നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ പിടിയിലായ ടാൻസാനിയ സ്വദേശി അഷറഫ് മെട്ടോറോ സാഫി ചികിത്സയ്ക്കായി എത്തിയതാണെന്ന വ്യാജേനയാണ് കോടികൾ വിലമതിക്കുന്ന ഹെറോയിൻ കടത്തിക്കൊണ്ടുവന്നത്. ഡൽഹിയിലെ ഒരു ആശുപത്രിയിൽ ചികിത്സ നടത്തുന്നു എന്നു കാട്ടിയാണ് ഇയാൾ മെഡിക്കൽ വിസ തരപ്പെടുത്തിയത്. ജൂൺ 19-ന് കൊച്ചി വിമാനത്താവളത്തിൽ മൂന്ന് കിലോ ഹെറോയിനുമായി പിടിയിലായ സിംബാബ്വെ സ്വദേശിനി ഷാരോൺ ചിഗ്വാസയും മെഡിക്കൽ വിസയിലാണ് വന്നത്. ചികിത്സയ്ക്കായി എന്ന വ്യാജേനയാണ് അവരും ഹെറോയിനുമായി എത്തിയത്. ദക്ഷിണാഫ്രിക്കൻ സംഘമാണ് മയക്കുമരുന്ന് കടത്തലിനു പിന്നിൽ.

സിംബാബ്വെസ്വദേശിനിയുടെ കൂടെ മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നതായി അന്ന് സൂചന ലഭിച്ചിരുന്നു. ഇവർ ഡൽഹിക്ക് കടന്നതായും വിവരം ലഭിച്ചിരുന്നു.

മയക്കുമരുന്ന് മണത്തുപിടിച്ച് 'ഷംന'

കൊച്ചി വിമാനത്താവളത്തിൽ പിടിച്ച 28 കോടി രൂപയുടെ ഹെറോയിൻ മയക്കുമരുന്ന് മണംപിടിച്ച് തിരിച്ചറിഞ്ഞത് ഷംന എന്ന നായ. ശ്വാനസേന മണംപിടിച്ച് തിരിച്ചറിയാതിരിക്കാൻ കള്ളക്കടത്ത് സംഘം ബാഗേജിൽ മുളകുപൊടി വിതറിയിരുന്നു. എന്നാൽ കള്ളക്കടത്ത് സംഘത്തിന്റെ ചെപ്പടിവിദ്യയൊന്നും ഷംനയുടെ മുന്നിൽ വിലപ്പോയില്ല.

Also Read:നെടുമ്പാശ്ശേരിയിൽ 28 കോടിയുടെ ഹെറോയിൻ പിടിച്ചു....

മുളകുപൊടി വിതറിയിരുന്നതിനാൽ ഷംനയ്ക്ക് തുമ്മൽ വന്നെങ്കിലും പിടിവിടാൻ തയ്യാറായില്ല. ബാഗേജിലുള്ള പാക്കറ്റുകളിൽ മയക്കുമരുന്നുണ്ടെന്ന് ഷംന സൂചനയും നൽകി. കസ്റ്റംസ് വിഭാഗത്തിന്റെ നാലംഗ ശ്വാനസേനയിലെ അംഗമാണ് ഷംന.

ഡി.ആർ.ഐ. ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ ഈ ശ്വാനസേനയെ ആണ് മയക്കുമരുന്ന് മണം പിടിച്ച് തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്നത്. പ്രത്യേകം പരിശീലനം നേടിയ നായകളാണ് സംഘത്തിലുള്ളത്. കൊച്ചി വിമാനത്താവളത്തിലാണ് ഈ ശ്വാന സംഘത്തിന്റെ ഓഫീസ്.

ഡി.ആർ.ഐ.യും എൻ.ഐ.എ.യും അന്വേഷണം ആരംഭിച്ചു

നെടുമ്പാശ്ശേരി: വൻതോതിൽ ഹെറോയിൻ കടത്തുന്നതായി കണ്ടെത്തിയതിനാൽ ഡി.ആർ.ഐ.യും എൻ.ഐ.എ.യും വിശദമായ അന്വേഷണം ആരംഭിച്ചു. രണ്ട് മാസത്തിനുള്ളിൽ കോടികളുടെ ഹെറോയിനാണ് രാജ്യത്ത് പിടിച്ചത്. ഭീകരപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായാണ് മയക്കുമരുന്ന് കടത്തുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

അഫ്ഗാനിസ്താനിൽനിന്നാണ് ഇന്ത്യയിലേക്ക് ഹെറോയിൻ എത്തുന്നത്. ഇറാൻ വഴിയും ദക്ഷിണാഫ്രിക്ക വഴിയും അഫ്ഗാൻ നിർമിത ഹെറോയിൻ എത്തുന്നുണ്ട്. കൂടാതെ പാകിസ്താനിൽനിന്നും പഞ്ചാബ്, ജമ്മുകശ്മീർ അതിർത്തികൾ വഴിയും ഇന്ത്യയിലേക്ക് വൻതോതിൽ അഫ്ഗാൻ നിർമിത ഹെറോയിൻ എത്തുന്നുണ്ട്.

ഡൽഹിയിൽ കഴിഞ്ഞ ദിവസം 2500 കോടി രൂപയുടെ ഹെറോയിൻ പിടിച്ചിരുന്നു. കൂടാതെ മുംബൈയിൽ 2000 കോടി രൂപയുടെ ഹെറോയിൻ ഡി.ആർ.ഐ. പിടിച്ചു. അടുത്തിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹെറോയിൻ പിടിച്ചിട്ടുണ്ട്. അതിനാൽ അതീവ ഗൗരവത്തോടെയാണ് അന്വേഷണ ഏജൻസികൾ കേസ് അന്വേഷിക്കുന്നത്.