സ്വർണത്തിന്റെ 'ഹോട്സ്പോട്ടാണ്' ദക്ഷിണേന്ത്യ. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളയിടം. ദക്ഷിണേന്ത്യയിലെ ആറ് വിമാനത്താവളങ്ങളിലൂടെയാണ് രാജ്യത്തെ ഏറ്റവും കൂടുതൽ സ്വർണക്കടത്ത് നടക്കുന്നത്. അതിൽ മൂന്നും കേരളത്തിൽ. ഈ വിമാനത്താവളങ്ങളിലെ ബാഗേജുകൾ സ്കാൻ ചെയ്യുന്ന എക്സറേ മെഷീനുകൾ ഇടയ്ക്ക് 'കണ്ണടയ്ക്കും'; മറ്റു ചിലപ്പോൾ പരിശോധകൻ 'സ്വന്തം ആളായിരിക്കും'.
കേരളത്തിലും ആന്ധ്രാപ്രദേശിലുമാണ് സ്വർണത്തിന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. ഗൾഫാണ് സ്വർണം വരുന്നതിന്റെ കേന്ദ്രബിന്ദു. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങളാണ് സ്വർണക്കടത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം സ്വർണം പിടിക്കുന്നതും ഇവിടങ്ങളിലാണ്.
തിരക്കേറിയ വിമാനത്താവളങ്ങൾമാത്രമേ സ്വർണക്കടത്തുസംഘം തിരഞ്ഞെടുക്കൂ. തിരക്ക് കൂടുമ്പോൾ പരിശോധനയിലെ ആലസ്യവും കൂടുമെന്നതാണ് പ്രയോജനം. ഒരിക്കൽ ഉപയോഗിച്ച വിമാനത്താവളം 'ഒരു റൗണ്ടിന്'ശേഷമേ പിന്നീട് ഉപയോഗിക്കൂ. സംശയം തോന്നാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
കറുത്ത സ്വർണം
എക്സ്റേ മെഷീനിൽ കറുത്ത നിറത്തിലാണ് സ്വർണം കാണുക. കാരണം ആറ്റോമിക് നമ്പർ 70-നുമുകളിൽ വരുന്നവയിലൂടെ എക്സ്റേ കിരണങ്ങൾ കടന്നുപോകില്ല. സ്വർണത്തിന്റെ ആറ്റോമിക് നമ്പർ 79 ആണ്. ഇത്തരത്തിൽ കറുപ്പു കാണുക സ്വർണത്തിനു മാത്രമല്ലെന്നതിനാൽ പലപ്പോഴും സംശയം തോന്നിയാൽ മാത്രമേ മറ്റു പരിശോധനകൾക്ക് വിധേയമാക്കൂ.
'കണ്ണുചിമ്മുന്ന' എക്സ്റേ
വിമാനത്താവളങ്ങളിലെ എക്സ്റേ സ്കാനറിനു മുന്നിൽ പരിശോധനയ്ക്കിരിക്കുന്ന ഉദ്യോഗസ്ഥർ ഓരോ 20 മിനിറ്റിലും മാറണമെന്നാണ് കീഴ്വഴക്കം. എക്റേ കിരണങ്ങൾ കണ്ണിന് അപകടമാണെന്നതിനാൽ ശാസ്ത്രീയതയിൽ ഊന്നിയാണ് ഇത്. ഒരു സമയത്ത് മൂന്ന് ഉദ്യോഗസ്ഥരാണ് എക്സ്റേ പരിശോധനയ്ക്ക് ഉണ്ടാവുക. കുറച്ചുനേരം എക്സ്റേ മെഷീന് മുന്നിലിരുന്നാൽ കണ്ണിന് ക്ഷീണമാകുമെന്നതിനാൽ പരിശോധകൻ 'കണ്ണടയ്ക്കുകയാണ്' പതിവ്. ഇക്കാരണത്താൽത്തന്നെ റാൻഡം സ്ക്രീനിങ് അഥവാ ഇടവിട്ടുള്ള പരിശോധനയേ ചെക്ക് ഇൻ ബാഗേജിന്റെ കാര്യത്തിൽ നടക്കാറുള്ളൂ. ഹാൻഡ് ബാഗേജാണ് കൃത്യമായി പരിശോധിക്കുക. ഇക്കാരണത്താൽ ചെക്ക് ഇൻ ബാഗേജ് വഴി പലപ്പോഴും എന്തും കടത്താമെന്ന സ്ഥിതിയാണ്.
രഹസ്യവിവരം തുണ
രഹസ്യവിവരങ്ങൾ ലഭിക്കുമ്പോൾ മാത്രമാണ് പരിശോധന കർശനമാക്കാറുള്ളത്. ഇത്തരത്തിൽ പിടിക്കപ്പെടുന്നത് വൻതോതിലുള്ള സ്വർണമായിരിക്കുമെന്ന പ്രത്യേകതകളുമുണ്ട്. സ്വർണം കടത്താൻ വിമാനത്താവളങ്ങളിലെ ജീവനക്കാരെയും കസ്റ്റംസ് ഉദ്യോഗസ്ഥരെത്തന്നെയും ഇതിന് ഉപയോഗപ്പെടുത്തലുണ്ട്. എക്സ്റേ പരിശോധന സമയത്ത് തന്റെ 'ആൾ' വരുന്ന സമയം നോക്കി പരിശോധനയ്ക്കിരിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്.
മിശ്രിതവഴികൾ
കാലം മാറുന്തോറും കോലവും മാറണം. സ്വർണക്കടത്ത് റിക്രൂട്ട്മെന്റ് സംഘവും ഇക്കാര്യത്തിൽ അങ്ങേയറ്റം ശ്രദ്ധാലുക്കളാണ്. പുതിയ മാർഗങ്ങൾക്കായി നിരന്തരം തല പുകച്ചുകൊണ്ടിരുന്ന സംഘങ്ങൾക്കു മുന്നിൽ തുറന്നു കിട്ടിയ ഉത്തരമാണ് മിശ്രിതം. സമീപകാലത്ത് മിശ്രിതമാണ് സ്വർണക്കടത്തിനുള്ള രീതിയായി പലരും പരീക്ഷിച്ചത്. റിക്രൂട്ട്മെന്റിനെത്തുന്നവരെ ഈ സാധ്യതകളിലേക്കാണ് സംഘം കൂട്ടിക്കൊണ്ടുപോയതും. സ്വർണത്തെ മറ്റു ചില വസ്തുക്കളുമായി ചേർത്ത് മിശ്രിതമാക്കുന്ന രീതി ഹിറ്റായതോടെ സമീപകാലത്ത് കേരളത്തിലേക്ക് കടന്നത് കിലോക്കണക്കിന് സ്വർണമാണ്. ഇതിൽ പലതും പിടിക്കപ്പെടാതെ പോയിട്ടുണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്.
കുഴമ്പു പരുവത്തിലുള്ള മിശ്രിതം ശരീരത്തിൽ എവിടെ വേണമെങ്കിലും കെട്ടിവെച്ചു കൊണ്ടുവരാനാകും. കാലിൽ കെട്ടിവെച്ച് സോക്സും ഷൂസും ജീൻസും ധരിച്ചാൽ ഒരു തരത്തിലും സ്വർണത്തിന്റെ സാന്നിധ്യം തിരിച്ചറിയാനാകില്ല. സ്ത്രീകളായ കാരിയർമാർ ഇങ്ങനെ കടത്തിക്കൊണ്ടുവരുന്ന സ്വർണം മെറ്റൽ ഡിറ്റക്ടറുകളിൽ പിടിക്കപ്പെടാനും സാധ്യത വളരെ കുറവാണ്. വിമാനത്താവളത്തിനു പുറത്തെത്തിയാൽ കാരിയറെ രഹസ്യകേന്ദ്രത്തിലെത്തിച്ച് സ്വർണം ഉരുക്കി വേർതിരിച്ചെടുക്കാനും റിക്രൂട്ട്മെന്റ് സംഘത്തിന് ഒട്ടേറെ മാർഗങ്ങളുണ്ട്. രണ്ടു കിലോയുടെ മിശ്രിതത്തിൽ ഒന്നേകാൽ കിലോയോളം സ്വർണം വേർതിരിക്കാനാകുമെന്നാണ് പറയുന്നത്.
തയ്യാറാക്കിയത്: ടി.ജെ. ശ്രീജിത്ത്, സിറാജ് കാസിം
Content Highlights: Gold Smuggling Strategies