എടപ്പാള്‍: പഞ്ചലോഹവിഗ്രഹം നല്‍കാമെന്നുപറഞ്ഞ് ലക്ഷങ്ങള്‍ കൈക്കലാക്കിയശേഷം രണ്ടംഗസംഘം കൊലപ്പെടുത്തിയ എടപ്പാള്‍ പന്താവൂര്‍ കിഴക്കേലവളപ്പില്‍ ഹനീഫയുടെ മകന്‍ ഇര്‍ഷാദി(24)ന്റെ മൃതദേഹാവശിഷ്ടം മണിക്കൂറുകളുടെ തിരച്ചിലിനുശേഷവും പൂക്കരത്തറയിലെ മാലിന്യക്കിണറ്റില്‍നിന്ന് കണ്ടെടുക്കാനായില്ല.
ദൃശ്യം സിനിമയിലേതിനു സമാനമായ ആസൂത്രണത്തോടെ പ്രതികള്‍ നടപ്പാക്കിയ കൊലപാതകം കണ്ടെത്തിയത് ആറുമാസം നീണ്ട ശാസ്ത്രീയപരിശോധനകളിലൂടെയാണ്. ഒന്നാംപ്രതിയും പൂജാരിയുമായ വട്ടംകുളം അധികാരത്തുപടി വളപ്പില്‍ സുഭാഷ് (35), കൂട്ടുകാരന്‍ മേനോന്‍പറമ്പില്‍പടി എബിന്‍ (27) എന്നിവര്‍ കൊലപാതകത്തിനും തെളിവുനശിപ്പിക്കുന്നതിനും കൃത്യമായ ആസൂത്രണങ്ങളാണ് നടത്തിയതെന്ന് പോലീസ് പറയുന്നു.
ജൂണ്‍ 11-ന് പടിഞ്ഞാറങ്ങാടിയില്‍നിന്ന് വാടകയ്‌ക്കെടുത്ത കാറിലാണ് ഇര്‍ഷാദിനെ വട്ടംകുളത്തേക്ക് കൊണ്ടുപോയത്. വട്ടംകുളത്തെ ലോഡ്ജില്‍വെച്ച് പഞ്ചലോഹവിഗ്രഹം കിട്ടാനാണെന്നുപറഞ്ഞ് സുഭാഷ് പൂജാദികര്‍മങ്ങളാരംഭിച്ചു.
ഇതു കൊണ്ടുവരുമ്പോള്‍ ഉണ്ടാകാനിടയുളള ശാരീരികാസ്വാസ്ഥ്യങ്ങള്‍ മാറ്റാനാണെന്നുപറഞ്ഞ് കാഞ്ഞിരമുക്കിലെ രാജനില്‍നിന്ന് വാങ്ങിയ ക്ലോറോഫോം ആവികൊള്ളുന്ന യന്ത്രത്തിലൂടെ മണപ്പിച്ചു. പക്ഷേ, 25,000 രൂപ പ്രതിഫലം പറ്റി രാജന്‍ നല്‍കിയത് ക്ലോറോഫോമല്ലാതിരുന്നതിനാല്‍ ഇര്‍ഷാദിന് ബോധക്ഷയമുണ്ടായില്ല.
പിന്നീട് ഇത് കുത്തിവെപ്പായും നല്‍കിയെങ്കിലും കാര്യമുണ്ടാകാത്തതിനെത്തുടര്‍ന്നാണ് ബൈക്കിന്റെ സൈലന്‍സര്‍കൊണ്ട് തലയ്ക്കടിച്ച് ബോധരഹിതനാക്കി കഴുത്തില്‍ കയറിട്ടുമുറുക്കി കൊന്നത്.അന്നുതന്നെ മൃതദേഹം ചാക്കിലാക്കി പൂക്കരത്തറയിലെ കിണറ്റിലുപേക്ഷിച്ചു.
കുളിച്ച് കാര്‍ കഴുകി വൃത്തിയാക്കിയശേഷം ആയുധങ്ങള്‍ വിവിധ സ്ഥലങ്ങളിലുപേക്ഷിച്ചു. ഇര്‍ഷാദിന്റെ ഫോണ്‍ ഓഫാക്കിയശേഷം കോഴിക്കോട്ടേക്കുപോയി. അവിടെവെച്ച് ഫോണ്‍ ഓണ്‍ചെയ്ത് അതില്‍ വീട്ടിലേക്ക് താന്‍ കോഴിക്കോട്ടുണ്ടെന്ന് വാട്സാപ്പ് സന്ദേശം ഇര്‍ഷാദ് അയക്കുന്നതുപോലെ അയച്ച് വീട്ടുകാരെ വിശ്വസിപ്പിച്ചു. വീണ്ടും ഫോണ്‍ ഓഫാക്കിയശേഷം സിം ഊരി ഒരു പെട്ടിയിലാക്കി അതവിടെ കടലിലുപേക്ഷിച്ചു. ഫോണ്‍ ചമ്രവട്ടംവഴി വരവേ പുഴയിലേക്കുമെറിഞ്ഞു.
പോലീസും വീട്ടുകാരുമന്വേഷിക്കുമ്പോളെല്ലാം ഫോണ്‍ ലൊക്കേഷന്‍ കോഴിക്കോട് കാണിച്ചതോടെ തങ്ങള്‍ സുരക്ഷിതരായെന്ന് പ്രതികള്‍ കരുതി. ഇര്‍ഷാദിന്റെ വീട്ടിലെത്തി ഒന്നുമറിയാത്തതുപോലെ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു.
പോലീസ് പലവട്ടം ചോദ്യംചെയ്തപ്പോഴും നിഷ്‌കളങ്കരായി ഇവര്‍ ഭംഗിയായി അഭിനയിച്ചു.
വഴിത്തിരിവായത് സിം കാര്‍ഡ്
എടപ്പാള്‍: ഇര്‍ഷാദിന്റെ പേരില്‍ ഒന്നാംപ്രതി എടുത്തിരുന്ന ഒരു ഫോണ്‍ നമ്പര്‍ ഇര്‍ഷാദിന്റെ കോള്‍ വിവരപ്പട്ടികയില്‍നിന്ന് പോലീസിനു ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്.
ഇതിലുണ്ടായിരുന്നത് ഈ മൂന്നു പേരുടെയും ക്ലോറോഫോം നല്‍കിയ രാജന്റെയും നമ്പറുകള്‍ മാത്രമായിരുന്നു. തുടര്‍ന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തില്‍ ലഭിച്ച തെളിവുകള്‍ നിരത്തിയാണ് പോലീസ് രണ്ടാംപ്രതി എബിനെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചത്.
Content Highlights: edappal irshad murder case