ഒറ്റപ്പാലം : ''ഇന്നലെയും ഓണ്‍ലൈന്‍ ക്ലാസില്‍ അവളുണ്ടായിരുന്നു. നല്ല ഉഷാറായി''- ?ദൃശ്യയെ ഓര്‍ക്കുമ്പോള്‍ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ബുധനാഴ്ചത്തെ ക്ലാസാണ് പെട്ടെന്ന് ഓര്‍മയിലെത്തുന്നത്. ക്ലാസില്‍ ഉഷാറായി പങ്കെടുത്ത വിദ്യാര്‍ഥിനി കൊല്ലപ്പെട്ടുവെന്നുകേട്ട ആഘാതത്തിലായിരുന്നു വ്യാഴാഴ്ച അവര്‍.

ഒറ്റപ്പാലം ലക്കിടി നെഹ്റു അക്കാദമി ഓഫ് ലോ കോളേജില്‍ ബി.ബി.എ.-എല്‍.എല്‍.ബി. മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായിരുന്നു ദൃശ്യ.

പഠനത്തില്‍ നല്ല നിലവാരം പുലര്‍ത്തിയ കുട്ടി. അവധിപോലും പരിമിതമായാണ് എടുക്കാറുള്ളത്.

പരീക്ഷകളിലും നല്ല മാര്‍ക്ക് നേടി. സഹപാഠികളോടും അധ്യാപകരോടും നല്ല പെരുമാറ്റവുമായിരുന്നെന്നും അധ്യാപിക ലയ ഭാസ്‌കര്‍ പറഞ്ഞു.

പ്ലസ് ടു പഠനത്തിനുശേഷം 2019-ലാണ് ദൃശ്യ അഞ്ചുവര്‍ഷത്തെ കോഴ്സിനായി ലക്കിടിയിലെ കോളേജിലെത്തിയത്. ആദ്യവര്‍ഷം മാത്രാണ് നേരിട്ടുള്ള ക്ലാസിലുണ്ടായിരുന്നത്. പിന്നീട് രണ്ടുവര്‍ഷവും ഓണ്‍ലൈനായായിരുന്നു ക്ലാസ്.

രാവിലെ 8.30-ന് തുടങ്ങുന്ന ഓണ്‍ലൈന്‍ ക്ലാസില്‍ കൃത്യസമയത്തുതന്നെ ദൃശ്യ ഹാജരാകും. ക്ലാസില്‍ സജീവമായി പങ്കെടുക്കാറുള്ള വിദ്യാര്‍ഥിനിയെ ഇനി കാണാനാകില്ലല്ലോയെന്ന സങ്കടത്തിലാണ് അധ്യാപകരും.

Content Highlight: Drishya murder story Malappuram