കൊച്ചി: അങ്കമാലിയിൽ സ്വകാര്യ ആശുപത്രിയിലെ മാനേജറെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിലായത് പോലീസിന്റെ കൃത്യമായ നീക്കങ്ങൾക്കൊടുവിൽ. പ്രതികളെക്കുറിച്ച് ഒരു തുമ്പ് പോലും ലഭിക്കാതിരുന്ന കേസിൽ ആശുപത്രിയിലെ ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് വഴിത്തിരിവായത്. ഒടുവിൽ അന്വേഷണം പൂർത്തിയായപ്പോൾ പിടിയിലായത് മാനേജർ ഏറെ വിശ്വസിച്ചിരുന്ന, പരിക്കേറ്റപ്പോൾ മാനേജറെ പരിചരിച്ചിരുന്ന ആശുപത്രിയിലെ ഫാർമസി എക്സിക്യൂട്ടിവായ ജിബുവും.

ആശുപത്രി മാനേജറെ വീട്ടിൽ കയറി മർദിച്ച സംഭവത്തിൽ അതേ ആശുപത്രിയിലെ ജീവനക്കാരനായ വേങ്ങൂർ ഈസ്റ്റ് സ്വദേശി ജിബു(40) ക്വട്ടേഷൻ സംഘാംഗങ്ങളായ ദേവികുളം സ്വദേശി നിഥിൻ(23) വേങ്ങൂർ വെസ്റ്റ് സ്വദേശി അമൽ(29) ഇരുമ്പനം കൊല്ലംപടി സ്വദേശി ബെൻ ബാബു(29) എന്നിവരെയാണ് അങ്കമാലി പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. മാനേജറെ മർദ്ദിക്കാൻ ജിബുവാണ് ക്വട്ടേഷൻ നൽകിയതെന്നും കാമുകിയെ ശകാരിച്ചതിന് മാനേജറോടുള്ള പകയാണ് ആക്രമണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

ഭാര്യയും കുട്ടികളുമുള്ള ജിബു 2018 വരെ കുവൈത്തിലെ ഫാർമസി സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് നാട്ടിലെത്തി അങ്കമാലിയിലെ ആശുപത്രിയിൽ ജോലിക്ക് കയറി. സഹപ്രവർത്തകയായ യുവതിയുമായി അടുപ്പത്തിലാവുകയും ചെയ്തു. ഇതിനിടെയാണ് ചെന്നൈയിൽ നിന്നെത്തിയ പുതിയ മാനേജർ ആശുപത്രിയിൽ ചുമതലയേറ്റത്. അതുവരെ ഫാർമസി കാര്യങ്ങൾ നോക്കിനടത്തിയിരുന്ന ജിബുവിന് പുതിയ മാനേജറുടെ വരവും അദ്ദേഹം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഇഷ്ടപ്പെട്ടില്ല. മാനേജറോടുള്ള പകയും വർധിച്ചു. ഇതിനിടെയാണ് കാമുകിയായ സഹപ്രവർത്തകയെ മാനേജർ ശകാരിച്ചത്. ഇക്കാര്യം കാമുകി ജിബുവിനോട് പറഞ്ഞതോടെ എങ്ങനെയും പ്രതികാരം ചെയ്യണമെന്ന വാശിയായി. സ്ഥിരമായി മദ്യപിച്ചിരുന്ന ജിബുവിന് നാട്ടിലെ ക്രിമിനൽ സംഘങ്ങളുമായി അടുപ്പമുണ്ടായിരുന്നു. ഇവരുമായി മദ്യപിക്കുന്നതിനിടെയാണ് മാനേജറെ ആക്രമിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. മറ്റ് പ്രതികളായ ക്വട്ടേഷൻ സംഘാംഗങ്ങളുമായി സെപ്റ്റംബർ 27-ന് മാനേജറെ ആക്രമിക്കാൻ തീരുമാനിച്ചു. അന്നേദിവസം മാനേജർ വീട്ടിൽ ഒറ്റയ്ക്കാണെന്ന് ജിബു സ്ഥിരീകരിച്ചിരുന്നു. കാറിൽ വീടിനടുത്തെത്തിയ ജിബു ക്വട്ടേഷൻ സംഘത്തെ അവിടെ ഇറക്കി മാനേജറുടെ വീട്ടിലേക്ക് കയറ്റിവിട്ടു. മാനേജറെ വീട്ടിൽക്കയറി മർദിച്ച ക്വട്ടേഷൻ സംഘം ഏഴ് പവന്റെ സ്വർണമാലയും കവർന്നാണ് രക്ഷപ്പെട്ടത്.

സംഭവത്തെ തുടർന്ന് പരിഭ്രമിച്ച മാനേജർ ആദ്യം പോലീസിൽ പരാതി നൽകിയിരുന്നില്ല. തുടർന്ന് ആശുപത്രി മാനേജ്മെന്റ് ഇടപെട്ടാണ് പോലീസിൽ പരാതി നൽകിയത്. ഇതിനിടെ, തന്നെക്കുറിച്ച് സംശയങ്ങൾ തോന്നാതിരിക്കാൻ ജിബു മാനേജറുടെ സുഖവിവരങ്ങൾ തിരക്കാൻ നേരിട്ടെത്തിയിരുന്നു. ആശുപത്രിയിലും വീട്ടിലും മാനേജറെ പരിചരിക്കാനും ജിബു സദാസമയവും കൂടെയുണ്ടായി. പക്ഷേ, പോലീസ് അന്വേഷണം ഊർജിതമായതോടെ ജിബുവിന് കുരുക്ക് മുറുകുകയായിരുന്നു.

സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് ആദ്യം അന്വേഷണം നടത്തിയതെങ്കിലും പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ജില്ലയിലെ ക്വട്ടേഷൻ, കവർച്ചാ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കി. എന്നാൽ മാനേജറെ ആക്രമിച്ചതിന് പിന്നിൽ ഇത്തരം സംഘങ്ങളല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതോടെയാണ് ആശുപത്രിയിലെ ജീവനക്കാരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയത്.

അടുത്തിടെ ആശുപത്രിയിൽനിന്ന് രാജിവെച്ച് പോയ മുൻ ജീവനക്കാരിയെയും ഇവരുടെ ഭർത്താവിനെയും കേന്ദ്രീകരിച്ചാണ് തുടക്കത്തിൽ അന്വേഷണം നടന്നത്. ഇവരുടെ ഭർത്താവ് നേരത്തെ ആശുപത്രിയിലെത്തി വഴക്കുണ്ടാക്കിയതായിരുന്നു ഇതിന് കാരണം. എന്നാൽ മാനേജറെ ആക്രമിച്ച സംഭവത്തിൽ ഇരുവർക്കും പങ്കില്ലെന്ന് പോലീസിന് ബോധ്യമായി. ഇതിനിടെയാണ് ജിബുവും സഹപ്രവർത്തകയായ യുവതിയും തമ്മിൽ അടുപ്പമുണ്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്. ജിബുവിൽനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും സഹപ്രവർത്തകയുമായുള്ള ബന്ധം ഇയാൾ വെളിപ്പെടുത്തിയില്ല.

ജിബുവാണ് സംഭവത്തിന് പിന്നിലെന്ന് ആക്രമണത്തിനിരയായ മാനേജറും ഒരിക്കലും വിശ്വസിച്ചിരുന്നില്ല. തന്നെ പരിചരിക്കാൻ കൂടെനിന്ന ജിബു ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. പക്ഷേ, പലകാര്യങ്ങളും ജിബു മറച്ചുവെക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ജിബുവിനെ കേന്ദ്രീകരിച്ച് തന്നെ അന്വേഷണം തുടർന്നു. ഇതിനിടെ, അന്വേഷണം തന്നിലേക്ക് എത്തുമെന്ന് ഭയന്നതോടെ ജിബു ആശുപത്രിയിൽനിന്ന് അവധിയെടുത്ത് മുങ്ങി. ഭാര്യാപിതാവിന് സുഖമില്ലെന്നും കോഴിക്കോട്ടേക്ക് പോവുകയാണെന്നുമാണ് ജിബു ആശുപത്രിയിൽ പറഞ്ഞിരുന്നത്. എന്നാൽ കൂട്ടുപ്രതികൾക്കൊപ്പം മൂന്നാറിലേക്കാണ് ഇയാൾ പോയത്. മാനേജറിൽനിന്ന് കവർന്ന മാല അവിടെ വിറ്റു. മൂന്നാം ദിവസം അസുഖബാധിതനായ ഭാര്യാപിതാവ് മരിച്ചതോടെ മൂന്നാറിൽനിന്ന് ഭാര്യാവീട്ടിലേക്ക് മടങ്ങി. ഭാര്യാപിതാവിന്റെ മരണവിവരമറിഞ്ഞതോടെ ജിബു പറഞ്ഞതെല്ലാം സത്യമാണെന്നാണ് പോലീസും ആദ്യം വിശ്വസിച്ചത്.

മാനേജറെ ആക്രമിച്ച ദിവസം രാത്രി ജിബുവിന്റെ ഫോണിൽനിന്ന് കാമുകിയായ സഹപ്രവർത്തകയെ വിളിച്ചിരുന്നു. ഇക്കാര്യം പോലീസ് ചോദിച്ചെങ്കിലും ഇരുവരും ഒന്നും തുറന്നുപറഞ്ഞില്ല. താൻ സ്ഥിരം മദ്യപിക്കുന്നതിനാൽ ഒരുപക്ഷേ, അറിയാതെ കോൾ പോയിരിക്കാമെന്നായിരുന്നു ജിബുവിന്റെ മറുപടി. ഫോൺ വന്നത് ശ്രദ്ധിച്ചില്ലെന്നും ജിബുവുമായി അത്തരത്തിലുള്ള ഒരു ബന്ധവുമില്ലെന്നും യുവതിയും പോലീസിനോട് പറഞ്ഞു. പക്ഷേ, എല്ലാദിവസവും ജിബുവും കാമുകിയും ഒരുമിച്ചാണ് ആശുപത്രിയിൽ വരാറുള്ളതെന്ന് പോലീസിന് വിവരം കിട്ടിയിരുന്നു. താമസസ്ഥലത്തുനിന്ന് എളുപ്പത്തിൽ ആശുപത്രിയിലേക്ക് വരാൻ മാർഗമുണ്ടായിട്ടും കാമുകിയെയും കൂട്ടി കിലോമീറ്ററുകൾ അധികം സഞ്ചരിച്ചാണ് ജിബു ജോലിസ്ഥലത്ത് വന്നിരുന്നത്.

ക്വട്ടേഷൻ സംഘാംഗവും കേസിലെ പ്രതിയുമായ ബെൻ ബാബു ജിബുവിന്റെ കാമുകിയെ കാണാൻ ആശുപത്രിയിലെത്തിയെന്ന വിവരമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ബെൻ ബാബുവിനെ യുവതി ഫോണിൽ വിളിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. യാതൊരു പരിചയവുമില്ലാത്ത ക്രിമിനൽ കേസ് പ്രതിയെ യുവതി വിളിച്ചതറിഞ്ഞതോടെ പോലീസിന് സംശയം ബലപ്പെട്ടു. ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇരുവരും കൂടിക്കാഴ്ച നടത്തിയതായി ബോധ്യപ്പെട്ടു. യുവതി മോതിരം ഊരിനൽകിയെന്നും ഇതാണ് ഒളിവിൽ കഴിയുന്നതിനിടെ പ്രതികൾ പണയംവെച്ചതെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ഇതോടെയാണ് ജിബു അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ജി. കാർത്തിക്കിന്റെ മേൽനോട്ടത്തിൽ ആലുവ ഡി.വൈ.എസ്.പി. ജി. വേണു, അങ്കമാലി എസ്.എച്ച്.ഒ. സോണി മത്തായി, സബ് ഇൻസ്പെക്ടർ ടി.എം. സൂഫി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റോണി അഗസ്റ്റിൻ, ജീമോൻ, സിവിൽ പോലീസ് ഓഫീസർ ബെന്നി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Content Highlights:hospital manager attacked by goonda gang police arrested hospital employee and three others