എടപ്പാള്‍: കാണാതായ മകന്‍ ഇന്നുവരും നാളെവരും എന്ന് കാത്തിരുന്ന മാതാപിതാക്കള്‍ക്കും ബന്ധുമിത്രാദികള്‍ക്കും പ്രതീക്ഷയോടെ കാത്തിരുന്ന ആറുമാസത്തേക്കാള്‍ കടുത്ത പരീക്ഷണമായിരുന്നു കഴിഞ്ഞുപോയ രണ്ടുദിനങ്ങള്‍. ഇര്‍ഷാദിനെ കൊന്നു കിണറ്റിലെറിഞ്ഞുവെന്നറിഞ്ഞതോടെ എല്ലാപ്രതീക്ഷകളും അസ്തമിച്ചു.

പന്താവൂരിലെ വീട്ടില്‍ കണ്ണീരുമായി കഴിഞ്ഞ കുടുംബത്തിന് ആ മുഖം അവസാനമായി ഒരു നോക്കു കാണാന്‍ പോലുമായില്ല. പിതാവ് ഹനീഫയും ഉമ്മ റംലയും സഹോദരങ്ങളായ സിംല, സിനു എന്നിവരും ഏറെ സ്‌നേഹിച്ചിരുന്നു നിഷ്‌കളങ്കനായ ഇര്‍ഷാദിനെ. ആരെന്തു പറഞ്ഞാലും അതേപോലെ വിശ്വസിക്കുന്ന സ്വഭാവക്കാരനായിരുന്നു ഇര്‍ഷാദ്. ഈസ്വഭാവം മാറ്റണമെന്നും പഴയ ലോകമല്ലെന്നുമെല്ലാം ഇവര്‍ പലപ്പോഴും ഇര്‍ഷാദിനെ ഉപദേശിച്ചതുമാണ്. എന്നാല്‍ ആ നിഷ്‌കളങ്കമനസ്സ് ആത്മാര്‍ത്ഥ സുഹൃത്തുക്കളെന്നു കരുതിയ കൊലയാളികളുടെ വാക്കുകള്‍ അതേപടി വിഴുങ്ങിയതിന്റെ ഫലമായിരുന്നു സ്വന്തം ജീവന്‍ നഷ്ടപ്പെട്ടത്.

തന്നില്‍നിന്ന് വാങ്ങിയ ലക്ഷങ്ങള്‍ തിരിച്ചുകിട്ടാതായപ്പോള്‍ കോടികള്‍ വിലമതിക്കുന്ന പഞ്ചലോഹവിഗ്രഹം തരാമെന്നുപറഞ്ഞ പ്രതികളുടെ കള്ളത്തരം തിരിച്ചറിയാന്‍ പോലും ഇര്‍ഷാദിനായില്ല. ജോലി ആവശ്യാര്‍ത്ഥം സുഹൃത്തുക്കള്‍ക്കൊപ്പം കോഴിക്കോട്ടേക്കെന്നു പറഞ്ഞുപോയ മകന്റെ മൃതദേഹം കിണറ്റിലെറിഞ്ഞെന്ന് പ്രതികള്‍ പറയുമ്പോഴും അതൊന്നും സത്യമാകല്ലേയെന്ന് പ്രാര്‍ഥിച്ച മാതാവിന് ചാക്കില്‍ക്കെട്ടിയ നിലയില്‍ മകനെ കിട്ടിയെന്നറിഞ്ഞതോടെ പിടിച്ചു നില്‍ക്കാനായില്ല. മൃതദേഹാവശിഷ്ടം തിരയുന്ന സ്ഥലത്തേക്ക് സഹോദരങ്ങളെല്ലാം പോയെങ്കിലും ആ ദൃശ്യം കാണാനുള്ള കരുത്തില്ലാത്തതിനാല്‍ പിതാവ് ഹനീഫ പോയില്ല.

Content Highlights: edappal irshad murder case