അങ്കമാലി: 54 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തലയ്ക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞും കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. അങ്കമാലി ജോസ്പുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചാത്തനാട്ട് വീട്ടില്‍ ഷൈജു തോമസ് (40) ആണ് അറസ്റ്റിലായത്. കുട്ടി തന്റെയല്ല എന്നുള്ള സംശയത്താലും പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള നിരാശയാലുമാണ് ഇയാള്‍ ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. ജോസ്പുരം ഭാഗത്ത് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍, കിടപ്പുമുറിയില്‍ വെച്ചാണ് കുഞ്ഞിനെ ക്രൂരമായി ആക്രമിച്ചത്. ഭാര്യയുടെ കൈയില്‍നിന്ന് ബലമായി പിടിച്ചുവാങ്ങി കൈകൊണ്ട് രണ്ടുപ്രാവശ്യം കുട്ടിയുടെ തലയ്ക്ക് അടിക്കുകയും കട്ടിലിലേക്ക് വലിച്ചെറിയുകയും ചെയ്തു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ തലച്ചോറില്‍ രക്തസ്രാവവും വെള്ളക്കെട്ടുമുണ്ട്, കാലുകളില്‍ ചതവുമുണ്ട്.

ഷൈജുവിന്റെ ഭാര്യ നേപ്പാള്‍ സ്വദേശിനിയാണ്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട നേപ്പാള്‍ സ്വദേശിനിയായ യുവതിയും ഷൈജുവും തമ്മില്‍ വിവാഹം കഴിഞ്ഞിട്ട് ഒരുവര്‍ഷമേ ആയിട്ടുള്ളു. നേപ്പാളില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. 10 മാസം മുന്‍പാണ് ഇവര്‍ ജോസ്പുരത്ത് താമസം തുടങ്ങിയത്.

കുഞ്ഞിന്റെ രാത്രിയിലുള്ള കരച്ചിലില്‍ അസ്വസ്ഥതയുള്ള ഷൈജു ഇതിന് മുന്‍പും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആലുവ ഡിവൈ.എസ്.പി ജി. വേണുവിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷത്തിലാണ് ഷൈജു തോമസ് അറസ്റ്റിലായത്. കണ്ണൂര്‍ സ്വദേശിയായ ഷൈജു വര്‍ഷങ്ങളായി അങ്കമാലി ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ്.

ചെങ്ങമനാട് എസ്.എച്ച്.ഒ ടി.കെ. ജോസിയുടെ നേതൃത്വത്തില്‍ എസ്.ഐ അശോകന്‍, പോലീസ് ഉദ്യോഗസ്ഥരായ വര്‍ഗീസ്, ബിജു, പ്രമോദ്, സലിന്‍കുമാര്‍, പ്രമോദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: father brutally attacked 54 days old baby girl in angamaly