തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ മുഖ്യപ്രതിയായ യു.എ.ഇ. കോൺസുലേറ്റിലെ മുൻ ജീവനക്കാരി സ്വപ്ന സുരേഷ് തിരുവനന്തപുരത്തെത്തുന്നത് ട്രാവൽ ഏജൻസിയിൽ ജീവനക്കാരിയായി. നെയ്യാറ്റിൻകര സ്വദേശിയായ സ്വപ്നയുടെ അച്ഛന് വിദേശത്ത് ജോലിയായതിനാൽ വളർന്നതും പഠിച്ചതും അബുദാബിയിലായിരുന്നു. അറബിയും ഇംഗ്ളീഷും നന്നായി അറിയാവുന്നത് സ്വപ്നയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു.

2010-ന് ശേഷമാണ് കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്. തിരുവനന്തപുരത്ത് ട്രാവൽ ഏജൻസിയിലെ ജോലിക്കു ശേഷമാണ് എയർ ഇന്ത്യ സാറ്റ്സിൽ പരിശീലനവിഭാഗത്തിൽ ജോലി ലഭിക്കുന്നത്. 2014-15 കാലത്ത് ജോലിക്കിടെ ഒട്ടേറെ വിവാദങ്ങളാണ് സ്വപ്നയുമായി ബന്ധപ്പെട്ട് അവിടെയുണ്ടായത്. ആഡംബര ജീവിതശൈലിയായിരുന്നു അക്കാലത്തും. ഇക്കാലത്താണ് എയർ ഇന്ത്യയുടെ രണ്ട് ജീവനക്കാർക്കെതിരെ വ്യാജരേഖ ചമച്ച് പരാതി നൽകിയതിനെതിരെ പോലീസ് കേസുണ്ടാകുന്നത്. ഒരു കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകാനാരിക്കെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ.

ദുബായ് കോൺസുലേറ്റിൽ ജോലി ലഭിച്ചതോടെയാണ് ഉന്നതരുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടാകുന്നത്. കോൺസൽ ജനറലിന്റെ സെക്രട്ടറിയായി ജോലി ചെയ്യവേ കോൺസുലേറ്റിന്റെ പ്രധാന കാര്യങ്ങളിലെല്ലാം ഇടപെട്ടിരുന്നത് സ്വപ്നയായിരുന്നു. അക്കാലത്താണ് വ്യവസായികളും രാഷട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമായി സ്വപ്ന കൂടുതൽ അടുത്ത സൗഹൃദം സൃഷ്ടിക്കുന്നത്. സരിത്തുമായുള്ള ബന്ധം തുടങ്ങുന്നത് അവിടെ ജോലി ചെയ്തിരുന്ന കാലത്താണ്.

ഒരു വർഷം മുമ്പ് ഓഡിറ്റിൽ കൃത്രിമം കണ്ടെത്തിയതോടെയാണ് രണ്ടു പേർക്കും കോൺസുലേറ്റിൽനിന്ന് പുറത്തു പോകേണ്ടിവന്നതെന്ന് അന്വേഷണോദ്യോഗസ്ഥർ പറയുന്നു. എന്നാൽ സ്വാധീനം ഉപയോഗിച്ച് സർക്കാർ സംവിധാനത്തിൽ മികച്ച ജോലി ഉറപ്പാക്കാൻ സ്വപ്നയ്ക്ക് കഴിഞ്ഞു. ഐ.ടി. വകുപ്പിൽ ഉന്നത തസ്തികയിൽ ജോലി ചെയ്യുമ്പോഴും യു.എ.ഇ. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായുള്ള സൗഹൃദം നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്.

പൂജപ്പുര മുടവൻമുകളിലാണ് നേരത്തേ താമസിച്ചിരുന്നത്. അവിടത്തെ ഫ്ളാറ്റിൽ താമസിക്കുമ്പോൾ ഐ.ടി. സെക്രട്ടറി ശിവശങ്കർ സ്ഥിരം സന്ദർശകനായിരുന്നുവെന്ന് സമീപവാസികൾ ആരോപിക്കുന്നുണ്ട്. ഒരു ദിവസം സ്വപ്നയുടെ ഭർത്താവ് സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവമുണ്ടായതോടെ അവിടെനിന്ന് താമസം മാറ്റി. പിന്നീട് വട്ടിയൂർക്കാവിലും ഇപ്പോൾ അമ്പലമുക്കിലുമാണ് താമസം.

Content Highlights:gold smuggling case swapna suresh studied in abudhabi