എടപ്പാള്‍: പഞ്ചലോഹവിഗ്രഹം നല്‍കാമെന്നുപറഞ്ഞ് സുഹൃത്തുക്കള്‍ കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി കിണറ്റിലിട്ട പന്താവൂര്‍ കിഴക്കേലവളപ്പില്‍ ഇര്‍ഷാദി(24)ന്റെ മൃതദേഹം പരിശോധനയ്ക്കുശേഷം കോലൊളമ്പ് മഹല്ല് ജുമാമസ്ജിദില്‍ ഖബറടക്കി.

തിങ്കളാഴ്ച തൃശ്ശൂര്‍ മെഡിക്കല്‍കോളേജില്‍ ഡോ. ഹിതേഷ് ശങ്കറിന്റെയും സയന്റഫിക് -ഫോറന്‍സിക് വിദഗ്ധരായ ഡോ. ഗിരീഷ്, ഡോ. ശ്രുതി, ഡോ. ത്വയ്ബ എന്നിവരുടെയും നേതൃത്വത്തിലുളള സംഘമാണ് മൃതദേഹപരിശോധന നടത്തിയത്.

തിരൂര്‍ ഡിവൈ.എസ്.പി. കെ.എ. സുരേഷ്ബാബു, ഇന്‍സ്‌പെക്ടര്‍ ബഷീര്‍ ചിറയ്ക്കല്‍, എസ്.ഐമാരായ ഹരിഹരസൂനു, രാജേഷ്, പ്രമോദ് എന്നിവരടങ്ങുന്ന സംഘവും മെഡിക്കല്‍കോളേജിലെത്തിയിരുന്നു.

പ്രതികളായ സുഭാഷും എബിനും പറഞ്ഞ മൊഴികളെല്ലാം കൃത്യമാണോയെന്ന് സംഘം പരിശോധിച്ചു. കൊലനടത്തിയ ശേഷം അടിവസ്ത്രമൊഴികെയുള്ളവയെല്ലാം അഴിച്ചുമാറ്റി.

തുടര്‍ന്ന് മൂന്നു പ്ലാസ്റ്റിക് കവറുകളിട്ടശേഷം ചണത്തിന്റെ ചാക്കിലാക്കിയാണ് മൃതദേഹം കിണറ്റിലിട്ടതെന്ന ഇവരുടെ മൊഴികള്‍ സത്യമാണെന്ന് പരിശോധിച്ചുറപ്പുവരുത്തി. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹാവശിഷ്ടം കോലൊളമ്പ് മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കെ. സിദ്ദിഖ് മൗലവി അയിലക്കാടിന്റെ നേതൃത്വത്തില്‍നടന്ന നമസ്‌കാരത്തിനുശേഷം ഖബറടക്കി.

ആറുമാസം പഴക്കമുണ്ടായിരുന്നതിനാല്‍ അവസാനമായി ഒരു നോക്കു കാണാനാവാത്ത ദുഃഖത്തില്‍ പിതാവ് ഹനീഫയടക്കമുള്ളവര്‍ വിങ്ങിപ്പൊട്ടി.

ഏലസ്സും പല്ലും തിരിച്ചറിഞ്ഞു

കിണറ്റില്‍നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടം മരിച്ച ഇര്‍ഷാദിന്റേതു തന്നെയാണെന്ന് തൃശ്ശൂര്‍ മെഡിക്കല്‍കോളേജില്‍ വെച്ച് തിരിച്ചറിഞ്ഞു. ഇര്‍ഷാദിന്റെ അരയില്‍ കെട്ടിയിരുന്ന ഏലസും നേരത്തെയുണ്ടായ അപകടത്തില്‍ പൊട്ടിയ പല്ലും അടിവസ്ത്രവുമാണ് ഇവര്‍ തിരിച്ചറിഞ്ഞത്.

Content Highlights: edappal irshad murder case