പെരിന്തല്‍മണ്ണ: '' ഇങ്ങോട്ട് മറുപടിയൊന്നും പറയേണ്ട. അന്റെ ഓട്ടോയില്‍ കയറിയിരിക്കുന്നത് ഒരു കൊലപാതകിയാണ്. ഒരു പെണ്‍കുട്ടിയെ കുത്തിക്കൊന്നവന്‍. സൂക്ഷിക്കണം. ഇയ്യ് വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്ക് വിട്ടാ''-നാട്ടില്‍നിന്ന് സുഹൃത്ത് സമീര്‍ ഫോണിലൂടെ വിളിച്ചറിയിച്ചപ്പോള്‍ ഓട്ടോഡ്രൈവര്‍  നാലുകണ്ടത്തില്‍ ജൗഹറിന്റെ ചങ്കൊന്നു കാളി.

പെരിന്തല്‍മണ്ണ ഏലംകുളത്ത് ദൃശ്യയെന്ന പെണ്‍കുട്ടിയെ കൊന്നയാളാണു പിന്നിലിരിക്കുന്നത്. എന്തുംചെയ്യാന്‍ മടിക്കാത്തയാളാകും. കൈയില്‍ ആയുധമെന്തെങ്കിലുമുണ്ടോ? തന്നെയും ആക്രമിക്കുമോ? -മനസ്സില്‍ ഒെേട്ടറ ആശങ്കകള്‍. എങ്കിലും ഭാവവ്യത്യാസമില്ലാതെ ജൗഹറിന്റെ KL-10 എ.എഫ്. 2533 ഓട്ടോറിക്ഷ പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. സ്റ്റേഷനിലെത്തി പ്രതി വിനീഷിനെ കൈയോടെ പോലീസിനു കൈമാറാനായത് ജൗഹറിന്റെ മനസ്സാന്നിധ്യവും തന്ത്രവും ഒന്നുകൊണ്ടുമാത്രം.

വ്യാഴാഴ്ച രാവിലെ എട്ടേകാലോടെയാണ് വിനീഷ് പാലത്തോള്‍ തെക്കുംപുറത്തുള്ള ജൗഹറിന്റെ വീടിനു മുന്നിലെത്തുന്നത്. മഴക്കാലമായതിനാല്‍ രാവിലെ ഓട്ടോ സ്റ്റാര്‍ട്ടു ചെയ്തുനോക്കുകയായിരുന്നു ജൗഹര്‍. ഏലംകുളത്തുവെച്ച് ബൈക്ക് ആക്‌സിഡന്റായെന്നും പെട്ടെന്ന് പെരിന്തല്‍മണ്ണയിലെത്തിക്കാമോയെന്നും ചോദിച്ചാണ് ജൗഹറിനെ വിനീഷ് സമീപിച്ചത്. 'താന്‍ അമിതവേഗതയിലായിരുന്നു. അപകടത്തില്‍ കൂടെയുണ്ടായിരുന്നയാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഒപ്പമുണ്ടായിരുന്നയാള്‍ ആ പ്രദേശത്തുകാരനായതിനാല്‍ നാട്ടുകാര്‍ തനിക്കെതിരേ തിരിഞ്ഞു. അതുകൊണ്ട് ഓടിരക്ഷപ്പെട്ട് വരുന്നവഴിയാണ്. പാടത്തും പറന്പിലുമൊക്കെ വീണതിനാലാണ് ദേഹത്ത് ചെളി പറ്റിയത്' -ഇതായിരുന്നു വിനീഷ് നല്‍കിയ വിശദീകരണം.

പോലീസ് സ്റ്റേഷന് മുന്നില്‍വിട്ടാല്‍ മതിയെന്നും അവിടെയെത്തിയാല്‍പ്പിന്നെ നാട്ടുകാര്‍ക്ക് തന്നെ ഉപദ്രവിക്കാനാകില്ലെന്നും വിനീഷ് ജൗഹറിനോടു പറഞ്ഞു. ഇത് വിശ്വസിച്ചാണ് വിനീഷുമായി ജൗഹര്‍ യാത്രതിരിച്ചതും.

വൈകാതെതന്നെ വിനീഷിനെത്തേടി നാട്ടുകാര്‍ ജൗഹറിന്റെ വീട്ടുപരിസരത്തെത്തി. അപ്പോഴാണ് ജൗഹറിന്റെ ഓട്ടോയിലാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലായത്. വൈകാെത കൊലപാതകിയാണ് വണ്ടിയിലുള്ളതെന്ന വിവരം അവര്‍ ജൗഹറിനെ വിളിച്ചറിയിച്ചു. പറയുന്നത് മൂളിക്കേട്ടാല്‍ മതിയെന്നും തിരിച്ചൊന്നും പറയേണ്ടെന്നും ആദ്യമേ പറഞ്ഞാണ് സുഹൃത്തായ സമീര്‍ കാര്യംപറഞ്ഞത്. അപ്പോഴേക്കും കുന്നപ്പള്ളിയെന്ന സ്ഥലത്ത് എത്തിയിരുന്നു.

പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലേക്ക് പിന്നെയും രണ്ടരക്കിലോമീറ്റര്‍ ദൂരം. ഫോണ്‍വെച്ചശേഷം ഒന്നും അറിയാത്ത മട്ടിലായിരുന്നു വിനീഷിനോട് പിന്നെ ജൗഹറിന്റെ സംസാരം. സ്റ്റേഷനിലെത്തിയപ്പോള്‍ ഇവിടെ ഇറക്കിയാല്‍ മതിയെന്നും പോയ്‌ക്കൊള്ളാനും വിനീഷ് പറഞ്ഞു. എന്നാല്‍ എങ്ങനെ പോലീസിന് കൈമാറുമെന്നതിനെക്കുറിച്ചായി ജൗഹറിന്റെ ചിന്ത. സ്റ്റേഷനുമുന്നില്‍ സുഹൃത്തും നാട്ടുകാരുമായ സുബിനെക്കണ്ടത് രക്ഷയായി. ഓട്ടോ നേരെ സുബിന്റെ അടുക്കലെത്തിച്ചു നിര്‍ത്തി. 'ഇവനെ വിടരുത്, പിടിക്കൂ' എന്ന് സുബിനോട് വിളിച്ചുപറഞ്ഞു. ഇരുവരും ചേര്‍ന്ന് വിനീഷിനെ പോലീസിലേല്‍പ്പിച്ചതോടെ സിനിമാക്കഥയെ വെല്ലുന്ന ജൗഹറിന്റെ ഓട്ടോയാത്രയ്ക്ക് ക്ലൈമാക്‌സ്.

Content Highlight: Drishya murder story