എടപ്പാള്‍: ഇര്‍ഷാദിനെ കൊലചെയ്തത് രണ്ടു പ്രതികള്‍ ചേര്‍ന്നാണെങ്കിലും വിവരമറിയാവുന്നവര്‍ വേറെയുമുണ്ടെന്ന് സൂചന. പോലീസിന് ലഭിച്ച വിവരമനുസരിച്ച് മറ്റു ചിലര്‍കൂടി പോലീസ് നിരീക്ഷണത്തിലുള്ളതായാണ് സൂചന. ഇവരെ വിളിച്ചുവരുത്തി വിവരങ്ങളാരാഞ്ഞ പോലീസ് നിയമോപദേശത്തിനുശേഷം മാത്രം തുടര്‍നടപടി സ്വീകരിക്കാമെന്ന തീരുമാനത്തിലാണ്. ഇര്‍ഷാദിന്റെ മൃതദേഹം പൂക്കരത്തറയിലെ കിണറ്റിലുപേക്ഷിച്ചശേഷം കാര്‍ കഴുകാനായി ഏല്‍പ്പിച്ച സര്‍വീസ് സെന്ററിലെ ജീവനക്കാരന്‍ ചോരപ്പാടുകളും ഇര്‍ഷാദിന്റെ പഴ്സടക്കമുള്ള സാധനങ്ങളും കാറില്‍ കണ്ടതിനെത്തുടര്‍ന്ന് ഇവരോട് കാര്യമന്വേഷിച്ചിരുന്നു.

എന്നാല്‍ ഇയാള്‍ വിവരം പുറത്തുപറയാതിരിക്കാന്‍ പണംകൊടുത്ത് ഒതുക്കിയെന്ന വിവരമാണ് പോലീസിനു ലഭിച്ചത്. വിവരമറിഞ്ഞിട്ടും പുറത്തുപറയാതെ ഇവരില്‍നിന്ന് സാമ്പത്തികസഹായം സ്വീകരിച്ച് മനഃപൂര്‍വം കുറ്റകൃത്യം മറച്ചുവെച്ചതാണോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.

Read Also: 18 മണിക്കൂര്‍ തിരച്ചില്‍; സുഹൃത്തുക്കള്‍ കൊന്ന് കിണറ്റിലിട്ട യുവാവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി...

ഇത്തരത്തില്‍ കൃത്യത്തെക്കുറിച്ച് അറിവുള്ളവര്‍ വേറെയുമുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. ഇവരെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. ഇക്കാര്യങ്ങള്‍ പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷനല്‍കി

എടപ്പാള്‍: പന്താവൂരിലെ ഇര്‍ഷാദ് കൊലക്കേസിലെ പ്രതികളായ സുഭാഷ്, എബിന്‍ എന്നിവരെ തുടരന്വേഷണത്തിനായി കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണസംഘം പൊന്നാനി കോടതിയില്‍ അപേക്ഷനല്‍കി.

റിമാന്‍ഡിലുള്ള പ്രതികളുടെ കോവിഡ് പരിശോധനാഫലം ലഭിച്ചശേഷം മാത്രമേ ഇവരെ കസ്റ്റഡിയില്‍വിടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുകയുള്ളൂ. ഫലം നെഗറ്റീവാണെങ്കില്‍ ചൊവ്വാഴ്ചതന്നെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പാരംഭിക്കും.

കേസ് മുന്നോട്ടുപോകണമെങ്കില്‍ ഇവരുമായുള്ള തെളിവെടുപ്പ് നിര്‍ണായകമാണ്. കൊലനടത്തിയ വട്ടംകുളത്തെ ലോഡ്ജിലെത്തിച്ച് കൊലനടത്തിയ രീതി മനസ്സിലാക്കേണ്ടതുണ്ട്. കൊലയ്ക്കുപയോഗിച്ച ശേഷം ഉപേക്ഷിച്ച ആയുധങ്ങള്‍, ഇര്‍ഷാദിന്റെ വസ്ത്രങ്ങള്‍, ഫോണ്‍ എന്നിവയടക്കമുള്ളവ കണ്ടെത്തണം. കോഴിക്കോട് കടലിലും പുഴയിലുമുപേക്ഷിച്ച ഫോണും സിം കാര്‍ഡും കണ്ടെത്തല്‍ എളുപ്പമല്ലാത്തതിനാല്‍ മറ്റുള്ളവ കണ്ടെത്താനാകും ആദ്യശ്രമം. കേസില്‍ നിര്‍ണായകമായ തെളിവുകളാണ് ഇവയെല്ലാം. ഇതിനെല്ലാം പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ലഭിക്കണം. തിരൂര്‍ ഡിവൈ.എസ്.പി കെ.എ. സുരേഷ്ബാബുവാണ് ഇതിനുള്ള അപേക്ഷ നല്‍കിയിട്ടുള്ളത്.

അതേസമയം ഇര്‍ഷാദിനെ സംഭവദിവസം വീട്ടില്‍നിന്ന് പ്രതികള്‍ കൂട്ടിക്കൊണ്ടു പോകാനുപയോഗിച്ച വാടകയ്‌ക്കെടുത്ത കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ക്ലോറോഫോം നല്‍കിയയാളെ സാക്ഷിപ്പട്ടികയില്‍ഉള്‍പ്പെടുത്തിയേക്കും

എടപ്പാള്‍: ഇര്‍ഷാദിനെ ബോധംകെടുത്താന്‍ പ്രതികള്‍ക്ക് ക്ലോറോഫോം നല്‍കിയ കാഞ്ഞിരമുക്ക് സ്വദേശിയെ സാക്ഷിയാക്കിയേക്കുമെന്ന് സൂചന. അതോടൊപ്പം മൃതദേഹം കൊണ്ടുപോയ കാര്‍ കഴുകാന്‍കൊണ്ടുപോയ സര്‍വീസ് സ്റ്റേഷനിലെ ജീവനക്കാരനെയും സാക്ഷിപ്പട്ടികയിലുള്‍പ്പെടുത്താനാണ് നീക്കം.

മരണകാരണം 

ഇര്‍ഷാദിന്റെ മരണകാരണം കഴുത്തില്‍ പ്ലാസ്റ്റിക് കയറിട്ട് കുരുക്കിയതുതന്നെയാണെന്ന് തെളിഞ്ഞു. മൃതദേഹപരിശോധനയില്‍ കഴുത്തിലെ എല്ലുകള്‍ക്ക് ക്ഷതം കണ്ടെത്തിയിരുന്നു. നേരത്തേ ബൈക്കിന്റെ സൈലന്‍സര്‍ കൊണ്ട് തലയ്ക്കടിച്ചിരുന്നെങ്കിലും മരണത്തിന് കാരണമായിരുന്നില്ല.

Content Highlights: edappal irshad murder case