കിളിമാനൂര്‍: കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്നു പറഞ്ഞെത്തിയ യുവാവ് പെന്‍ഷന്‍ തുക കൂട്ടി നല്‍കാമെന്നു പറഞ്ഞു പറ്റിച്ച് വയോധികയുടെ സ്വര്‍ണാഭരണം കവര്‍ന്നു. 

pensionവെള്ളല്ലൂര്‍ ഇടവനക്കോണം കരവാരത്ത് പുത്തന്‍ വീട്ടില്‍ കശുവണ്ടി തൊഴിലാളിയായ ഗോമതി (65)യുടെ കമ്മലുകളാണ് കവര്‍ന്നത്. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. പെന്‍ഷന്‍ വിതരണം പരിശോധിക്കുന്ന ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയാണ് യുവാവ് വീട്ടിലെത്തിയത്. റേഷന്‍ കാര്‍ഡും മറ്റ് രേഖകളും ആവശ്യപ്പെട്ടു.

ഇവയൊക്കെ പരിശോധിച്ച ശേഷം നിലവില്‍ ലഭിക്കുന്നതിനേക്കാള്‍ ഇരട്ടി തുക പെന്‍ഷനായി വാങ്ങി തരാമെന്ന് ഗോമതിയോടു പറഞ്ഞു. ഇതിന് ആറായിരം രൂപ നല്‍കണമെന്നും പറഞ്ഞു.     എന്നാല്‍, തന്റെ കൈവശം ഇപ്പോള്‍ അത്രയും തുക ഇല്ലെന്നും ആറായിരം രൂപ കൊടുത്ത് വാങ്ങിയ കമ്മല്‍ തരാമെന്നും ഗോമതി പറഞ്ഞു.

 പെന്‍ഷന്‍ ഉടന്‍ ശരിയാകുമെന്നു പറഞ്ഞ് കമ്മലും വാങ്ങി യുവാവ് സ്ഥലം വിട്ടു.     ഓണത്തിന് 6,600 രൂപ ഇവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിരുന്നു. ഈ തുക ഉപയോഗിച്ചു വാങ്ങിയ കമ്മലാണ് നഷ്ടമായത്. 

  സമീപത്തുള്ള വീടുകളിലും ഇക്കാര്യം പറഞ്ഞ് ഇയാള്‍ എത്തിയെങ്കിലും മറ്റാരും കബിളിപ്പിക്കപ്പെട്ടില്ല. ചെല്ലുന്ന വീടുകളില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെയും സ്ഥലത്തെ വാര്‍ഡ് മെമ്പറുടെയും പേരു പറഞ്ഞാണ് ഇയാള്‍ പരിചയപ്പെടുന്നത്. 

    നഗരൂരില്‍ പലയിടത്തും രണ്ടുദിവസമായി ഇയാളെ കാണാറുണ്ട്. 35 വയസ് പ്രായം തോന്നിക്കുന്നയാളാണ്. കിളിമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.