കഞ്ചാവിന്റെയും കറുപ്പിന്റെയും കാലത്തുനിന്ന് രാസലഹരിയിലേക്ക് കളംമാറ്റിയിരിക്കുകയാണ് മയക്കുമരുന്ന് മാഫിയ. ഇവ നിര്‍മിക്കാന്‍ കുക്കിങ്ലാബുകളും. കഞ്ചാവ് 'വലി'യും കടന്ന് എം.ഡി.എം.എ. 'ലൈനിടലി'ലേക്ക് പരിണമിച്ചിരിക്കുന്നു ഈ വിപത്ത്..... 'മയങ്ങിമരിക്കുന്ന കേരളം' അന്വേഷണപരമ്പര തുടരുന്നു... 

'ലേദിവസം മയക്കുമരുന്നുപയോഗിച്ചതിന്റെ ക്ഷീണത്തില്‍ വീടിന്റെ ഉമ്മറത്തിരുന്ന് പുകവലിക്കുന്നതിനിടെ അറിയാതെ മയങ്ങിപ്പോയി. അല്പംകഴിഞ്ഞ് കണ്ണുതുറന്നു നോക്കിയപ്പോള്‍ കോഴിയിറച്ചി ഗ്രില്‍ ചെയ്യുന്നതുപോലെയൊരു മണം. ചുറ്റും പുകയും. ആരാണ് ഇത്രരാവിലെ ചിക്കന്‍ ഷവായ ഉണ്ടാക്കുന്നതെന്ന് സംശയിച്ചു. ഒന്നു ശ്രദ്ധിച്ചപ്പോഴാണ് കാലിന്റെ തുടയിലെ മാംസം സിഗരറ്റ് വീണ് കത്തിക്കരിയുന്നത് കാണുന്നത്. ആ ഗന്ധമാണ് പരക്കുന്നതെന്ന് മനസ്സിലാകാന്‍പോലും സമയമെടുത്തു. ഒരുപാടുനേരമായി പൊള്ളിക്കൊണ്ടിരിക്കുകയായിരുന്നു. തലേദിവസം മയക്കുമരുന്നുപയോഗിച്ചതിനാല്‍ ചെറിയവേദനപോലും അനുഭവപ്പെട്ടിരുന്നില്ല'' - മാരകമയക്കുമരുന്നിന് അടിപ്പെട്ടശേഷം ജീവിതം തിരിച്ചുപിടിച്ച ബാലുശ്ശേരി സ്വദേശി 25-കാരന്റെ അനുഭവം. എത്ര ഭീതിദമായിരുന്നു ആ അവസ്ഥയെന്ന് ആ യുവാവിന്റെ വാക്കുകള്‍ അടിവരയിടുന്നു.

ലൊക്കേഷന്‍ പാര്‍വതിവാലി കുളു, പണമിടപാട് ഓണ്‍ലൈനില്‍, സാധനം കൊറിയറില്‍; ലഹരിവഴികള്‍.....

''ഒരു പ്രണയത്തകര്‍ച്ചയാണ് ലഹരി ഉപയോഗത്തിലെത്തിച്ചത്. മനസ്സ് തകര്‍ന്നുനില്‍ക്കുമ്പോള്‍ ജയില്‍വാസം കഴിഞ്ഞിറങ്ങിയ സുഹൃത്ത് കഞ്ചാവ് തന്നതിലായിരുന്നു തുടക്കം. പിന്നെ ഒരുലൈനിട്ട് തുടങ്ങാമെന്ന് (എം.ഡി.എം.എ. ഉപയോഗിക്കുന്ന രീതി) പറഞ്ഞ് മറ്റൊരു സുഹൃത്തും മാരകമായ മയക്കുമരുന്നിന്റെ ലോകത്തേക്കും തള്ളിവിട്ടു. രണ്ടരവര്‍ഷംമുമ്പാണ് എം.ഡി.എം.എ. ഉപയോഗിച്ചുതുടങ്ങിയത്. ശരീരം ചുരുങ്ങി എല്ലും തോലുമാവുന്ന അവസ്ഥയിലെത്തി. പലപ്പോഴും വീട്ടില്‍ അക്രമകാരിയായി. വീട്ടുകാര്‍ ഒന്നു മുഖം കറുപ്പിച്ചാല്‍പ്പോലും ഉടന്‍പോയി 'രണ്ട് ലൈനിടുന്ന' അവസ്ഥയിലേക്കെത്തി.

എം.ഡി.എം.എ. ഉപയോഗിച്ച് ഒരിക്കല്‍ ഫെയ്സ് ബുക്കില്‍മാത്രം ശ്രദ്ധിച്ച് രണ്ടുദിവസം മുറിക്കകത്ത് ഇരുന്നുപോയിട്ടുണ്ട്. ഭക്ഷണം കഴിക്കാതെ, മൂത്രമൊഴിക്കാന്‍പോലും പോകാതെ ഒറ്റയിരിപ്പ്. ഫോണിലെ തീയതി ശ്രദ്ധിച്ചപ്പോഴാണ് രണ്ടുദിവസമായെന്നു മനസ്സിലായത്. ആത്മഹത്യാപ്രവണതവരെയുണ്ടായി. കാറടക്കം മൂന്നുവാഹനങ്ങള്‍ മയക്കുമരുന്നുവാങ്ങാനുള്ള പണം കണ്ടെത്താന്‍ വില്‍ക്കേണ്ടിവന്നു. ലഹരിക്കായി ബെംഗളൂരുവില്‍ എം.ഡി.എം.എ. കുക്ക് ചെയ്യുന്ന നീഗ്രോകളെവരെ നേരിട്ടു വിളിക്കുന്ന അവസ്ഥയുണ്ടായി.

രണ്ട് മേശ, രണ്ട് കസേര! ലഹരി ഇടപാടിലെ കോഡുകള്‍ പലവിധം, വാങ്ങാനും വില്‍ക്കാനും ഡാര്‍ക്ക് വെബ്...

ഒരുദിവസം ഉറക്കത്തില്‍ താങ്ങാനാവാത്ത കനത്തശബ്ദം. വെളുപ്പും കറുപ്പും നിറങ്ങള്‍ വന്ന് മാഞ്ഞുപോവുന്നതുപോലെ. കണ്ണടയ്ക്കാന്‍ പറ്റാതായി. ജീവിതം അവസാനിക്കുകയാണെന്ന് തോന്നി. ഇനിയും നിയന്ത്രിച്ചില്ലെങ്കില്‍ ജീവിതം മുഴുവനായി കൈവിട്ടുപോവുമെന്ന് അന്നാണ് തോന്നിയത്. പിന്നെ ഉപയോഗം കുറച്ചുകൊണ്ടുവരാനായി ശ്രമം. എത്ര വിടാന്‍ ശ്രമിച്ചാലും വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ നമ്മെ ആളുകള്‍ പ്രേരിപ്പിക്കും. അത്തരക്കാരെയൊക്കെ പരമാവധി മാറ്റിനിര്‍ത്തി മുന്നോട്ടുപോകുന്നു'' -ആ യുവാവ് പറഞ്ഞുനിര്‍ത്തി.

'എമ്മി'ലേക്കുള്ള പരിണാമം

കറുപ്പിനോടും കഞ്ചാവിനോടും താത്പര്യം കുറഞ്ഞു. പകരം രാസലഹരികളായ എം.ഡി.എം.എ.യും എല്‍.എസ്.ഡി.യുമൊക്കെയാണ് പുതിയ വിപത്ത്. ഒരു നുള്ളുകൊണ്ട് പതിന്മടങ്ങ്് ലഹരി, കടത്താന്‍ എളുപ്പം തുടങ്ങിയവയാണ് മയക്കുമരുന്ന് വിപണിയില്‍ രാസലഹരിയുടെ അനുകൂലഘടകങ്ങള്‍.

പാര്‍ട്ടി ഡ്രഗ് എന്നാണ് ഇവയെ വിളിക്കുന്നത്. 2015-നുശേഷമാണ് പാര്‍ട്ടി ഡ്രഗ് വന്‍തോതില്‍ കേരളത്തിലേക്കെത്തുന്നത്. നാവിനടിയില്‍ വെക്കുന്ന എല്‍.എസ്.ഡി. ആയിരുന്നു ആദ്യകാലത്തു താരം. പാര്‍ട്ടി തുടങ്ങുമ്പോള്‍ നാവിനടിയില്‍ സ്റ്റാമ്പ് മുറിച്ചോ അല്ലാതെയോ വെക്കും.

പിന്നാലെയാണ് 'എം' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന എം.ഡി.എം.എ. എത്തുന്നത്. ഒറ്റ ഉപയോഗത്തില്‍ 16 മണിക്കൂര്‍വരെ നീളുന്ന ലഹരി. രാത്രി തുടങ്ങി അടുത്തദിനം വൈകീട്ടുവരെ നീളുന്ന റേവ് പാര്‍ട്ടികള്‍ക്ക് ഉന്മേഷം നിലനിര്‍ത്താന്‍ എം.ഡി.എം.എ.തന്നെ വേണമെന്ന അവസ്ഥവന്നു.

കൊക്കെയിനും ഹെറോയിനും ആഫ്രിക്കന്‍ സ്ത്രീകളെത്തിക്കും; പാഴ്‌സല്‍, ഫുഡ് ഡെലിവറി; ലഹരിയെത്തുന്നത് പല വഴികളില്‍....

ക്രിസ്മസ്-പുതുവത്സരാഘോഷ പാര്‍ട്ടികളാണ് റേവ് പാര്‍ട്ടി ആയി മാറിയത്. അതും ഹോട്ടലുകളിലെ ഡി.ജെ. പാര്‍ട്ടി ഹാളുകളില്‍ നടക്കുന്നവ. എന്നാല്‍, പിന്നീട് ഓരോ ഗ്രൂപ്പും സ്വന്തം ഫ്‌ളാറ്റുകള്‍ പാര്‍ട്ടിയിടമാക്കി. ഐ.ടി. മേഖലയില്‍ ജോലിചെയ്യുന്നവരും മറ്റും സ്വന്തമായി റേവ് പാര്‍ട്ടികള്‍ നടത്താന്‍ തുടങ്ങി. വൈറ്റ് കോളര്‍ ജോലിചെയ്യുന്നവര്‍ സ്റ്റാറ്റസിന്റെ ഭാഗമായി ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ ആരംഭിച്ചു. റേവ് പാര്‍ട്ടികള്‍ തെറ്റല്ലെന്ന തരത്തില്‍ യുവാക്കള്‍ക്കിടയില്‍ പ്രചരിക്കാന്‍ ഇതും കാരണമായി.

നൂറുകിലോ കഞ്ചാവ് കൈവശംവെക്കുന്ന അതേ കുറ്റമാണ് അരഗ്രാം എം.ഡി.എം.എ. കൈവശം വെച്ചാല്‍. എന്നാല്‍, വില അങ്ങനെയല്ല. ഒരു ഗ്രാം എം.ഡി.എം.എ.യ്ക്ക് നാലായിരം രൂപവരെയുണ്ട്. കടത്താനും ഒളിപ്പിക്കാനും ഉപയോഗിക്കാനും കഞ്ചാവിനെക്കാള്‍ എളുപ്പവും അതുപോലെത്തന്നെ ലാഭവും. 10 ഗ്രാം എം.ഡി.എം.എ.യും മറ്റുമുള്ള ചെറിയ പൊതികള്‍ പരിശോധനയില്‍ കണ്ടെത്തുക പ്രയാസമാണ്. രാത്രിപാര്‍ട്ടികളില്‍ പോലീസോ എക്‌സൈസോ പരിശോധനയ്‌ക്കെത്തിയാല്‍ സ്ത്രീകള്‍ മയക്കുമരുന്ന് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിക്കും. റെയ്ഡ് നടത്താന്‍ വന്നവര്‍ പാര്‍ട്ടിഹാളിലും സംശയം തോന്നിയ പുരുഷന്മാരുടെ ദേഹപരിശോധനയും നടത്തി തോറ്റുമടങ്ങും. ഇത് തുടര്‍ക്കഥയായതോടെ ഇത്തരം പരിശോധന ഏജന്‍സികള്‍ കുറച്ചു.

ഇന്റര്‍വ്യൂവില്‍ തകര്‍ക്കും, ഉറങ്ങാതിരിക്കും

ആറ്റിറ്റിയൂഡല്‍ മയക്കുമരുന്നുകള്‍ ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ സാധാരണമാണ്. അഭിമുഖത്തിനും മറ്റും പോകുമ്പോള്‍ ഇത്തരം മരുന്നടിക്കും. അഭിമുഖത്തില്‍ മികച്ച പ്രകടനം നടത്താനാകുമെന്നാണ് അവരുടെ ധാരണ. കുട്ടികള്‍ക്കിടയിലും ഇതിന് വലിയ പ്രചാരമുണ്ട്. തിരുവനന്തപുരത്ത് കവടിയാറൊക്ക ഇതിന്റെ കച്ചവടം തകൃതിയായി നടക്കുന്നുണ്ട്. ഐ.ടി. മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കൂടുതലും ഉപയോഗിക്കുന്നത് ഉറങ്ങാതിരിക്കാനുള്ള മരുന്നാണ്. കള്ളപ്പണം, സ്വര്‍ണവേട്ട എന്നിവയ്ക്ക് പോകുന്നവരും കൂടുതലായി ഇതാണ് ഉപയോഗിക്കുന്നത്. രണ്ടുദിവസംവരെ ഉറങ്ങാതിരിക്കും.

മരുന്നു പിറക്കുന്ന കുക്കിങ് ലാബുകള്‍

എം.ഡി.എം.എ. പോലുള്ള കൃത്രിമ മയക്കുമരുന്ന് നിര്‍മിക്കാന്‍ രാസവസ്തുക്കള്‍ കൃത്യമായി ചേര്‍ത്തെടുക്കണം. ഇത്തരം നിര്‍മാണശാലകള്‍ക്ക് കുക്കിങ് ലാബ് എന്നാണ് വിളിപ്പേര്.

ഇന്ത്യയിലുള്ളവര്‍ക്കു വേണ്ടവൈദഗ്ധ്യം ഇല്ല. നൈജീരിയ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഇത്തരം കുക്കിങ് ലാബുകളില്‍ കൂടുതലെന്ന് എക്‌സൈസ് പറയുന്നു. വിദ്യാഭ്യാസ വിസയിലും മറ്റും വരുന്നവര്‍. ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് ഇത്തരം ലാബുകള്‍ കൂടുതലും. കേരളത്തിലുമുള്ളതായി സൂചനയുണ്ടെങ്കിലും കൃത്യമായ വിവരം എക്‌സൈസിനുമില്ല.

കറുപ്പ് പുറത്ത്, സിന്തറ്റിക് അകത്ത്

എക്‌സൈസ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പിടിച്ചെടുത്ത മയക്കുമരുന്നിന്റെ കണക്ക് പരിശോധിച്ചാല്‍ സംസ്ഥാനത്തെ ലഹരി ഉപയോഗത്തിന്റെ ട്രെന്‍ഡിലെ മാറ്റം വ്യക്തമാകും. കറുപ്പ്, ഹാഷിഷ്, ഹെറോയിന്‍ തുടങ്ങിയവ പിടിച്ചത് 2016-നെ അപേക്ഷിച്ച് 2021-ല്‍ വളരെ കുറവാണ്. കറുപ്പാകട്ടെ പേരിന് മാത്രമേയുള്ളൂ. 0.87 ഗ്രാംമാത്രം. 2017-ല്‍ 107 ഗ്രാം എം.ഡി.എം.എ. ആണ് പിടിച്ചെടുത്തത്. 2021-ല്‍ ഇത് ആറുകിലോയ്ക്ക്് മുകളിലാണ്.

കൗതുകത്തിനുപോലും അരുത്

ഉല്ലാസമരുന്നുകളെന്ന രീതിയിലാണ് സിന്തറ്റിക് മയക്കുമരുന്ന് വിപണനംചെയ്യുന്നത്. മാനസികോല്ലാസത്തിനുവേണ്ടി കൂട്ടുകൂടുമ്പോള്‍ ഉപയോഗിക്കേണ്ടതാണെന്ന രീതിയില്‍ അവതരിപ്പിക്കുന്നു. ഇത്തരത്തിലാണ് ഇവ ആഘോഷപ്പാര്‍ട്ടികളില്‍ എത്തുന്നതും. സുഖംതേടി ചിലര്‍ ആഘോഷവേളയില്‍ സിന്തറ്റിക് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നു. മറ്റു ചിലര്‍ അസ്വസ്ഥമായ മാനസികാവസ്ഥയെ മറികടക്കാന്‍ കുറുക്കുവഴിയായും ഉപയോഗിക്കുന്നു. താത്കാലികമായി ഇതൊക്കെ നല്‍കുമെങ്കിലും ക്രമേണ തലച്ചോറിനെയും മനസ്സിനെയും വലിഞ്ഞുമുറുക്കി സങ്കീര്‍ണമായ മാനസികാരോഗ്യപ്രശ്‌നത്തിലേക്ക് എത്തിക്കും. ഒറ്റത്തവണ ഉപയോഗത്തില്‍ത്തന്നെ അടിമപ്പെടാന്‍ സാധ്യതയുള്ളവയാണ് സിന്തറ്റിക് ലഹരിവസ്തുക്കളെല്ലാംതന്നെ. ഒരു പരീക്ഷണത്തിനോ കൗതുകത്തിനോപോലും ഉപയോഗിക്കാന്‍ പാടില്ല.

-ഡോ. സി.ജെ. ജോണ്‍

(മാനസികാരോഗ്യ വിദഗ്ധന്‍)

തയ്യാറാക്കിയവര്‍-

അനു അബ്രഹാം

രാജേഷ് കെ. കൃഷ്ണന്‍

കെ.പി. ഷൗക്കത്തലി

കെ.ആര്‍. അമല്‍

പ്രദീപ് പയ്യോളി