കാസർകോട്: മണലാരണ്യത്തിൽ വിയർപ്പൊഴുക്കി നേടിയത്, മകളുടെ വിവാഹത്തിനായി കാത്തുവെച്ചത്, അങ്ങനെ നിരവധി പേരുടെ സമ്പാദ്യങ്ങളാണ് ഫാഷൻ ഗോൾഡ് നിക്ഷേപക തട്ടിപ്പിൽ നഷ്ടപ്പെട്ടത്. നിക്ഷേപക തുക തിരിച്ചുകിട്ടാതായതോടെ ഒരു രക്ഷയുമില്ലാതായിട്ടാണ് നിക്ഷേപകർ പരാതികളുമായി രംഗത്തെത്തിയത്. ഇതോടെ പരാതികളുടെയും കേസുകളുടെയും എണ്ണം നൂറു കവിഞ്ഞു. ഒടുവിൽ ദിവസങ്ങൾ പിന്നിട്ടപ്പോൾ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ ചെയർമാനും മുസ്ലീം ലീഗ് എം.എൽ.എയുമായ എം.സി. ഖമറുദ്ദീൻ അറസ്റ്റിലുമായി.

കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളവർ ലക്ഷക്കണക്കിന് രൂപയാണ് ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചത്. രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ പ്രശസ്തരായ സമൂഹത്തിൽ ഉന്നത സ്ഥാനമുള്ള നേതാക്കളടക്കം തുടങ്ങിയ സ്ഥാപനമായതിനാൽ കൂടുതൽ ആലോചിക്കാതെ പലരും പണം മുടക്കാൻ തയ്യാറായി. എന്നാൽ പിന്നീടങ്ങോട്ട് ഇവരെല്ലാം കൊടുംചതിയുടെ ഇരകളാവുകയായിരുന്നു.

ജൂവലറിയുടെ മുഴുവൻ ശാഖകളും അടച്ചുപൂട്ടിയതോടെയാണ് നിക്ഷേപകർക്ക് ആശങ്ക വർധിച്ചത്. പണം തിരിച്ചുകിട്ടാതായ ആദ്യഘട്ടങ്ങളിൽ അവർ പരസ്യ പ്രതികരണവുമായോ പരാതിയുമായോ രംഗത്തെത്തിയില്ല. എന്നെങ്കിലും പണം തിരിച്ചുകിട്ടുമെന്ന് ഉറച്ചു വിശ്വസിച്ചു.

എന്നാൽ, കാസർകോട് അടക്കമുള്ള ജൂവലറി ശാഖകൾ അടച്ചുപൂട്ടിയതോടെ നിക്ഷേപകർ പരാതികളുമായെത്തി. അതുവരെ പണം ചോദിച്ച് ജൂവലറിയിൽ എങ്കിലും പോകാമെന്ന് കരുതിയവർ ഇത് വൻതട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പോലീസിനെ സമീപിച്ചത്. ഇതിനിടെ പലരീതിയിലുള്ള ഒത്തുതീർപ്പ് ചർച്ചകളും പ്രശ്നപരിഹാര യോഗങ്ങളും നടന്നെങ്കിലും പണം ആര് തരുമെന്നോ എപ്പോൾ തരുമെന്നോ വ്യക്തമായ ഉത്തരം ലഭിച്ചില്ല.

ചന്തേര ആസ്ഥാനമാക്കി 2006-ലാണ് ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ ആദ്യമായി രൂപവത്‌കരിച്ചത്. പിന്നീട് 2008-ൽ ഒമർ ഫാഷൻ ഗോൾഡ്, 2009-ൽ നുജൂം ഗോൾഡ്, 2012-ൽ ഫാഷൻ ഓർണമെന്റ്സ് എന്നീ സ്ഥാപനങ്ങൾ കൂടി രജിസ്റ്റർ ചെയ്തു. ഈ നാല് സ്ഥാപനങ്ങളിലായി ഏകദേശം 750-ഓളം പേരാണ് പണം നിക്ഷേപിച്ചിരുന്നത്. ഈ നാല് കമ്പനികളുടെ പേരാണ് നിക്ഷേപകർക്ക് നൽകിയ രേഖകളിൽ പരാമർശിച്ചിരുന്നത്‌. നാല് കമ്പനികളും ഒന്നാണെന്നും നിക്ഷേപകരോട് പറഞ്ഞിരുന്നു.

ജൂവലറിയിലെ കച്ചവടം പൊളിഞ്ഞതാണ് പണം തിരിച്ചുനൽകാൻ സാധിക്കാതെ വന്നതിന് കാരണമെന്നായിരുന്നു ജൂവലറി മാനേജ്മെന്റിന്റെ വിശദീകരണം. എന്നാൽ, കച്ചവടം പൊളിഞ്ഞ്, ശാഖകൾ ഓരോന്നായി അടച്ചുപൂട്ടിയപ്പോഴും ഇത് മറച്ചുവെച്ച് പണം സമാഹരിച്ചിരുന്നതായാണ് നിക്ഷേപകർ നേരത്തെ പറഞ്ഞിരുന്നത്. നിക്ഷേപകർ അറിയാതെ കമ്പനിയുടെ ആസ്തികൾ മറിച്ചു വിറ്റതായും ആക്ഷേപമുണ്ടായിരുന്നു.

Content Highlights:fashion gold jewellery fruad case mc khamarudheen arrested