കൊച്ചി: ഫോർ സെയിൽ എന്ന സിനിമയിലെ രംഗങ്ങൾ 2014-ൽ തന്നെ നീക്കംചെയ്തെന്ന പോലീസിന്റെ വാദം തെറ്റാണെന്ന് സോന അബ്രഹാം. സിനിമയിലെ രംഗങ്ങൾ 2014-ൽ യൂട്യൂബിൽനിന്ന് നീക്കം ചെയ്തെന്ന് പോലീസ് അവകാശപ്പെടുന്നത് വാസ്തവവിരുദ്ധമാണെന്നും രംഗങ്ങൾ നീക്കംചെയ്തതായി പോലീസിന് രേഖാമൂലം എഴുതിനൽകിയിട്ടില്ലെന്നും മൊഴിനൽകിയിട്ടില്ലെന്നും നിയമവിദ്യാർഥിനി കൂടിയായ സോന എബ്രഹാം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

2013-ൽ റിലീസായ സിനിമയിലെ രംഗങ്ങൾ 2014-ലാണ് വിവിധ പോൺസൈറ്റുകളിലും യൂട്യൂബിലും പ്രചരിക്കാൻ തുടങ്ങിയത്. സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അന്നത്തെ എ.ഡി.ജി.പിക്ക് ഒരു പരാതി നൽകിയിരുന്നു. അന്നും ഈ രംഗങ്ങളെക്കുറിച്ച് പോലീസിനോട് സൂചിപ്പിച്ചു. എന്നാൽ എന്തോ മുൻവിധിയോട് കൂടിയാണ് പോലീസ് പെരുമാറിയത്. പിന്നീട് രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം കമ്മീഷണർ ഓഫീസിൽ പരാതി നൽകി. ആ പരാതി പിന്നീട് സൈബർ സെല്ലിന് കൈമാറി. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. സിനിമയുടെ സംവിധായകൻ, നിർമാതാവ്, എഡിറ്റർ എന്നിവർക്കെതിരേ നിസാര വകുപ്പുകൾ ചേർത്താണ് എഫ്.ഐ.ആർ. തയ്യാറാക്കിയത്. ഈ രംഗങ്ങൾ സൈറ്റുകളിലോ യൂട്യൂബിലോ കാണാനില്ലെന്നായിരുന്നു അന്ന് പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. പക്ഷേ, അപ്പോഴും സിനിമയിലെ രംഗങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഈ വീഡിയോകൾ അപ് ലോഡ് ചെയ്തത് പാകിസ്താനിലെ ഐ.പി. അഡ്രസിൽനിന്നാണെന്ന് മാത്രം പോലീസുകാർ പറഞ്ഞിരുന്നു. പിന്നീട് കേസിൽ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. അതിനാലാണ് രംഗങ്ങൾ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

മുളന്തുരുത്തി പോലീസിൽ സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു പരാതിയാണ് നൽകിയതെന്നും രംഗങ്ങൾ നീക്കംചെയ്യാൻ ആവശ്യപ്പെട്ട പരാതിയിൽ എറണാകുളം നോർത്ത് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ രജിസ്റ്റർ ചെയ്തതെന്നും സോന വിശദീകരിച്ചു. പോലീസിന് രണ്ട് കേസുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടായോ എന്നതാണ് സംശയമെന്നും സോന വ്യക്തമാക്കി.

കഴിഞ്ഞദിവസത്തെ വാർത്തളും ഫെയ്സ്ബുക്ക് ലൈവും ശ്രദ്ധയിൽപ്പെട്ട് പോലീസ് ഹൈടെക്ക് സെല്ലിൽനിന്ന് ഉദ്യോഗസ്ഥർ വിളിച്ചിരുന്നു. അന്ന് രജിസ്റ്റർ ചെയ്ത കേസിന്റെ രേഖകളാണ് ഹൈടെക്ക് സെല്ലിൽനിന്ന് ആവശ്യപ്പെട്ടതെന്നും സോന വ്യക്തമാക്കി.

പതിനാലാം വയസിലാണ് സോന എബ്രാഹം ഫോർ സെയിൽ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ സിനിമയിലെ രംഗങ്ങൾ പിന്നീട് പോൺസൈറ്റുകളിലും ഇന്റർനെറ്റിലും വ്യാപകമായി പ്രചരിച്ചെന്നായിരുന്നു ഇവരുടെ പരാതി. ഇതുസംബന്ധിച്ച് സോന ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് വീഡിയോയും ഏറെ ചർച്ചയായിരുന്നു.

അതേസമയം, 2014-ൽ തന്നെ പെൺകുട്ടിയുടെ പരാതിയിൽ യൂട്യൂബിൽനിന്ന് സിനിമയിലെ രംഗങ്ങൾ നീക്കംചെയ്തിട്ടുണ്ടെന്നാണ് പോലീസിന്റെ വാദം. മുളന്തുരുത്തി പോലീസിൽ നൽകിയ പരാതി പിന്നീട് സൈബർ സെൽ അന്വേഷിച്ചെന്നും യൂട്യൂബിലെ രംഗങ്ങൾ അന്ന് തന്നെ നീക്കംചെയ്തതാണെന്നും പോലീസ് പറഞ്ഞു. രംഗങ്ങൾ നീക്കംചെയ്തെന്ന് പരാതിക്കാർ മൊഴി നൽകിയിട്ടുണ്ടെന്നും പോലീസ് അവകാശപ്പെടുന്നു.

Content Highlights:for sale malayalam movie scenes in various sites actress sona abraham refuses police version