പാരിസ്: ഫ്രാൻസിലെ കുപ്രസിദ്ധ സീരിയൽ കില്ലറായ മൈക്കൽ ഫോർണിറെറ്റ്(79) അന്തരിച്ചു. കൊലക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന മൈക്കൽ പാരിസിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. ജയിലിൽ ഇരട്ടജീവപര്യന്തം അനുഭവിച്ചു വരികയായിരുന്ന മൈക്കലിനെ ഏപ്രിൽ 28-നാണ് ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.

വർഷങ്ങളുടെ ഇടവേളയിൽ ഒട്ടേറെ പെൺകുട്ടികളെയാണ് മൈക്കൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നത്. ഇതിൽ ഏഴ് കൊലക്കേസുകളിൽ 2008-ൽ ശിക്ഷിക്കപ്പെടുകയും ജയിലിലടക്കുകയും ചെയ്തു. പിന്നീട് 2018-ൽ മറ്റൊരു കൊലക്കേസിൽ കൂടി മൈക്കലിന് ശിക്ഷ ലഭിച്ചു. ഇതിനുപുറമേ വിചാരണ പൂർത്തിയാകാത്ത മറ്റനേകം കൊലക്കേസുകളിലും ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നു.

ആർഡെനെസ്സിലെ രാക്ഷസൻ

ഫ്രാൻസിലെ വടക്കൻ മേഖലയായ ആർഡ്നെസ്സിലും ബെൽജിയത്തിലുമായാണ് മൈക്കൽ സംഹാരതാണ്ഡവം ആടിയിരുന്നത്. അതിനാൽതന്നെ ആർഡെനെസ്സിലെ രാക്ഷസന്‍ എന്നായിരുന്നു ജനങ്ങൾ ഇയാൾക്ക് നൽകിയ വിശേഷണം. അക്ഷരാർഥത്തിൽ ജനങ്ങളിൽ ഭീതിസൃഷ്ടിക്കുന്ന ഒരു രാക്ഷസൻ തന്നെയായിരുന്നു മൈക്കൽ. അത്രയേറെ ക്രൂരമായാണ് ഇയാൾ തന്റെ ഓരോ ഇരകളുടെയും ജീവനെടുത്തത്. 12 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളായിരുന്നു മൈക്കലിന്റെ ഇരകൾ. ഇവരെ തട്ടിക്കൊണ്ടുപോകാനും ബലാത്സംഗം ചെയ്യാനും അതിനുശേഷം ക്രൂരമായി കൊലപ്പെടുത്താനും ഭാര്യ ഒലിവറും മൈക്കലിനെ സഹായിച്ചു. ഇവരും ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയാണ്.

25-ാം വയസിൽ ആർഡെനെസ്സ് സ്വദേശിയായ പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് മൈക്കൽ ആദ്യമായി ശിക്ഷിക്കപ്പെടുന്നത്. എട്ട് മാസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയെങ്കിലും ക്രൂരത തുടർന്നു. 1984-ൽ മറ്റൊരു യുവതിയെ ആക്രമിച്ചതിന് വീണ്ടും ജയിലിലായി. ഈ സമയത്താണ്‌ പിന്നീട് വിവാഹം ചെയ്ത ഒലിവറുമായി മൈക്കൽ ബന്ധം ആരംഭിക്കുന്നത്. കത്തുകളിലൂടെ ഇരുവരും ആശയവിനിമയം നടത്തി. ജയിലിൽനിന്ന് പുറത്തിറങ്ങിയാൽ എന്തിനും കൂടെനിൽക്കാമെന്നും പെൺകുട്ടികളെ കണ്ടെത്താൻ സഹായിക്കാമെന്നും ഒലിവർ സമ്മതിച്ചു. തന്റെ ഭർത്താവിനെ കൊല്ലണമെന്നും ആവശ്യപ്പെട്ടു. 1987-ൽ മൈക്കൽ ജയിൽമോചിതനായപ്പോൾ ഒലിവർ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. രണ്ടു മാസത്തിന് ശേഷം ഇരുവരും ചേർന്ന് ആദ്യത്തെ കുറ്റകൃത്യം നടത്തി.

1987 ഡിസംബറിൽ സ്കൂൾ വിട്ട് വരികയായിരുന്ന 17-കാരിയെ ഒലിവറാണ് വാനിൽ കയറ്റിക്കൊണ്ടുപോയത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വാനിൽ കയറ്റിയ യുവതി യാത്രയ്ക്കിടെ മൈക്കലിനെയും കൂട്ടി. പിന്നീട് വാനിൽവെച്ച് മൈക്കൽ പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഇരുവരും ഒരുമിച്ച് ചേർന്നതിന് ശേഷമുള്ള ആദ്യ ഇരയായിരുന്നു ആ 17-കാരി. പിന്നീടങ്ങോട്ടുള്ള 16 വർഷം ദമ്പതിമാർ ഫ്രാൻസിലും ബെൽജിയത്തിലുമായി തങ്ങളുടെ ക്രൂരത തുടര്‍ന്നു. എട്ട് പെൺകുട്ടികളെയാണ് വിവിധ കാലയളവുകളിലായി ഇരുവരും ചേർന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നത്.

വർഷങ്ങൾ നീണ്ട ദമ്പതിമാരുടെ ക്രൂരതയ്ക്ക് പൂട്ടു വീണത് 2003-ലായിരുന്നു. 13-കാരിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഒലിവറിന്റെ പദ്ധതി പാളി. പെൺകുട്ടി രക്ഷപ്പെട്ടതോടെ പോലീസ് അന്വേഷണത്തിൽ ഒലിവറും മൈക്കലും കുടുങ്ങി. രണ്ടു പേരെയും അറസ്റ്റ് ചെയ്തു. ഇതിനുശേഷം പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ ക്രൂരമായ കൊലപാതകങ്ങളുടെ കഥകളാണ് ഇരുവരും വിവരിച്ചത്. മനസ് മരവിക്കുന്ന ക്രൂരത കേട്ട് ജനങ്ങൾ നടുങ്ങി.

ഏഴ് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് 2008-ൽ മൈക്കലിനെ ശിക്ഷിച്ചത്. പിന്നീട് 2018-ൽ മറ്റൊരു കൊലക്കേസിലും ശിക്ഷിക്കപ്പെട്ടു. എന്നാൽ, ഇതിന് പുറമേ ബ്രിട്ടീഷ് വിദ്യാർഥിനി ഉൾപ്പെടെ ഒട്ടേറെ പേരെ താൻ കൊലപ്പെടുത്തിയതായി മൈക്കൽ സമ്മതിച്ചു. ഭിന്നശേഷിക്കാരിയായ യുവതിയും ഇയാളുടെ ഇരകളുടെ പട്ടികയിലുണ്ടായിരുന്നു. 2003-ൽ കൊലപ്പെടുത്തിയ ഒമ്പത് വയസ്സുകാരിയായിരുന്നു മൈക്കലിന്റെ ഇരകളിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ.

Content Highlights:french serial killer died in hospital