വാഷിങ്ടണ്‍: കുപ്രസിദ്ധ മെക്സിക്കന്‍ ലഹരിമാഫിയ തലവന്‍ എല്‍ ചാപോ എന്ന വാക്വിന്‍ ഗുസ്മന്റെ ഭാര്യ എമ കൊറോണല്‍ ഐസ്പുറോ(31) യു.എസില്‍ അറസ്റ്റില്‍. നോര്‍ത്തേണ്‍ വിര്‍ജിനിയയിലെ വിമാനത്താവളത്തില്‍നിന്നാണ് എമയെ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കേസില്‍ എല്‍ ചാപോ യു.എസില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ഇയാളുടെ ഭാര്യയും പിടിയിലാവുന്നത്.
യു.എസിലേക്ക് ഹെറോയിന്‍, കൊക്കെയ്ന്‍ തുടങ്ങിയ അതിമാരക ലഹരിമരുന്നുകള്‍ എത്തിക്കാന്‍ ആസൂത്രണം ചെയ്തെന്ന കുറ്റമാണ് എമയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. 2015-ല്‍ ഗുസ്മനെ ജയിലില്‍നിന്ന് രക്ഷപ്പെടുത്താന്‍ സഹായിച്ചെന്ന കുറ്റവും ഇവര്‍ക്കെതിരെയുണ്ട്. പ്രതിയെ ചൊവ്വാഴ്ച തന്നെ വാഷിങ്ടണിലെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കും.

സാന്‍ഫ്രാസിസ്‌കോയില്‍ ജനിച്ച് മെക്സിക്കോയിലെ ദുരംഗോയില്‍ വളര്‍ന്ന എമ കൊറോണല്‍ ഐസ്പുറോ ലഹരിമാഫിയ തലവനായ ഗുസ്മനെ വിവാഹം കഴിച്ചതോടെയാണ് വാര്‍ത്തകളിലിടം നേടുന്നത്. സൗന്ദര്യമത്സരങ്ങളില്‍ തിളങ്ങിയ 18 വയസ്സുകാരി തന്നെക്കാള്‍ മൂന്നിരട്ടി പ്രായമുള്ള മാഫിയ തലവനെ വിവാഹം കഴിച്ചത് ആളുകളെ ഞെട്ടിച്ചു. എന്നാല്‍ പോലീസിനെയും വിവിധ അന്വേഷണ ഏജന്‍സികളെയും വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ ഗുസ്മനൊപ്പം എമ തന്റെ ദാമ്പത്യജീവിതം ആസ്വദിച്ചു. ഒളിത്താവളങ്ങളിലിരുന്ന് മെക്‌സിക്കന്‍ അധോലോകത്തെ ഗുസ്മന്‍ നിയന്ത്രിക്കുമ്പോള്‍ എമയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.

1993-ലാണ് മാഫിയ തലവനായ ഗുസ്മന്‍ ആദ്യമായി പിടിയിലാകുന്നത്. അന്ന് ഗ്വാട്ടിമാലയില്‍ പിടിയിലായ ഗുസ്മനെ പിന്നീട് മെക്‌സിക്കോയ്ക്ക് കൈമാറുകയും 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. 2001-ല്‍ ഇയാള്‍ ജയില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ജയില്‍ചാടി. പിന്നീട് 2014-ലാണ് ഗുസ്മന്‍ വീണ്ടും പിടിയിലായത്. പക്ഷേ, ഒരുവര്‍ഷത്തിന് ശേഷം ആരെയും അമ്പരപ്പിക്കുന്നരീതിയില്‍ ഗുസ്മന്‍ ജയില്‍ചാടി. സെല്ലിന് താഴെനിന്ന് ജയില്‍വളപ്പിന് പുറത്തേക്ക് തുരങ്കം നിര്‍മിച്ചായിരുന്നു രക്ഷപ്പെടല്‍. ഈ സംഭവത്തിലാണ് ഭാര്യ ഉള്‍പ്പെടെയുള്ള സംഘം ഗുസ്മനെ സഹായിച്ചെന്ന് കണ്ടെത്തിയത്. ജയിലിനടുത്ത് സ്ഥലം വാങ്ങിയ എമയും സംഘവും ദിവസങ്ങള്‍ നീണ്ട ഓപ്പറേഷനൊടുവിലാണ് ഗുസ്മനെ ജയിലില്‍നിന്ന് പുറത്തെത്തിച്ചതെന്നാണ് അധികൃതരുടെ വാദം.
എന്നാല്‍ 2016-ല്‍ വെടിവെപ്പിലൂടെ ഗുസ്മനെ മെക്‌സിക്കന്‍ പോലീസ് കീഴ്‌പ്പെടുത്തി. ഒരുവര്‍ഷത്തിന് ശേഷം യു.എസിന് കൈമാറി. 2019-ല്‍ ഗുസ്മന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നിലവില്‍ ഫ്‌ളോറന്‍സിലെ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് ഇയാള്‍.

ഗുസ്മന്റെ കേസില്‍ വിചാരണ നടക്കുന്നതിനിടെ ഇടയ്ക്കിടെ കോടതിയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ഭാര്യ എമ കൊറോണല്‍ ഐസ്പുറോയെ ഏവരും ശ്രദ്ധിച്ചിരുന്നു. ലോകത്തെ കുപ്രസിദ്ധ മാഫിയ തലവന്റെ ഭാര്യ, തന്റെ ഭര്‍ത്താവിന് വേണ്ടി നിയമപോരാട്ടം നടത്തുന്നതും അവരുടെ വസ്ത്രധാരണവും വരെ ചര്‍ച്ചയായി. ചുരുങ്ങിയ കാലം കൊണ്ട് സെലിബ്രറ്റി പരിവേഷം ലഭിച്ച എമ ഐസ്പുറോ 2019-ല്‍ യു.എസില്‍ സ്വന്തം ബ്രാന്‍ഡിലുള്ള വസ്ത്രങ്ങളും പുറത്തിറക്കി. മാഫിയ കുടുംബങ്ങളെക്കുറിച്ചുള്ള റിയാലിറ്റി ഷോയിലും ഇവര്‍ പങ്കെടുത്തു. തന്നെ ഒരു സാധാരണസ്ത്രീയായി മാത്രമാണ് താന്‍ പരിഗണിക്കുന്നതെന്നും മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് ഒന്നും മനസിലാക്കാതെ കാര്യങ്ങള്‍ വിലയിരുത്തുന്നത് ദുഃഖകരമാണെന്നും എമ റിയാലിറ്റി ഷോയില്‍ തുറന്നുപറഞ്ഞിരുന്നു. ഭര്‍ത്താവിനോട് വിശ്വസ്തത പുലര്‍ത്തുന്നതിനെക്കുറിച്ചും മക്കളെ വളര്‍ത്തുന്നതിലുള്ള ശ്രദ്ധയെക്കുറിച്ചും എമ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിച്ചു. ഒടുവില്‍ ഭര്‍ത്താവിന് പിന്നാലെ എമയെയും അധികൃതര്‍ പൂട്ടുകയായിരുന്നു.
Content Highlights: emma coronel aispuro wife of mexican drug lord el chapo arrested in usa