ആലപ്പുഴ: സിസ്റ്റര്‍ അഭയ കേസിലെ പ്രതി സിസ്റ്റര്‍ സെഫിയുമായി ബന്ധപ്പെട്ടാണ് 'ഹൈമനോ പ്ലാസ്റ്റി' എന്ന വാക്ക് മലയാളികള്‍ കേട്ടുതുടങ്ങിയത്. കന്യാചര്‍മം പുനഃസ്ഥാപിക്കുന്ന ശസ്ത്രക്രിയയാണിത്. സിസ്റ്റര്‍ സെഫി ഇതു നടത്തിയിട്ടുണ്ടെന്ന് ആലപ്പുഴയിലെ ഡോക്ടര്‍മാരാണു കണ്ടെത്തിയത്. ഈ വിഷയത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാരിലൊരാള്‍ പറഞ്ഞു.

ഈ ശസ്ത്രക്രിയയെ(ഹൈമനോ പ്ലാസ്റ്റി) പ്ലാസ്റ്റിക് സര്‍ജറിയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വിദേശത്തടക്കം ഇതു പതിവാണ്. ഛേദിക്കപ്പെട്ട ചര്‍മം ചെറിയ ശസ്ത്രക്രിയയിലൂടെ പുനഃസ്ഥാപിക്കാനാവും. പതിവായി സൈക്കിള്‍ ചവിട്ടുന്നവര്‍ക്കും കായിക പരിശീലനം നടത്തുന്നവര്‍ക്കും ഇതു സ്വാഭാവികമായി നഷ്ടപ്പെടാറുണ്ട്. ഇവയ്ക്കുപുറമെ (വിവാഹത്തിനു മുമ്പുള്ള) ലൈംഗികബന്ധത്തിലൂടെയും ചര്‍മം നഷ്ടപ്പെടാം. അത്തരം കേസുകളിലാണ് വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ കൃത്രിമചര്‍മം സ്ഥാപിക്കുന്നത്.

ചെറിയ ശസ്ത്രക്രിയ, കൂടുതല്‍ ആത്മവിശ്വാസം

പൊട്ടിയ ചര്‍മം ആദ്യ പരിശോധനയിലൂടെതന്നെ പുനഃസ്ഥാപിക്കാനാകുമോ എന്നു കണ്ടെത്താനാകും. ചര്‍മത്തിന്റെ ഭാഗം നിലനില്‍ക്കുന്നുണ്ടെന്നു കണ്ടെത്തിയാല്‍ മാത്രമേ ശസ്ത്രക്രിയ നടത്താനാകൂ.

ശസ്ത്രക്രിയ ചെയ്താലും അധികം ദിവസം ആശുപത്രിയില്‍ കഴിയേണ്ട ആവശ്യമില്ല. ശസ്ത്രക്രിയയ്ക്കു വിധേയയായിട്ടുണ്ടെങ്കില്‍ മൂന്നു മാസത്തേക്കു ലൈംഗികബന്ധം പാടില്ല. പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്ന അതിവിദഗ്ധരാണ് ശസ്ത്രക്രിയ ചെയ്യാറുള്ളത്. പല രാജ്യങ്ങളിലും ഇതു നിയമപരമായി അംഗീകരിച്ചിട്ടുണ്ട്. ചില രാജ്യങ്ങളില്‍ വിലക്കുണ്ട്.

കടപ്പാട്: ഡോ. കൃഷ്ണകുമാര്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ്, പ്ലാസ്റ്റിക് മൈക്രോവാസ്‌കുലാര്‍ ആന്‍ഡ് കോസ്‌മെറ്റിക് സര്‍ജറി, ആസ്റ്റര്‍ മെഡിസിറ്റി, കൊച്ചി)

Content Highlights: hymenoplasty surgery in abhaya case