ചിറ്റൂര്‍:  അച്ഛനും അമ്മയും മികച്ച വിദ്യാഭ്യാസം നേടിയവർ, ഇരുവരും അധ്യാപകർ, എന്നിട്ടും പുനർജനിക്കുമെന്ന് വിശ്വസിച്ച് രണ്ട് യുവതികളായ പെണ്‍മക്കളെ കുരുതി കൊടുത്ത അജ്ഞതയോര്‍ത്ത് നടുങ്ങി നില്‍ക്കുകയാണ് രാജ്യം. ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉന്നതിയില്‍ നില്‍ക്കുന്ന കുടുംബത്തിലാണ് ഈ ക്രൂരകൊലപാതകം നടന്നത്. പുരുഷോത്തം നായിഡു- പത്മജ ദമ്പതിമാരാണ് തങ്ങളുടെ 27 ഉം 22 വയസുള്ള പെണ്‍മക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്. 

കലിയുഗം അവസാനിച്ച് തിങ്കളാഴ്ച മുതല്‍ സത്യയുഗം തുടങ്ങുകയാണെന്നും തിങ്കളാഴ്ച സൂര്യനുദിക്കുന്നതോടെ മക്കള്‍ക്ക് വീണ്ടും ജീവന്‍ ലഭിക്കുമെന്നാണ് ദമ്പതിമാര്‍ പോലീസിനോട് പറഞ്ഞത്. പോലീസ് വീട്ടിലെത്തിയപ്പോള്‍ തങ്ങള്‍ക്ക് ഒരു ദിവസത്തെ സമയം തരണമെന്നും മക്കള്‍ പുനര്‍ജ്ജനിക്കുന്നത് വരെ കാത്തിരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഏതോ മന്ത്രവാദിയുടെ വാക്കു വിശ്വസിച്ചാണ് ഇവർ ഈ കൃത്യം ചെയ്തതെന്നാണ് റിപ്പോർട്ട്. 

പുരുഷോത്തം നായിഡു  സര്‍ക്കാര്‍ വനിതാ കോളേജിലെ വൈസ് പ്രിന്‍സിപ്പൽ ആണ്. പത്മജ സ്‌കൂള്‍ പ്രിന്‍സിപ്പലും ഗണിത ശാസ്ത്രത്തില്‍ സ്വര്‍ണമെഡല്‍ നേടിയ വ്യക്തിയുമാണ്. 

സത്യയുഗത്തിൽ പുനർജനിക്കുമെന്ന് മന്ത്രവാദി; യുവതികളെ മാതാപിതാക്കൾ തലയ്ക്കടിച്ചു കൊന്നു| Read More...

കൊല്ലപ്പെട്ട മൂത്ത മകള്‍ അലേഖ്യ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ ജോലി രാജി വച്ച ശേഷം സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനുള്ള പരിശീലനത്തിലായിരുന്നു. ഇളയമകള്‍ സായ് ദിവ്യ എം.ബി.എ പൂര്‍ത്തിയാക്കിയ ശേഷം ചെന്നൈയിലെ എ.ആര്‍. റഹ്മാന്‍ സംഗീത കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു.  

ഡംബല്‍ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് അലേഖ്യയെ കൊലപ്പെടുത്തിയത്. കൊലപാതകശേഷം ഇരുവരെയും ചുവന്ന പട്ട് പുതപ്പിച്ചിരുന്നു.  അലേഖ്യയെ കൊലപ്പെടുത്തിയ ശേഷം വായില്‍ ചെറിയ ലോഹ പാത്രം വെച്ചു. ആലേഖ്യ പുനര്‍ജ്ജനിക്കാനായി സായി ദിവ്യയെ ശൂലം ഉപയോഗിച്ച് കൊലപ്പെടുത്തി. ഭര്‍ത്താവിന്റെ സഹായത്തോടെയായിരുന്നു ഇത്. 

വീട്ടില്‍ നിന്ന് അസ്വഭാവിക ശബ്ദങ്ങള്‍ കേട്ട് നാട്ടുകാര്‍ പരാതിപ്പെട്ടത് അനുസരിച്ച് പോലീസെത്തി പരിശോധിച്ചപ്പോഴാണ് കൊലപാതകം പുറം ലോകം അറിഞ്ഞത്. 

Content Highlight: Human sacrifice: Educated parents kill their daughters  in AP