ്ഞതോടെ സിന്ധുവിന്റെ ബന്ധുക്കളും നാട്ടുകാരും വീടിനകത്ത് പരിശോധന നടത്തുകയായിരുന്നു. 

സിന്ധു താമസത്തിനെത്തിയത് അഞ്ചുവര്‍ഷം മുന്‍പ്

പണിക്കന്‍കുടിയില്‍ കൊല്ലപ്പെട്ട കാമാക്ഷി സ്വദേശിനി സിന്ധു ഇവിടെ എത്തിയത് അഞ്ചുവര്‍ഷം മുന്‍പാണ്. ഏഴുവര്‍ഷം മുന്‍പ് ഇവര്‍ ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിച്ച് പണിക്കന്‍ കുടിയില്‍ എത്തുകയായിരുന്നു. സിന്ധുവിന്റെ രണ്ട് മക്കള്‍ ബന്ധുക്കളോടൊപ്പമായിരുന്നു താമസം.

IDUKKI SINDHU MURDER
മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ അടുക്കള | ഫോട്ടോ: മാതൃഭൂമി

പണിക്കന്‍ കുടിയില്‍ ബിനോയിയുടെ വീടിന് സമീപം വാടക വീട്ടിലാണ് ഇവര്‍ താമസം തുടങ്ങിയത്. അങ്ങനെ അവര്‍ പരിചയക്കാരായി. തുടര്‍ന്ന് രണ്ട് വര്‍ഷമായി ബിനോയിയുടെ വീട്ടിലാണ് സിന്ധുവും ഇളയ മകനും താമസിച്ചത്. ഇവര്‍ തമ്മില്‍ അടുത്തിടെ സ്ഥിരമായി വഴക്കും, അഭിപ്രായ വ്യത്യാസവും ഉണ്ടായിരുന്നതായി നാട്ടുകാരും ബന്ധുക്കളും പറയുന്നു. ബിനോയും കുടുംബബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

പ്രതി കേരളത്തിലും തമിഴ്‌നാട്ടിലുമായി കറങ്ങിനടക്കുന്നു

പണിക്കന്‍കുടിയിലെ സിന്ധു കൊലക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ബിനോയി ഒളിയിടം നിരന്തരം മാറുന്നതായി പോലീസ്. കഴിഞ്ഞ ഓഗസ്റ്റ് 20 മുതലാണ് ബിനോയിക്കായി അന്വേഷണം തുടങ്ങിയത്. ആദ്യം ബിനോയ് രണ്ടുദിവസം തമിഴ്‌നാട്ടിലെ കമ്പത്ത് താമസിച്ചതായി മൊബൈല്‍ ടവറില്‍നിന്നും മനസ്സിലാക്കി. എന്നാല്‍, 22-ന് അവിടെ എത്തിയപ്പോള്‍ ഇയാള്‍ മധുരയിലെത്തി. തമിഴ്‌നാട്ടില്‍ മൂന്നുദിവസം വെള്ളത്തൂവല്‍ പോലീസ് പരിശോധന നടത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല. ബിനോയി തന്റെ സിം കാര്‍ഡ് ഉപേക്ഷിച്ചു. എന്നാല്‍, ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ഉപയോഗിച്ചാണ് പോലീസ് ലൊക്കേഷന്‍ മനസ്സിലാക്കുന്നത്. ഈ മാസം ഒന്നിന് ഇയാള്‍ പൊള്ളാച്ചിയില്‍ ഉണ്ടായിരുന്നു. അടുത്ത ദിവസം ടവര്‍ ലൊക്കേഷന്‍ തൃശ്ശൂരാണ്. സംഭവത്തിന് ശേഷം ബിനോയി കേരളത്തിലും തമിഴ്‌നാട്ടിലുമായി കറങ്ങി നടക്കുന്നതായാണ് പോലീസിന്റെ സംശയം. അതേസമയം, ഫോണ്‍ മറ്റുവാഹനത്തില്‍ ഉപേക്ഷിച്ച് ദൃശ്യം മോഡലില്‍ പോലീസിനെ കബളിപ്പിക്കുകയാണെന്ന സംശയവുമുണ്ട്. 

മൃതദേഹം പുറത്തെടുത്തു, വിദഗ്ധ പരിശോധന...

സിന്ധുവിന്റെ മൃതദേഹം ശനിയാഴ്ച ഫൊറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തിലാണ് പുറത്തെടുത്തത്. ഇനി വിശദമായ പോസ്റ്റ്‌മോര്‍ട്ടവും ഫൊറന്‍സിക് പരിശോധനയും നടത്തും. ശനിയാഴ്ച രാവിലെ മുതല്‍ പ്രദേശത്ത് കനത്ത മഴയായതിനാല്‍ മൃതദേഹം പുറത്തെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും വൈകിയിരുന്നു. 

അന്വേഷണത്തില്‍ അലംഭാവമെന്ന് ബന്ധുക്കള്‍

സിന്ധുവിന്റെ കൊലപാതകത്തില്‍ പോലീസിനെതിരേ ആക്ഷേപവുമായി ബന്ധുക്കള്‍ രംഗത്ത്. ബിനോയിയുടെ വീടിന്റെ തറയില്‍ നിര്‍മാണം നടന്നിട്ടുണ്ടെന്നും ചാരം വിതറിയെന്നുമുള്ള ഇളയ കുട്ടിയുടെ മൊഴി പോലീസ് മുഖവിലക്കെടുത്തില്ലെന്നാണ് ആക്ഷേപം.

ഇത് മൃതദേഹം കണ്ടെത്താന്‍ താമസമുണ്ടാക്കിയെന്നും, പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയെന്നും ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ മാസം 12-മുതലാണ് സിന്ധുവിനെ കാണാതായത്. ബിനോയിയുടെ വീട്ടില്‍ പോലീസ് നായയെ കൊണ്ടുവന്നതായി പോലീസ് പറയുന്നുണ്ട്. എന്നാല്‍, വ്യക്തമായി പരിശോധിച്ചില്ല. 15-ന് സിന്ധുവിന്റെ മാതാവ് വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കി. 16 മുതലാണ് ബിനോയിയെ കാണാതായത്. അന്നുതന്നെ ബിനോയിയെ സംശയം ഉള്ളതായി സിന്ധുവിന്റെ മാതാവും മൊഴി നല്‍കിയതാണ്. എന്നാല്‍, ബിനോയി നാടുവിട്ടതിനുശേഷം, രാഷ്ടീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തതോടെയാണ് പോലീസ് പ്രാഥമിക അന്വേഷണത്തിന് പോലും തയ്യാറായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

Content Highlights: idukki adimali panikkankudi sindhu murder case