ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്ന് ദിവസം മൂന്ന് കൊലപാതകം, ഇതുവരെ ആകെ 10 കൊലപാതകങ്ങള്‍. ബിഹാര്‍ സ്വദേശിയായ 22-കാരനെ പിടികൂടിയതോടെ ഞെട്ടിയത് ഗുരുഗ്രാം പോലീസാണ്. ഒരാഴ്ച മുമ്പ് ഗുരുഗ്രാമിലെ സെക്ടര്‍ 29, സെക്ടര്‍ 47 എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ നടത്തിയ അന്വേഷണമാണ് 22-കാരനായ സീരിയല്‍ കില്ലറിനെ പിടികൂടുന്നതിലേക്ക് എത്തിയത്.
നവംബര്‍ 23 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലാണ് ഗുരുഗ്രാമില്‍ മൂന്ന് കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് കേസുകളിലും കുറ്റകൃത്യത്തിന്റെ രീതി ഏകദേശം ഒരുപോലെ. ഇതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സി.സി.ടി.വി. ദൃശ്യങ്ങള്‍ അരിച്ചുപെറുക്കി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മൂന്ന് സ്ഥലങ്ങളിലും കണ്ടത് ഒരാളെ. ബിഹാറിലെ ഖലിലാബാദ് സ്വദേശി മുഹമ്മദ് റാസി. പിന്നീട് ഇയാളെ കണ്ടെത്താനായിരുന്നു പോലീസിന്റെ ശ്രമം. ഒടുവില്‍ ഡിസംബര്‍ മൂന്നാം തീയതി ഗുരുഗ്രാമിലെ ഇഫ്കോ ചൗക്കില്‍നിന്ന് മുഹമ്മദ് റാസിയെ കൈയോടെ പിടികൂടി. കസ്റ്റഡിയിലെടുത്ത 22-കാരനെ വിശദമായി ചോദ്യംചെയ്തതോടെ ഇയാള്‍ എല്ലാം തുറന്നുപറഞ്ഞു. മൊഴി കേട്ട് പോലീസ് ഉദ്യോഗസ്ഥര്‍ ശരിക്കും അമ്പരന്നു.
ഗുരുഗ്രാമില്‍ കെട്ടിടനിര്‍മാണ ജോലിക്കാരനായ മുഹമ്മദ് റാസി ഒരു മാനസികരോഗിയാണെന്നാണ് പോലീസ് പറയുന്നത്. ചോദ്യംചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തിയത് ഒന്നും രണ്ടുമല്ല, പത്ത് കൊലപാതകങ്ങളുടെ രഹസ്യങ്ങളാണ്. ആളുകളെ കൊല്ലുന്നത് ഏറെ ആനന്ദം നല്‍കുന്നുവെന്നായിരുന്നു റാസി പോലീസിന് നല്‍കിയ മൊഴി.
ഗുരുഗ്രാമില്‍ എത്തുന്നതിന് മുമ്പ് ഡല്‍ഹിയിലെ ഒരു വഴിയോര ഭക്ഷണശാലയിലായിരുന്നു റാസിയുടെ ജോലി. അതിന് മുമ്പ് നേപ്പാളിലും. ഡല്‍ഹിയിലും ഗുരുഗ്രാമിലും ബിഹാറിലുമായി ഇതുവരെ 10 പേരെയെങ്കിലും റാസി കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. അപരിചിതരുമായി കൂട്ടുകൂടി, അവരോട് അടുപ്പും സ്ഥാപിച്ച ശേഷം ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതാണ് തുടക്കം. മദ്യപിച്ചതിന് പിന്നാലെ ഇരയെ കുത്തിക്കൊല്ലും. ചില കേസുകളില്‍ മൃതദേഹം വെട്ടിമുറിച്ച സംഭവങ്ങളുമുണ്ട്. മരണം ഉറപ്പിച്ചുകഴിഞ്ഞാല്‍ പിന്നീട് കവര്‍ച്ച നടത്തി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതാണ് റാസിയുടെ രീതി.
നവബര്‍ 23, 24, 25 തീയതികളിലാണ് ഗുരുഗ്രാമിലെ മൂന്ന് പേരെ ഇയാള്‍ കൊലപ്പെടുത്തിയത്. 23-ാം തീയതി ലെയ്ഷര്‍ വാലി പാര്‍ക്കിലെത്തിയ റാസി ഇരയെ തിരഞ്ഞെങ്കിലും തനിക്ക് പറ്റിയ ഒരാളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഏറെനേരം കാത്തിരുന്നു. ഒടുവില്‍ 30 വയസ്സോളം പ്രായം തോന്നുന്ന കെട്ടിടനിര്‍മാണ തൊഴിലാളിയെ കണ്ടെത്തി. ഇയാളെ പരിചയപ്പെട്ടു, സംസാരിച്ചു, ഒടുവില്‍ മദ്യവും വാഗ്ദാനം ചെയ്തു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന മദ്യക്കുപ്പിയില്‍നിന്ന് റാസി പുതിയ സുഹൃത്തിന് മദ്യമൊഴിച്ചുനല്‍കി. മദ്യപിച്ച് കഴിഞ്ഞതോടെ റാസിയിലെ സൈക്കോ കില്ലര്‍ ഉണര്‍ന്നു. കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് യുവാവിന്റെ കഴുത്തില്‍ കുത്തി. നെഞ്ചിലും വയറിലും കുത്തിപരിക്കേല്‍പ്പിച്ചു. ശരീരാമസകലം മുറിവേറ്റ് ചോരയൊലിച്ച് കിടന്ന യുവാവിനെ പാര്‍ക്കില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
നവബര്‍ 24-ന് സെക്ടര്‍ 40-ലെ ഒരു സുരക്ഷാ ജീവനക്കാരനാണ് റാസിയുടെ കൊലക്കത്തിക്കിരയായത്. ഇയാളുമായി അടുപ്പം സ്ഥാപിച്ച് ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം കുത്തിക്കൊന്നു. മരണം ഉറപ്പാക്കിയ ശേഷം സുരക്ഷാജീവനക്കാരന്റെ പേഴ്‌സും മൊബൈല്‍ ഫോണും ചെരിപ്പുകളും കവര്‍ന്നാണ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്.
നവംബര്‍ 25-ന് സെക്ടര്‍ 47-ലായിരുന്നു കൊലപാതകം. വിജിലന്‍സ് ഓഫീസിന് തൊട്ടടുത്തുള്ള സ്ഥലം. തുറസ്സായ സ്ഥലത്ത് കിടന്നുറങ്ങുകയായിരുന്ന യുവാവായിരുന്നു ഇത്തവണത്തെ ഇര. ഇയാളുമായി കഞ്ചാവ് വലിക്കുകയും മദ്യപിക്കുകയും ചെയ്ത റാസി അഞ്ച് തവണ കത്തി കൊണ്ട് കുത്തിയാണ് കൊലപാതകം നടത്തിയത്. ഇതിനുശേഷം മൃതദേഹത്തില്‍നിന്ന് തലയറുത്തുമാറ്റി. ഈ സംഭവത്തില്‍ സുഹൃത്തായ യുവാവിനെ കുടുക്കാനായിരുന്നു റാസിയുടെ ശ്രമം. അറുത്തുമാറ്റിയ തലയുമായി സുഹൃത്തിന്റെ വീടിനരികിലേക്കാണ് ഇയാള്‍ പോയത്. ഇത് സുഹൃത്തിന്റെ താമസസ്ഥലത്തിനടുത്ത് ഉപേക്ഷിക്കുകയും ചെയ്തു.
കുടുംബത്തില്‍നിന്നുള്ള കുറ്റപ്പെടുത്തലുകളും ശകാരവും പതിവായതോടെയാണ് റാസി ഒരു സൈക്കോ സീരിയല്‍ കില്ലറായി മാറിയതെന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പകയോ മുന്‍വൈരാഗ്യമോ മറ്റു കാരണങ്ങളോ ഒന്നുമില്ല. ഒരാളെ കൊല്ലുന്നതിലൂടെ തനിക്കും എന്തെങ്കിലും നേടാനാകുമെന്ന് ലോകത്തെ കാണിക്കുക മാത്രമായിരുന്നു ഇയാളുടെ ലക്ഷ്യം. ആളുകളെ കൊല്ലുന്നത് ഏറെ ആനന്ദം നല്‍കുന്നുണ്ടെന്നായിരുന്നു ഇയാളുടെ മൊഴി. പ്രശസ്തി നേടാന്‍ ഇതാണ് ഏറ്റവും എളുപ്പവഴിയെന്നും ഈ 22-കാരന്‍ വിശ്വസിച്ചു.
എവിടെ പോകുമ്പോഴും കൈയിലൊരു വെള്ളക്കുപ്പി കരുതുന്നതും ഇയാളുടെ ശീലമായിരുന്നു. കൃത്യം നടത്തിക്കഴിഞ്ഞാല്‍ വെള്ളം ഉപയോഗിച്ച് കൈ കഴുകി വൃത്തിയാക്കിയതിന് ശേഷമേ റാസി മടങ്ങുകയുള്ളൂ. കൊലപാതകം നടത്തിയ സ്ഥലങ്ങള്‍ യാതൊരു ഭാവവ്യത്യാസവുമില്ലാതെ വീണ്ടും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
മയക്കുമരുന്നിനും മദ്യത്തിനും അടിമയായ റാസി, കൊലപ്പെടുത്തുന്നവരെ കവര്‍ച്ചയ്ക്കിരയാക്കുന്നതും പതിവായിരുന്നു. മദ്യം വാങ്ങാനായിരുന്നു ഈ പണം ഉപയോഗിച്ചിരുന്നത്. ഒക്ടോബര്‍ മുതലാണ് ഗുരുഗ്രാമിലും സമീപപ്രദേശങ്ങളിലും താന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍. വെറും തമാശയ്ക്ക് വേണ്ടി തുടങ്ങിയ ക്രൂരതയില്‍ ആനന്ദം കണ്ടെത്തിയതോടെ അത് തുടര്‍ന്നു. വിജനമായ സ്ഥലങ്ങളിലും പാര്‍ക്കുകളിലും ഒറ്റപ്പെട്ടിരിക്കുന്ന അപരിചിതരായിരുന്നു ഇയാളുടെ ഇരകള്‍. ഡല്‍ഹിയിലെ പാര്‍ക്കുകളിലും ബിഹാറിലും ഇത്തരത്തില്‍ ഒട്ടേറെ പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും റാസി പോലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതില്‍ പല കേസുകളും ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Content Highlights: gurugram police arrested psycho killer razi from bihar