കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ പ്രവാസി വ്യവസയായിയെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും 59 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം ഹണിട്രാപ്പ്. കണ്ണൂര്‍ സ്വദേശിയായ സ്ത്രീയുടെ നേതൃത്വത്തിലാണ് വ്യവസായിയെ ഹണിട്രാപ്പില്‍ വീഴ്ത്തിയത്. ഇതില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു. കേസില്‍ ആറുപേര്‍ കൂടി പ്രതികളാണെന്നും ഇവരെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. 

പ്രവാസി വ്യവസായില്‍നിന്ന് പണവും സ്വര്‍ണമാലയും കാറും തട്ടിയെടുത്ത കേസില്‍ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സിന്ധു(46) പെരുമണ്ണ സ്വദേശി കെ.ഷനൂബ്(39) ഫാറൂഖ് കോളേജ് സ്വദേശി എം.ശരത്കുമാര്‍(27) എന്നിവരെ കഴിഞ്ഞദിവസമാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. പലതവണകളായി പ്രവാസി വ്യവസായില്‍നിന്ന് പണം തട്ടിയ സംഘം ഇദ്ദേഹം പണം തിരിച്ചുചോദിച്ചതോടെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയുമായിരുന്നു. ഇതിനുപുറമേ നഗ്നചിത്രങ്ങളെടുത്തും പ്രതികള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് പ്രവാസി വ്യവസായി പോലീസില്‍ പരാതി നല്‍കിയത്. 

പ്രവാസി വ്യവസായിയുമായി ഫോണിലൂടെയാണ് സിന്ധു പരിചയം സ്ഥാപിക്കുന്നത്. നാട്ടില്‍ ഹോട്ടല്‍ ബിസിനസും ബ്യൂട്ടിപാര്‍ലറും ഉണ്ടെന്നാണ് സിന്ധു ഇദ്ദേഹത്തോട് പറഞ്ഞിരുന്നത്. പണം നല്‍കിയാല്‍ വ്യാപാരസ്ഥാപനങ്ങളില്‍ പങ്കാളിയാക്കാമെന്നും സിന്ധു വാഗ്ദാനം നല്‍കി. ഇത് വിശ്വസിച്ചാണ് പ്രവാസി വ്യവസായി പലതവണകളായി ലക്ഷക്കണക്കിന് രൂപ നല്‍കിയത്. എന്നാല്‍ ഇവര്‍ക്ക് നാട്ടില്‍ ഒരു ബിസിനസ് സ്ഥാപനങ്ങളും ഇല്ലെന്നാണ് പോലീസ് പറയുന്നത്. 

പലതവണകളായി പണം കൈപ്പറ്റിയ സിന്ധു ലാഭവിഹിതമെന്ന് പറഞ്ഞ് മൂന്ന് മാസം 50,000 രൂപവീതം വ്യവസായിക്ക് നല്‍കിയിരുന്നു. കൂടുതല്‍ വിശ്വാസം നേടാനായാണ് ഇങ്ങനെ ചെയ്തത്. ഇതിനുശേഷവും ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് കൂടുതല്‍ തുക വാങ്ങിയെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ലാഭവിഹിതമായി പണമൊന്നും നല്‍കിയതുമില്ല. 

ഗള്‍ഫിലായിരുന്ന വ്യവസായി നാട്ടിലെത്തിയാല്‍ വ്യാപാരകരാറില്‍ ഒപ്പുവെയ്ക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇദ്ദേഹം നാട്ടിലെത്തിയതോടെ സിന്ധുവിന്റെ ഒളിച്ചുകളി തുടങ്ങി. എത്രയുംവേഗം കരാര്‍ ഒപ്പിടണമെന്നും അല്ലെങ്കില്‍ പണം തിരികെതരണമെന്നും വ്യവസായി കടുപ്പിച്ച് പറഞ്ഞതോടെ കാരപ്പറമ്പിലെ തന്റെ ഫ്‌ളാറ്റിലേക്ക് സിന്ധു ഇദ്ദേഹത്തെ വിളിച്ചുവരുത്തി. ഈ സമയം കേസിലെ മറ്റുപ്രതികളായ യുവാക്കളും ഫ്‌ളാറ്റിലുണ്ടായിരുന്നു. 

ഫ്‌ളാറ്റിലെത്തിയ വ്യവസായിയെ പ്രതികള്‍ മര്‍ദിച്ചവശനാക്കുകയും വസ്ത്രങ്ങളഴിച്ച് നഗ്നനാക്കുകയും ചെയ്തു. കിടപ്പുമുറിയിലെത്തിച്ച് സിന്ധുവിനൊപ്പം നിര്‍ത്തി ഫോട്ടോയും വീഡിയോയും പകര്‍ത്തി. പോലീസില്‍ പരാതി നല്‍കിയാല്‍ ഇത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. വ്യവസായിയുടെ സ്വര്‍ണമാലയും സംഘം കവര്‍ന്നു. ഇതോടെ ഭയന്നുപോയ വ്യവസായി പിന്നീട് പണം തിരികെ ചോദിക്കുകയും ചെയ്തില്ല. എന്നാല്‍ ഈ സംഭവത്തിനുശേഷവും പ്രതികള്‍ വ്യവസായിയില്‍നിന്ന് കൂടുതല്‍ പണം ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ടുള്ള ഭീഷണി വീണ്ടും തുടര്‍ന്നതോടെയാണ് ഇദ്ദേഹം പോലീസിനെ സമീപിച്ചത്. 

കേസില്‍ ഉള്‍പ്പെട്ട പ്രതികളെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നാണ് പോലീസ് പറയുന്നത്. നേരത്തെയും കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഹണിട്രാപ്പ്, പൊട്ടിക്കല്‍ കേസുകളില്‍ ഇവര്‍ക്ക് പങ്കുണ്ട്. എന്നാല്‍ സിന്ധു ഇത്തരം കേസുകളില്‍ നേരത്തെ ഉള്‍പ്പെട്ടിരുന്നോ എന്നതില്‍ വ്യക്തതയില്ല. കൂത്തുപറമ്പ് സ്വദേശിയായ ഇവര്‍ കോഴിക്കോട്ടെ ക്രിമിനല്‍സംഘത്തില്‍ പുതുതായി എത്തിയതാണെന്നാണ് പോലീസിന്റെ നിഗമനം. കാരപ്പറമ്പിലെ ഫ്‌ളാറ്റില്‍ ഭര്‍ത്താവെന്ന് പറയുന്ന ഒരാള്‍ക്കൊപ്പമാണ് സിന്ധു താമസിച്ചിരുന്നതെന്നും ഇയാള്‍ ക്രിമിനല്‍ കേസ് പ്രതിയാണെന്നും പോലീസ് പറയുന്നു. 

നടക്കാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. ബിശ്വാസ്, എസ്.ഐ. എസ്.ബി.കൈലാസ്‌നാഥ് എന്നിവരുള്‍പ്പെട്ട അന്വേഷണസംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. പ്രതികള്‍ തട്ടിയെടുത്ത കാര്‍ ഉടന്‍തന്നെ കസ്റ്റഡിയിലെടുക്കുമെന്നും ബാക്കിയുള്ള ആറുപ്രതികള്‍ വൈകാതെ തന്നെ വലയിലാകുമെന്നും പോലീസ് പറഞ്ഞു. 

Content Highlights: honeytrap in kozhikode woman and her gang looted money from businessman