കൊച്ചി: ഇലഞ്ഞിക്കടുത്ത് പൊന്‍കുറ്റിയില്‍നിന്ന് പിടിയിലായ കള്ളനോട്ടടി സംഘത്തിന് അന്തസ്സംസ്ഥാന ബന്ധങ്ങളാണുള്ളതെന്ന് കരുതുന്നു. കള്ളനോട്ടുകള്‍ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടില്ലെന്നും മറ്റൊരു ഏജന്‍സിക്ക് കൈമാറാന്‍ ഇരുന്നതാണെന്നുമാണ് പ്രതികള്‍ നല്‍കിയ വിവരം.

ഏജന്‍സി വഴി നോട്ട് തമിഴ്നാട്ടിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. അറസ്റ്റിലായവര്‍ക്ക് കള്ളനോട്ടടി മാത്രമായിരുന്നു ജോലി. ഇവ നാട്ടില്‍ ഉപയോഗിച്ചാല്‍ പിടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അതിനു മുതിരരുതെന്ന് ഇവര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു.

നോട്ടടി സംഘത്തിലെ താഴെയുള്ള കണ്ണികളാണ് അറസ്റ്റിലായവര്‍. എന്‍.ഐ.എ.യും ഇന്റലിജന്‍സ് ബ്യൂറോയും പ്രതികളെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

അറസ്റ്റിലായവരില്‍ പലരും സുഹൃത്തുക്കളുടെ സുഹൃത്തുക്കള്‍ വഴിയാണ് പരിചയപ്പെടുന്നതും നോട്ടടിയിലേക്ക് ഇറങ്ങുന്നതും. നെടുങ്കണ്ടം സ്വദേശി സുനില്‍കുമാറിനായിരുന്നു ഇലഞ്ഞി സംഘത്തിന്റെ മുഴുവന്‍ നിയന്ത്രണം. മറ്റുള്ളവര്‍ നോട്ടടി കേന്ദ്രത്തില്‍ ജോലി ചെയ്യുക മാത്രമാണ് ചെയ്തത്. ഇവര്‍ക്ക് കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ലെന്നാണ് കരുതുന്നത്.

പ്രാദേശിക സഹായം ലഭ്യമായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഒമ്പത് മാസമായി സംഘം ഇലഞ്ഞി, പൊന്‍കുറ്റിയിലെ വാടക വീട്ടില്‍ പ്രവര്‍ത്തിക്കുകയും 15 ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് അടിച്ച് ഏജന്‍സികള്‍ വഴി കൈമാറുകയും ചെയ്തിട്ടുണ്ട്.

100 വ്യത്യസ്ത നമ്പര്‍ വെച്ചുള്ള പദ്ധതി

നൂറ് വ്യത്യസ്ത നമ്പറുള്ള നോട്ടുകളുടെ ഡിജിറ്റല്‍ കോപ്പിയെടുത്ത് ഇവ പ്രിന്റ് ചെയ്‌തെടുക്കുകയായിരുന്നു സംഘം ചെയ്തിരുന്നത്. ഒരു നോട്ടുകെട്ടില്‍ ഒരേ നമ്പറിലുള്ള നോട്ട് വരാതിരിക്കാനായിരുന്നു ഇത്. നമ്പറുകളില്‍ തിരുത്തല്‍ വരുത്തിയിരുന്നില്ല. കള്ളനോട്ട് അടിക്കാന്‍ പുത്തന്‍ സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചതെന്നാണ് പോലീസിന്റെ നിഗമനം. മുമ്പ് പിടികൂടിയിട്ടുള്ള കള്ളനോട്ടിനെക്കാള്‍ മികച്ച നിലവാരം തോന്നുന്നതാണ് 'ഇലഞ്ഞി നോട്ടു'കള്‍. എന്നാല്‍, നോട്ടിന് കനം കുറവാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

കള്ളനോട്ടുകളും നിര്‍മാണ സാമഗ്രികളും പോലീസിന്റെ സംരക്ഷണത്തില്‍

കൂത്താട്ടുകുളം: കേസ് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും കള്ളനോട്ട് സംഘം നിര്‍മിച്ച വ്യാജ നോട്ടുകളും നിര്‍മാണ സാമഗ്രികളും മുദ്ര വെച്ച് പോലീസ് സുരക്ഷിത കേന്ദ്രത്തിലാക്കി. ഏഴര ലക്ഷം രൂപയുടെ അഞ്ഞൂറിന്റെ നോട്ടുകളാണ് പിടിച്ചെടുത്തത്. അഞ്ച് കളര്‍ പ്രിന്ററുകള്‍, ലാമിനേഷന്‍ ഉപകരണം, കട്ടിങ് യന്ത്രം, പേപ്പര്‍, പ്ലാസ്റ്റിക് സാധനങ്ങള്‍ എന്നിവ പ്രത്യേകമായി പെട്ടികളിലാക്കി മുദ്ര വെച്ച നിലയിലാണ്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്.) ആണ് മഹസര്‍ തയ്യാറാക്കിയത്.

നോട്ടടിയും വിതരണവും നിയന്ത്രിക്കുന്നത് കോയമ്പത്തൂര്‍ സംഘം

ഇലഞ്ഞി കള്ളനോട്ടടി സംഘത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള സംഘമാകാനാണ് സാധ്യതയെന്ന് പോലീസ്. കേരളത്തില്‍ മുമ്പ് കള്ളനോട്ട് പിടിച്ച സംഭവങ്ങളിലെല്ലാം കോയമ്പത്തൂര്‍ സംഘത്തിന്റെ പങ്ക് തെളിഞ്ഞിരുന്നു. ഉദയംപേരൂരില്‍ വീട് വാടകയ്ക്ക് എടുത്ത് കള്ളനോട്ട് വിതരണം നടത്തിയിരുന്നവര്‍ കോയമ്പത്തൂര്‍ സംഘത്തില്‍നിന്നാണ് കള്ളനോട്ട് എത്തിക്കുന്നത് എന്ന വിവരം ലഭിച്ചിരുന്നു. ഇതിനു പിന്നാലെ കോയമ്പത്തൂരിലെ കള്ളനോട്ടടി കേന്ദ്രത്തില്‍ റെയ്ഡ് ചെയ്ത് 1.71 കോടിയുടെ കള്ളനോട്ട് കൊച്ചി സിറ്റി പോലീസ് പിടിച്ചതാണ്.

കേരളത്തിലേക്ക് കള്ളനോട്ട് വിതരണം ചെയ്യുന്ന വന്‍ മാഫിയയെ ആണ് അന്ന് പോലീസ് പൂട്ടിച്ചത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഈ നടപടി. ജനുവരിയില്‍ തമിഴ്നാട്ടില്‍നിന്ന് മൂന്നു ലക്ഷത്തിന്റെ കള്ളനോട്ടുമായി എത്തിയ കോയമ്പത്തൂര്‍ സ്വദേശികളെ കമ്പംമെട്ട് പോലീസ് പിടികൂടിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളില്‍നിന്ന് നോട്ടടിക്കാനുള്ള പ്രിന്ററും പോലീസ് കണ്ടെത്തി. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ കള്ളനോട്ട് വിതരണം നടക്കുന്നുണ്ടെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇവിടേക്കുള്ള അന്വേഷണം പാതിവഴിയില്‍ മുറിയുകയാണ് ചെയ്യുന്നത്.കള്ളനോട്ട് കേസുകളില്‍ സംസ്ഥാനത്തിന് പുറത്തുള്ള അന്വേഷണത്തിന് വേണ്ടത്ര പിന്തുണ കിട്ടാറില്ല എന്നതാണ് പ്രശ്‌നം. പലപ്പോഴും പ്രതികളെ പിടിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചാല്‍ ഇവ ചോരുകയും പ്രതികള്‍ രക്ഷപ്പെടുന്ന സംഭവങ്ങളുമാണ് ഉണ്ടാകാറ്. ഇതിനാല്‍ രഹസ്യമായാണ് പ്രതികളെ പിടികൂടുന്ന ഓപ്പറേഷന്‍ പോലും കേരള പോലീസിന് നടത്താനാകുന്നത്.

നോട്ടുകള്‍എത്തിക്കുന്നവരെകുറിച്ച് സൂചന; പ്രതികളെ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കി

കൂത്താട്ടുകുളം: ഇലഞ്ഞിക്കടുത്ത് പൊന്‍കുറ്റിയിലെ വാടക വീട്ടില്‍നിന്ന് കള്ളനോട്ട് കേസില്‍ പിടിയിലായ ഏഴു പേരെയും മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പ്രതികളെ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കി. കേസില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള മറ്റുള്ളവരെക്കുറിച്ചും വ്യാജ നോട്ടുകളെത്തിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ചും പോലീസിന് പ്രാഥമിക സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

സംഘത്തിലെ പ്രധാനികളായ മധുസൂദനന്‍, സുനില്‍കുമാര്‍ കൂട്ടുകെട്ട് തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. മുമ്പും കള്ളനോട്ട് കേസില്‍ ഇവര്‍ പിടിയിലായിട്ടുണ്ട്. മികച്ച രീതിയില്‍ പുതിയ സംവിധാനങ്ങളുപയോഗിച്ച് നോട്ടടിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നതിനായിരുന്നു പദ്ധതി. ആളുകളുടെ ശ്രദ്ധയില്‍ പെടാത്ത കേന്ദ്രങ്ങളാണ് ഇവര്‍ വ്യാജ നോട്ട് നിര്‍മാണത്തിനായി കണ്ടെത്തിയിരുന്നത്. ഇവരുടെ സുഹൃത്ത് തങ്കമുത്തു തമിഴ്‌നാട് സ്വദേശിയാണ്. വര്‍ഷങ്ങളായി വണ്ടിപ്പെരിയാറില്‍ കുടുംബസമേതമാണ് താമസം. തങ്കമുത്തു വഴിയാണ് ഇടുക്കിക്കാരായ സ്റ്റീഫന്‍, ആനന്ദ് എന്നിവര്‍ സംഘത്തിലെത്തിയത്.