കൊച്ചി: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സർക്കാരിന്റെ കെ.ഫോൺ, ലൈഫ് പദ്ധതികളെക്കുറിച്ചുള്ള പല രഹസ്യവിവരങ്ങളും സ്വപ്നയ്ക്ക് കൈമാറിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി) റിപ്പോർട്ട്. ശിവശങ്കറിന്റെ കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇ.ഡി. ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.

ഇ.ഡി. കോടതിയിൽ നൽകിയ റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ

* കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യംചെയ്തെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. തുടർന്ന് കോടതിയുടെ അനുവാദത്തോടെ സ്വപ്ന സുരേഷിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യംചെയ്തു. സ്വപ്നയിൽനിന്ന് കുറ്റകൃത്യത്തിന്റെ പല തെളിവുകളും ശേഖരിക്കാനായി. പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽനിന്ന് സ്വപ്നയും അഞ്ചാം പ്രതിയായ ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ വീണ്ടെടുത്തു. ലൈഫ് മിഷൻ, കെ-ഫോൺ പദ്ധതികളുമായി ബന്ധപ്പെട്ട സർക്കാരിന്റെ രഹസ്യവിവരങ്ങൾ യൂണിടാക്ക് ബിൽഡേഴ്സുമായി പങ്കുവെയ്ക്കാനായി ശിവശങ്കർ സ്വപ്നയ്ക്ക് കൈമാറിയതായി കണ്ടെത്തി. സ്വപ്ന അടക്കമുള്ളവർക്ക് വലിയ തുക കോഴ നൽകിയെന്ന് യൂണിടാക്ക് ബിൽഡേഴ്സ് നേരത്തെ സമ്മതിച്ചിട്ടുള്ളതാണ്. രഹസ്യവിവരങ്ങൾ കൈമാറിയതിലൂടെ ശിവശങ്കറും ഈ ഇടപാടിൽ പങ്കാളിയാവുകയായിരുന്നു.

* പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ സ്മാർട് സിറ്റി, കെഫോൺ, ലൈഫ് മിഷൻ തുടങ്ങിയ പദ്ധതികളിൽ ശിവശങ്കർ മേൽനോട്ടം വഹിച്ചിരുന്നു. സ്വപ്ന സുരേഷും ചില വഴികളിലൂടെ ഈ പദ്ധതികളുടെ ഭാഗമായിരുന്നുവെന്ന് ഇവരുടെ വാട്സാപ്പ് ചാറ്റുകളിൽനിന്ന് മനസിലാക്കാം. ഈ പദ്ധതികളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ സ്വപ്ന സുരേഷിന് കൈമാറിയിട്ടുണ്ട്. യൂണിടാക്ക് ബിൽഡേഴ്സും സെയിൻ വെഞ്ചേഴ്സും വൻ തുക കോഴയായി നൽകിയിട്ടുള്ളതിനാൽ ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണം.

* സ്വർണക്കടത്ത് കേസിലെ പ്രതികളെയെല്ലാം ശിവശങ്കറിന് അറിയാമായിരുന്നു. ഇത് യാദൃശ്ചികമല്ല. യൂണിടാക്കിൽനിന്ന് കോഴ ലഭിച്ച യുഎഇ കോൺസുലേറ്റിലെ ഫിനാൻസ് വിഭാഗം മേധാവി ഖാലിദിനെയും ശിവശങ്കറിന് അറിയാം. എന്നാൽ ഖാലിദുമായുള്ള പരിചയം നിഷേധിച്ച് അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ശിവശങ്കർ ശ്രമിച്ചത്. പക്ഷേ, പിന്നീട് ഖാലിദിനെ അറിയാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

* തിരുവനന്തപുരം എസ്ബിഐ ശാഖയിലെ ബാങ്ക് ലോക്കർ തുറന്നത് ശിവശങ്കറിന്റെ നിർദേശപ്രകാരമാണെന്നാണ് സ്വപ്നയും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും സ്ഥിരീകരിച്ചതാണ്. ബാങ്ക് ലോക്കറിലെ നിക്ഷേപങ്ങളെക്കുറിച്ചും പണം പിൻവലിച്ചതിനെക്കുറിച്ചും ശിവശങ്കറിന് അറിയാമെന്നും ഇവർ സമ്മതിച്ചിരുന്നു.

* നവംബർ പത്താം തീയതി സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയതിനൊപ്പം ശിവശങ്കറുമായുള്ള വാട്സാപ്പ് ചാറ്റുകളും അവർ കാണിച്ചിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ സ്വപ്ന നൽകിയ മൊഴികൾ ഇപ്രകാരം:-

ഡിപ്ലോമാറ്റിക് ചാനൽ വഴിയുള്ള സ്വർണക്കടത്തിനെക്കുറിച്ചും ഇലക്ട്രോണിക്സ് കള്ളക്കടത്തിനെക്കുറിച്ചും ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ സംഘത്തിനും അറിയാമായിരുന്നു.

ലൈഫ് മിഷൻ പദ്ധതിയിൽ റെഡ് ക്രസന്റിന്റെ കരാർ നൽകയതിന് പ്രതിഫലമായി ഖാലിദിനും സ്വപ്നയ്ക്കും യൂണിടാക്ക് വൻ തുക കോഴ നൽകിയതും ശിവശങ്കർ അറിഞ്ഞിരുന്നു. സ്വപ്നയുടെ ലോക്കറിൽനിന്ന് ഒരു കോടി രൂപയാണ് എൻ.ഐ.എ പിടിച്ചെടുത്തത്. ഇത് ശിവശങ്കറിന് വേണ്ടിയുള്ളതായിരുന്നു. അദ്ദേഹത്തിന്റെ നിർദേശമനുസരിച്ചാണ് സ്വപ്ന ലോക്കർ തുറന്നത്.

കെഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ പല നിർണായക വിവരങ്ങളും ശിവശങ്കർ സ്വപ്നയുമായി പങ്കുവെച്ചു. ഇതിലൂടെ പല സ്വകാര്യ വ്യക്തികളിൽനിന്നും കോഴ ലഭിച്ചിരിക്കാൻ സാധ്യതയുണ്ട്. ഇതിനെക്കുറിച്ച് സ്വപ്നയോട് ശിവശങ്കർ വാട്സാപ്പ് കോളുകളിൽ പരാമർശിക്കുകയും ചെയ്തിരുന്നു.

യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പനുമായി ശിവശങ്കറിന് ബന്ധമുണ്ടായിരുന്നു. കെഫോൺ, ലൈഫ് മിഷൻ പദ്ധതികളിൽ സന്തോഷ് ഈപ്പനെയും പങ്കാളിയാക്കാനും ആഗ്രഹിച്ചിരുന്നു.

ശിവശങ്കറുമായി അടുത്തബന്ധമുള്ള ചില വ്യക്തികളുടെ പേരുകൾ സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിലൊരാൾ ടോറസ് ഡൗൺടൗൺ പദ്ധതിയിൽ ഉൾപ്പെട്ടയാളാണ്.

Content Highlights:ed report against sivasankar and explained about swapna sureshs statement