കുറ്റം - കൊലപാതകം. തീയതി - 2018 ജനുവരി 8. സ്ഥലം - കുമ്പളം കായലിനോടു ചേർന്നുള്ള ഒഴിഞ്ഞ പറമ്പ്

Crimeകായലിൽനിന്ന് കിട്ടിയ നീലനിറത്തിലുള്ള വീപ്പ ഒഴിഞ്ഞപറമ്പിലിരുന്നത് ഒരുവർഷത്തിലേറെ. കോൺക്രീറ്റ് നിറച്ച വീപ്പ ഒടുവിൽ പൊട്ടിച്ചു നോക്കിയപ്പോൾ കണ്ടത് തലയോട്ടി. അതിവിദഗ്ധമായി ഒളിപ്പിച്ച ഒരു കൊലപാതകത്തിന്റെ ചുരുൾ നിവർന്നത് അവിടെനിന്ന്.

കുമ്പളത്ത് കായലോരത്തുള്ള പറമ്പിലായിരുന്നു വീപ്പ. 2016 ഡിസംബറിൽ കായലിലെ ചെളികോരിയപ്പോൾ കിട്ടിയ വീപ്പ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. ആരും ശ്രദ്ധിക്കാതിരുന്ന വീപ്പ എല്ലാവരുടെയും സംശയത്തിനിരയായത് ദുർഗന്ധം വമിച്ചതോടെയാണ്. മാത്രമല്ല, വീപ്പ ഉറുമ്പരിക്കുകയും ചെയ്യുന്നു.

കായലിൽ കിടന്നതുകൊണ്ടാകാമിതെന്ന് പലരും പറഞ്ഞു. എന്നാൽ, ചിലർ ദുരൂഹത ആരോപിച്ചു. പലരും പത്രക്കാരെ വിളിച്ച് വിവരം പറഞ്ഞു. ദുരൂഹത ആദ്യം തള്ളിയ പനങ്ങാട് പോലീസ്, സമ്മർദ്ദത്തിനൊടുവിൽ വീപ്പ പൊട്ടിക്കാൻ തീരുമാനിച്ചു.

2018 ജനുവരി എട്ട്. രണ്ട് പോലീസുകാരാണ് ആദ്യം വന്നത്. സംഗതി ഗൗരവമാണെന്ന് മനസ്സിലായതോടെ, പനങ്ങാട് സി.ഐ ആയിരുന്ന സിബി ടോമിനെ വിവരം അറിയിച്ചു.

കൂടുതൽ പോലീസെത്തി വീപ്പ പൊട്ടിച്ചപ്പോൾ പുറത്തുവന്നത് തലയോട്ടി. പൊട്ടിച്ചുപൊട്ടിച്ചു ചെന്നതോടെ കൂടുതൽ ഞെട്ടിക്കുന്ന കാഴ്ചകൾ. എല്ലിൻ കഷണങ്ങൾ, 500 രൂപയുടെ മൂന്നുനോട്ടുകൾ, നൂറിന്റെ ഒരു നോട്ട്, വെള്ളി അരഞ്ഞാണം, ഏതാനും തുണി കഷണങ്ങൾ, മുടി, ഒരു സ്ക്രൂ എന്നിവ വീപ്പയിൽനിന്ന് കിട്ടി.

ഒറ്റനോട്ടത്തിൽ മൃതദേഹം സ്ത്രീയുടേതോ പുരുഷന്റേതോ എന്നുറപ്പിക്കാനുകുന്നില്ല. അന്വേഷണം വഴി തെറ്റിക്കാൻ പല കാര്യങ്ങളും കുറ്റവാളികൾ ഉൾപ്പെടുത്താം. ഫൊറൻസിക് തെളിവുകളെ ആശ്രയിക്കാൻ പോലീസ് തീരുമാനിച്ചു.

ഡി.എൻ.എ. പരിശോധനയ്ക്കുള്ള സാമ്പിളുകൾ അയച്ചു. ഇതോടൊപ്പം കിട്ടിയ അവശിഷ്ടങ്ങളിൽനിന്ന് ചില തെളിവുകൾ സൃഷ്ടിക്കാനും തീരുമാനിച്ചു.

തെളിവ് 1 - നോട്ട് നിരോധനം

പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസികൾ നിരോധിച്ചത് 2016 നവംബർ എട്ടിനായിരുന്നു. മൃതദേഹത്തിൽനിന്ന് മൂന്ന് അഞ്ഞൂറിന്റെ നോട്ടുകൾ കിട്ടിയതോടെ, കൊലപാതകം നവംബർ എട്ടിനുമുന്നെയാകുമെന്ന് പോലീസ് ഉറപ്പിച്ചു.

തെളിവ് 2 - അരഞ്ഞാണം

മൃതദേഹത്തിൽനിന്ന് കിട്ടിയ അരഞ്ഞാണത്തിന്റെ നീളം കൊല്ലപ്പെട്ടയാളുടെ വണ്ണം കണക്കാക്കാൻ സഹായിച്ചു. ഉടുത്തിരുന്ന വസ്ത്രം മരിച്ചത് 50 വയസിൽ കൂടുതൽ പ്രായമുള്ള സ്ത്രീയുടേതാകാമെന്ന നിഗമനത്തിനും പോലീസിനെ സഹായിച്ചു.

തെളിവ് 3 - പിരിയൻ ആണി

കോൺക്രീറ്റ് കഷണങ്ങൾക്കിടയിൽനിന്ന് കിട്ടിയ കുഞ്ഞ് പിരിയൻ ആണിയാണ് പോലീസിനെ മുന്നോട്ടുനയിച്ചത്. അതിലെന്തോ എഴുതിയിട്ടുണ്ടെന്ന് കണ്ടെത്തി. ഒറ്റനോട്ടത്തിൽ വായിക്കാനാകുന്നില്ല. ഫോട്ടോയെടുപ്പിച്ച് സൂം ചെയ്തു നോക്കി. പിറ്റ്കാർ എന്ന് ഇംഗ്ലീഷിലും പിന്നെയൊരു ഏഴക്ക നമ്പരും. എന്താണ് പിറ്റ്കാർ? ശസ്ത്രക്രിയ ഉപകരണങ്ങൾ വിൽക്കുന്ന കമ്പനി. എല്ലുകൾ ശസ്ത്രക്രിയ വഴി കൂട്ടിയോജിക്കാനായുള്ളതാണ് ഈ പിരിയൻ ആണിയെന്നറിഞ്ഞു.

അതോടെ വഴി തെളിഞ്ഞു. ഏഴക്ക നമ്പർ ബാച്ച് നമ്പറായിരുന്നു. ആ ബാച്ചിൽ നിർമിച്ചതിൽ പന്ത്രണ്ടെണ്ണം കേരളത്തിലെത്തി. ഇതിൽ ആറെണ്ണം എറണാകുളത്തെ ആശുപത്രിയിൽ മാലിയോലാർ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചതാണെന്നും കണ്ടെത്തി.

ഈ ആറ് ശസ്ത്രക്രിയകളുടെയും വിവരങ്ങൾ ശേഖരിച്ചു. ഒരാൾ മാത്രം ശസ്ത്രക്രിയയ്ക്കുശേഷം തുടർ ചികിത്സയ്ക്കെത്തിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതാരെന്ന അന്വേഷണം എത്തിച്ചത് ശകുന്തള എന്ന തൃപ്പൂണിത്തുറക്കാരിയിലേക്ക്.

ശകുന്തളയുടെ മകളെയാണ് ആദ്യം പോലീസ് കണ്ടെത്തിയത്. സ്കൂട്ടറിൽനിന്നുവീണ ശകുന്തളയ്ക്ക് 2016 സെപ്റ്റംബർ രണ്ടിന് ശസ്ത്രക്രിയ നടത്തിയെന്ന് മനസ്സിലാക്കി. ഇതോടൊപ്പം മകളുമായി അടുപ്പമുണ്ടായിരുന്ന സജിത്ത് എന്ന യുവാവ് ശകുന്തളയുടെ മൃതദേഹം കണ്ടെത്തി അടുത്തദിവസം സയനെഡ് കഴിച്ച് ആത്മഹത്യ ചെയ്തെന്നും കണ്ടെത്തി. മകളും യുവാവുമായുള്ള ബന്ധത്തെ ശകുന്തള എതിർത്തിരുന്നു. അതുകൂടി അറിഞ്ഞതോടെ പോലീസ് വിധിയെഴുതി. ശകുന്തളയെ കൊന്നത് സജിത്ത്. പിടിയിലാകുമെന്ന ഭയത്താൽ ഇയാൾ ആത്മഹത്യ ചെയ്തു.

കൊലയാളിയുടെ തന്ത്രം

ശകുന്തളയെ കോട്ടയത്തെ ചേച്ചിയുടെ വീട്ടിലേക്ക് മാറ്റുന്നുവെന്നാണ് അയൽക്കാരോട് സജിത്ത് പറഞ്ഞത്. പിന്നീട് കാമുകിയെയും കുട്ടികളെയും ഇവിടെനിന്ന് മാറ്റി. വീട്ടിൽ തനിച്ചായ ശകുന്തളയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിൽ സൂക്ഷിച്ചു. വെള്ളം പിടിച്ചുവെക്കാനെന്നുപറഞ്ഞ് ഒരു വീപ്പ വാങ്ങി. ഇതിൽ മൃതദേഹം ഇട്ട് കോൺക്രീറ്റ് ചെയ്തു. മൃഗങ്ങളുടെ അവശിഷ്ടങ്ങളെന്ന വ്യാജേന ഇത് ഉപേക്ഷിക്കാൻ അഞ്ചുപേരെ ഏൽപ്പിച്ചു.

മൃഗപീഡന നിരോധന വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു സജിത്ത്. അതിനാൽ ആരും സംശയിച്ചതുമില്ല. മൃതദേഹം ഉപേക്ഷിച്ചശേഷം എരുവേലിയിലെ വീടുപേക്ഷിച്ച് കുരീക്കാട് വീട് വാടകയ്ക്കെടുത്ത് കാമുകിയെയും മക്കളെയും അവിടേക്കുമാറ്റി. അതോടെ ശകുന്തളയെ എല്ലാവരും മറന്നു.

Content Highlights:eranakulam shakunthala murder case investigation