കൊച്ചി: നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന് പ്രതിയെ പൊക്കി കൊച്ചി സിറ്റി പോലീസ്. ഇതിനിടയില്‍ ഇവര്‍ നേരിടേണ്ടി വന്നത് സ്വന്തം ജീവന്‍ പോലും അപകടത്തിലാവുന്ന രണ്ട് അപകടങ്ങള്‍. പ്രതിയെ പിടികൂടി തിരികെ വരുമ്പോഴാണ് രണ്ട് മലയിടിച്ചിലുകളുണ്ടായത്. ഭാഗ്യം കൊണ്ടുമാത്രമാണ് പോലീസ് സംഘം രക്ഷപ്പെട്ടത്.

എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ വിവാഹത്തട്ടിപ്പ്, പീഡനക്കേസുകളിലെ പ്രതിയെ പിടികൂടാനാണ് വെള്ളിയാഴ്ച എ.എസ്.ഐ. വിനോദ് കൃഷ്ണ, സി.പി.ഒമാരായ കെ.എസ്.സുനില്‍, കെ.സി. മഹേഷ് എന്നിവരടങ്ങിയ സംഘം ട്രെയിനിൽ പുറപ്പെട്ടത്. ഞായറാഴ്ച ഡല്‍ഹിയില്‍ എത്തിയശേഷം, അവിടെ നിന്ന് വൈകിട്ട് ഉത്തരാഖണ്ഡിലെ തനക്പൂരിലേക്ക് ട്രെയിനിൽ യാത്രയായി.

kochi police in nepal boarder
Photo: Special Arrangement

ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ കായംകുളം സ്വദേശി തമ്പി (47) ഉത്തരാഖണ്ഡ്-നേപ്പാള്‍ അതിര്‍ത്തിയായ ദാര്‍ചുലയില്‍ ആണെന്ന് അറിയുന്നത്. സമയം കളയാതെ ഒരു ടാക്സി കാര്‍ വിളിച്ച് ഇവര്‍ ഇവിടേക്ക് യാത്ര പുറപ്പെട്ടു. 237 കിലോമീറ്റര്‍ ദൂരമുള്ള ദാര്‍ചുലയിലേക്ക് പോകേണ്ടത് ഹിമാലയ പാതയിലെ ഇടുങ്ങിയ വഴികളിലൂടെ. എന്നാല്‍ അപകടത്തില്‍പ്പെടാതെ ഇവര്‍ തിങ്കളാഴ്ച രാവിലെ അതിര്‍ത്തിയിലെത്തി.  

അതിര്‍ത്തിയില്‍ സൈബല്‍ സെല്ലിന്റെ സഹായത്തോടെ തിരച്ചില്‍. ചൊവ്വാഴ്ച രാത്രിയാണ് പ്രതിയെ പൊക്കുന്നത്. കേരള പോലീസാണെന്ന് അറിയിച്ചതോടെ രാത്രി 11-നും പിത്തോര്‍ഘഡ് മജിസ്ട്രേറ്റ് നടപടികള്‍ നടത്തി നല്‍കി. 12-ന് ട്രാന്‍സിസ്റ്റ് വാറണ്ട് വാങ്ങി ഇവിടെ നിന്ന് തനക്പൂരിലേക്ക്. രാവിലെ 11-നുള്ള തനക്പൂരില്‍ നിന്നുള്ള തീവണ്ടി ലക്ഷ്യമാക്കിയായിരുന്നു യാത്ര.

കനത്ത മഴയും മണ്ണിടിച്ചിലും നേരിട്ട വഴിയിലൂടെയുള്ള യാത്രയ്ക്കിടെ ബുധനാഴ്ച രാവിലെ അഞ്ചിന് ചമ്പാവത്ത് ദോണില്‍ മലയിടിച്ചിലുണ്ടായി. കാറിന് മുന്നില്‍ മണ്ണിടിഞ്ഞ് വീണു, മുന്നിലെ ചില്ല് പൊട്ടി തകര്‍ന്നു.

മണിടിഞ്ഞ് വീണ് വാഹനങ്ങള്‍ കൊക്കയിലേക്ക് പതിക്കുന്ന ദുരന്തങ്ങള്‍ ഇവിടെയുണ്ടാകാറുണ്ട്, ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് വിനോദ് കൃഷ്ണ പറഞ്ഞു. അപകടമായതിനാല്‍ യാത്ര ചെയ്യേണ്ടെന്ന് പട്ടാളം മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്നാല്‍ രണ്ടും കല്‍പ്പിച്ച് പുറപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

റോഡിന് ഇരുവശവും നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരുമാണ് കുടുങ്ങിയത്. ഒടുവില്‍ ജെ.സി.ബി. എത്തി രാവിലെ 11 മണിക്ക് റോഡ് ശരിയാക്കി വാഹനം കടത്തിവിട്ടു. എന്നാല്‍ 15 മിനിറ്റ് യാത്ര ചെയ്യുന്നതിനിടെ വീണ്ടും മലയിടിഞ്ഞു. തനക്പുരില്‍ തീവണ്ടി നഷ്ടമായതോടെ 99.5 കിലോമീറ്റര്‍ അകലെ ഹല്‍ദ്വാനിയിലെത്തിയാണ് ഡല്‍ഹിയിലേക്ക് തീവണ്ടി പിടിച്ചത്. വ്യാഴാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു.

പിടിയിലായ പ്രതി

കലൂര്‍ അശോക റോഡിലെ യുവതിയുടെ പരാതിയിലാണ് കായംകുളം പട്ടോളി മാര്‍ക്കറ്റ് സുമാലയത്തില്‍ തമ്പി(47)യെ പിടികൂടിയത്. നേരത്തെ വിവാഹിതനായ ഇയാള്‍ ഈ കാര്യം മറച്ചുവച്ചാണ് യുവതിയെ വിവാഹം ചെയ്തത്. ഒരുവര്‍ഷം കഴിഞ്ഞാണ് യുവതി ഇക്കാര്യം അറിയുന്നത്. പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് യുവതിയെ എറണാകുളത്തെ ലോഡ്ജിലെത്തിച്ച് ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. ജൂണില്‍ യുവതി പോലീസില്‍ പരാതി നല്‍കിയതോടെ പ്രതി ഉത്തരാഖണ്ഡിലേക്ക് മുങ്ങി. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനില്‍ കഴിഞ്ഞ 26 വര്‍ഷമായി ജോലി ചെയ്യുന്നയാളാണ് തമ്പി. ഇത്ര ദൂരെ വന്ന് പോലീസ് പിടിക്കില്ലെന്ന കരുതിയാണ് ഇവിടെ ഒളിവില്‍ കഴിഞ്ഞത്.

kochi police in nepal boarder
എ.എസ്.ഐ. വിനോദ് കൃഷ്ണ / Photo: Special Arrangement

കേരളം വിട്ടുള്ള ഓപ്പറേഷനുകളില്‍ വിദഗ്ധന്‍

സംസ്ഥാനം വിട്ടുള്ള അന്വേഷണങ്ങളില്‍ പ്രതികളെ പിടികൂടുന്നതില്‍ പലവട്ടം കഴിവ് തെളിയിച്ചിട്ടുള്ളയാളാണ് എ.എസ്.ഐ. വിനോദ് കൃഷ്ണ. രാജ്യാതിര്‍ത്തിയില്‍ ഇതിന് മുമ്പും പല ഓപ്പറേഷനുകളിലും സംഘാംഗമായിരുന്നു ഇദ്ദേഹം. ബോംബ് ഭീഷണി നടത്തിയ പ്രതിയെ ഹരിയാണ അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയിരുന്നു. ഏലൂര്‍ മോഷണ കേസിലെ പ്രതിയെ സൂറത്തിലും കൊല്‍ക്കത്തയിലും നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും പിടികൂടി. പീഡന കേസ് പ്രതിയെ കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ പോയി പിടികൂടി എത്തിയതേയുള്ളു. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ഉത്തരാഖണ്ഡിലേക്ക് പുറപ്പെടുകയായിരുന്നു. വിനോദിന് ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചിരുന്നു. സംഘത്തിലെ സുനിലിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.

Content Highlights: how kochi city police team nabbed an accused from nepal boarder and their return journey