മുനമ്പത്തും കൊടുങ്ങല്ലൂരിലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുറച്ചു ബാഗുകള്‍ കണ്ടെത്തിയതോടെയാണ് കേരളത്തില്‍ വീണ്ടും മനുഷ്യക്കടത്ത് ചര്‍ച്ചയാകുന്നത്. പോലീസും തീരസംരക്ഷണ വിഭാഗങ്ങളും നെട്ടോട്ടമോടുകയാണ്. കടല്‍ അരിച്ചുപെറുക്കുന്നു. ആരാണ് കടല്‍ കടന്നത്. ആരാണ് കടല്‍ കടത്തുന്നത്. ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരമില്ല. ആകെ അറിയാം, സ്ത്രീകളും കുട്ടികളുമടങ്ങുന്ന വന്‍ സംഘം കേരള തീരത്ത് നിന്ന് ബോട്ടു മാര്‍ഗം ഓസ്ട്രേലിയയിലേക്ക് തിരിച്ചിരിക്കുന്നു. കനത്ത പ്രതിരോധം നിലവിലുണ്ടെന്ന് അവകാശപ്പെടുന്ന ഇന്ത്യന്‍ തീരം കടന്നാണ് ഇവര്‍ പോയിരിക്കുന്നത്. ദിവസങ്ങളോളം മുനമ്പത്തും കൊടുങ്ങല്ലൂരിലും ഈ സംഘം തമ്പടിച്ചിട്ടും നമ്മുടെ പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും അറിയാതെ പോയത് എന്തുകൊണ്ടാണ്. വലിയ പാളിച്ചയാണ് കേരളാ പോലീസിനും സ്പെഷ്യല്‍ബ്രാഞ്ചിനും സംഭവിച്ചിരിക്കുന്നത്. ഇരുപത്തിനാലു മണിക്കൂറും കാവലുണ്ടെന്ന് പറയപ്പെടുന്ന തീരസംരക്ഷണ സേനകളെ കണ്ണു ചിമ്മും വേഗത്തില്‍ കബളിപ്പിക്കുന്നത് അത്ര നിസാരമല്ല. ഒരിക്കലല്ല ഈ പിഴവ് സംഭവിച്ചത്. നിരവധി തവണ. കേരള തീരം വഴിയുള്ള മനുഷ്യക്കടത്ത് ഇതാദ്യമല്ല.

എട്ടു വര്‍ഷം മുമ്പാണ് കേരളതീരം വഴിയുള്ള മനുഷ്യക്കടത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2010 മെയ്. കൊല്ലം നഗരത്തിലെ ഇരുമ്പു പാലത്തിന് സമീപമുള്ള ഹോട്ടല്‍. രാത്രി എട്ടുമണിയോടെയാണ് ആ ഹോട്ടലിനെ ലക്ഷ്യമാക്കി പൊടുന്നനെ പോലീസ് നീക്കമുണ്ടാകുന്നത്. രഹസ്യമായി നടന്ന ഓപറേഷന്‍. എത്രയും പെട്ടെന്ന് ഹോട്ടല്‍ വളഞ്ഞ് നിയന്ത്രണം ഏറ്റെടുക്കാനാണ് നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊല്ലം എസ്.പി. ഹര്‍ഷിത അട്ടല്ലൂരിയില്‍ നിന്ന് ലഭിച്ച നിര്‍ദേശം. നിമിഷങ്ങള്‍ക്കുള്ളില്‍ എ.ആര്‍. ക്യാമ്പിലെ സായുധ പോലീസ് സംഘം ഡി.വൈ.എസ്.പി.യുടെയും സി.ഐമാരുടെയും എസ്.ഐ.മാരുടെയും നേതൃത്വത്തില്‍ ഹോട്ടല്‍ നിയന്ത്രണത്തിലാക്കി. പക്ഷെ എന്തിനാണ് ഈ നീക്കം എന്ന് ഉദ്യോഗസ്ഥര്‍ക്ക് ഒരു പിടിയുമില്ലായിരുന്നു. ആരും ഹോട്ടലില്‍ നിന്ന് രക്ഷപ്പെടരുത് എന്ന് മാത്രമായിരുന്നു ലഭിച്ചിരിക്കുന്ന ഉത്തരവ്. ഹോട്ടല്‍ അധികൃതരും അങ്കലാപ്പിലായി. അല്‍പ സമയം കൂടി കഴിഞ്ഞാണ് ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുന്ന മുപ്പത്തിയെട്ട് തമിഴരെ കസ്റ്റഡിയില്‍ എടുക്കാന്‍ നിര്‍ദേശം ലഭിച്ചത്. മുറികളുടെ കൃത്യം നമ്പര്‍ സഹിതമാണ് നിര്‍ദേശം ലഭിച്ചത്. പക്ഷെ ഇവര്‍ ആരാണെന്നോ, എന്തിനാണ് കസ്റ്റഡിയില്‍ എടുക്കുന്നതെന്നോ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു പിടിയുമില്ല. പോലീസ് നടപടി നടക്കുമ്പോള്‍ മേല്‍നോട്ടം ഏറ്റെടുത്ത് കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരായ മൂന്നു പേരുമുണ്ടായിരുന്നു. അവരും നേരെത്തെ ആ ഹോട്ടലില്‍ തന്നെ മുറിയെടുത്ത് താമസിച്ചിരുന്നവരാണ്. 

trafficking
കൊടുങ്ങല്ലൂര്‍ ക്ഷേത്ര മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗുകള്‍

ആരാണ് ഈ തമിഴര്‍?

പോലീസ് നടപടി നടക്കുന്നതിന് രണ്ടു ദിവസം മുമ്പാണ് അഞ്ച് സ്ത്രീകളും കുട്ടികളുമടക്കം മുപ്പത്തിയെട്ടു പേരടങ്ങുന്ന തമിഴ് സംഘം കൊല്ലത്തെ ഹോട്ടലില്‍ മുറിയെടുത്തത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്താനെത്തിയ തീര്‍ത്ഥാടകര്‍ എന്നായിരുന്നു ഇവര്‍ ഹോട്ടലില്‍ നല്‍കിയ വിവരം. സംശയം ഒട്ടുമില്ല. മുറിയെടുത്ത ശേഷം ഇവര്‍ നാടു കാണാനിറങ്ങും, വൈകിട്ട് ഹോട്ടലില്‍ തിരിച്ചെത്തും. രണ്ടു മൂന്നു ദിവസം കൂടി കൊല്ലത്തുണ്ടാകും എന്നാണ് പറഞ്ഞിരുന്നത്. ഇവര്‍ മുറിയെടുത്തതിന് പിന്നാലെ മൂന്നു പേര്‍ പ്രത്യേകം പ്രത്യേകം മുറികള്‍ എടുത്തിരുന്നു. ബിസിനസ് ആവശ്യത്തിന് വന്നതെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. പോലീസ് നടപടി ആരംഭിക്കുമ്പോള്‍ എല്ലാത്തിനും മേല്‍നോട്ടം വഹിച്ച് ഈ മൂന്നു പേരുമാണ് മുന്‍പന്തിയിലുണ്ടായിരുന്നത്. 

ഹോട്ടലില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത മുപ്പത്തിയെട്ടു പേരെയും കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് റോ, ഐ.ബി. മിലിറ്ററി ഇന്റലിജന്റ്സ് തുടങ്ങി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ഉദ്യോഗസ്ഥരുടെ വരവാണ് ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക്. കസ്റ്റഡിയില്‍ എടുത്ത ഒരരോരുത്തരെയായി രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ മാറി മാറി ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ഇതോടെയാണ് കൊല്ലം പോലീസിന് കാര്യങ്ങള്‍ വ്യക്തമായി തുടങ്ങിയത്. ഈ വന്നവര്‍ ചില്ലറക്കാരല്ല. ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തിയ തമിഴ്വംശജരാണ്. അവിടെ യുദ്ധം നടക്കുന്നതു കൊണ്ട് നാടുവിട്ടു വന്നവര്‍. ചിലര്‍ക്കെല്ലാം എല്‍.ടി.ടി.ഇയുമായി നേരിട്ട് ബന്ധമുണ്ട്. കൊല്ലത്ത് എത്തി ബോട്ടു മാര്‍ഗം ഓസ്ട്രേലിയയിലേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. തമിഴ്നാട്ടില്‍ നിന്ന് കൊല്ലത്തേക്ക് തിരിക്കുമ്പോള്‍ മുതല്‍ ഐ.ബി. ഉദ്യോഗസ്ഥര്‍ സംഘം അറിയാതെ പിന്തുടരുന്നുണ്ടായിരുന്നു. ഇവര്‍ കടല്‍കടക്കാന്‍ നടത്തുന്ന നീക്കം എങ്ങനെ എന്നറിയാനാണ് കൊല്ലം എത്തും വരെ നീരിക്ഷിച്ചത്. ബോട്ട് തയ്യാറാക്കി ഇവര്‍ കടല്‍കടക്കാന്‍ തീരുമാനിച്ച ദിവസമാണ് പോലീസിനെ കൊണ്ട് കസ്റ്റഡിയില്‍ എടുപ്പിച്ചത്. അപ്പോള്‍ മാത്രമാണ് തങ്ങളുടെ അതിര്‍ത്തി വഴി ഓസ്ട്രേലിയയിലേക്ക് മനുഷ്യക്കടത്തു നടക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സത്യം കേരളാ പോലീസ് തിരിച്ചറിയുന്നത്. ഇതിനു മുമ്പും പല തവണ കൊല്ലത്ത് നിന്നും മുനമ്പത്തു നിന്നും ശ്രീലങ്കന്‍ തമിഴ്വംശജര്‍ ഓസ്ട്രേലിയിലേക്ക് കടന്നുവെന്ന് പിടിയിലായവരില്‍ നിന്ന് വ്യക്തമായി. 

പിന്നീടും കേരളം വഴി മനുഷ്യക്കടത്തിനുള്ള ശ്രമങ്ങള്‍ അരങ്ങേറി. 2011ല്‍ കൊല്ലം ഞാറയ്ക്കലില്‍ നിന്ന് പതിനാറ് ശ്രീലങ്കക്കാരെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ കടത്താന്‍ തയാറാക്കി വച്ചിരുന്ന സ്വീക്വീന്‍ എന്ന ബോട്ടും കണ്ടെത്തി. 2012ല്‍ കൊല്ലം കാവനാട് നിന്ന് ബോട്ടില്‍ കടക്കാന്‍ ശ്രമിക്കുന്നതിന് തൊട്ടു മുമ്പ് നൂറ്റിരണ്ടംഗ ശ്രീലങ്കന്‍ തമിഴരെയും കസ്റ്റഡിയില്‍ എടുത്തു. പത്തൊമ്പതു സ്ത്രീകളും ഇരുപത്തിയഞ്ച് കുട്ടികളും അടങ്ങിയതായിരുന്നു സംഘം. അഷ്ടമുടിക്കായലിന്റെ തീരത്തുണ്ടായിരുന്ന യുവാക്കളാണ് ബോട്ട് ലക്ഷ്യമാക്കി നീങ്ങിയ സംഘത്തെപ്പറ്റി പോലീസിന് വിവരം നല്‍കിയത്. ഇതേ വര്‍ഷം മുനമ്പത്ത് നിന്ന് മനുഷ്യക്കടത്തിന് ശ്രമിച്ച വീരമണി എന്ന ഏജന്റിനെ പിടികൂടിയിരുന്നു. കേരളത്തില്‍ നിന്ന് മനുഷ്യക്കടത്ത് നടത്തുന്നത് എങ്ങനെയെന്ന് കേട്ട് പോലീസ് അന്ധാളിച്ചു. ശ്രീലങ്കയില്‍ നിന്ന് വരുന്ന തമിഴരെ കടത്താനായി വന്‍ റാക്കറ്റാണ് പ്രവര്‍ത്തിക്കുന്നത്. അന്‍പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപവരെയാണ് കടത്തു കൂലി. കൊല്ലം, മുനമ്പം, കര്‍ണാടക, ഒഡീഷ തീരങ്ങളിലെ മത്സ്യബന്ധന ഹാര്‍ബറുകള്‍ വഴിയാണ് കടത്ത്. ഇതിനായി ഇവര്‍ വലിയ വില കൊടുത്ത് മത്സ്യബന്ധന ബോട്ടുകള്‍ വാങ്ങും. ദീര്‍ഘദൂര യാത്രയ്ക്ക് ഉതകും വിധം ബോട്ട് സജ്ജീകരിക്കും. എണ്ണായിരം ലിറ്ററോളം ഡീസലും രണ്ടായിരം ലിറ്ററോളം വെള്ളവും സംഭരിക്കും. അന്‍പതോളം പേരെയാണ് ഒരു തവണ കടത്തുക. ഓസ്ട്രേലിയന്‍ കടലിലുള്ള ക്രിസ്മസ് ദ്വീപാണ് ലക്ഷ്യസ്ഥാനം. അവിടെ തീരമണയുന്നതോടെ ഒസ്ട്രേലിയന്‍ സുരക്ഷാസേന അഭയാര്‍ത്ഥികളെ അറസ്റ്റ് ചെയ്യും ജയിലിലടയ്ക്കും. കുറച്ചു നാളത്തെ ജയില്‍ വാസത്തിനു ശേഷം രാജ്യത്ത് തുടരാനുള്ള പെര്‍മിറ്റ് ലഭിക്കും. ഇതാണ് ശ്രീലങ്കന്‍ അഭാര്‍ത്ഥികളെ ഒസ്ട്രേലിയിലേക്ക് കടക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തി കടന്നാല്‍ പലപ്പോഴും ഈ സംഘങ്ങള്‍ക്ക് സഹായവുമായി ചില കപ്പലുകളുമുണ്ടാകും. 

രാജ്യമൊട്ടാകെ വ്യാപിച്ചു കിടക്കുന്ന വന്‍ റാക്കറ്റാണ് ഈ മനുഷ്യക്കടത്തിന് പിന്നില്‍. പല തവണ മനുഷ്യക്കടത്ത് കണ്ടെത്തിയിട്ടും ഈ റാക്കറ്റിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചില കണ്ണികള്‍ മാത്രം പിടിയിലാകും. തുടരന്വേഷണമില്ലാതെ കേസ് അവസാനിക്കുകയും ചെയ്യും. ശ്രീലങ്കയില്‍ നിന്ന് രാജ്യത്തേക്ക് കടക്കുന്നവരെ കൂടാതെ തമിഴ്നാട്ടിലടക്കമുള്ള ശ്രീലങ്കന്‍ തമിഴ്പുനരധിവാസ ക്രേന്ദങ്ങളിലുള്ളവരും ഈ റാക്കറ്റിന്റെ സഹായത്തോടെ ഓസ്ട്രേലിയന്‍ തീരത്തെത്താന്‍ ശ്രമിക്കാറുണ്ട്. നമ്മുടെ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ വന്‍ പാളിച്ച തന്നെയാണ് ഈ മനുഷ്യക്കടത്തിന് തുണയാകുന്നത് എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

Content Highlight: From Kochi to Australia human trafficking