പെരിന്തല്‍മണ്ണ: ജീവിതമാര്‍ഗമായ കട കത്തിയമര്‍ന്നതിന്റെ നടുക്കംമാറാതെയാണ് ആ കുടുംബവും കൂഴന്തറ ഗ്രാമവും ബുധനാഴ്ചരാത്രി ഉറങ്ങാന്‍ കിടന്നത്. ഉറക്കമുണര്‍ന്നത് കേട്ടുശീലമില്ലാത്ത നിലവിളിയിലേക്കും.

കൊല്ലപ്പെട്ട ദൃശ്യയുടെ വീടിനു സമീപത്തുതന്നെയാണ് അച്ഛന്‍ ബാലചന്ദ്രന്റെ തറവാടും സഹോദരങ്ങളുടെ വീടുകളും. പെരിന്തല്‍മണ്ണയിലെ കത്തിയ കടയിലേക്കു രാവിലെ നേരത്തെ ബാലചന്ദ്രനും അനുജനും പോയി. അമ്മ ദീപയും ദൃശ്യയും അനുജത്തി ദേവശ്രീയുമാണ് വീട്ടിലുണ്ടായിരുന്നത്. എട്ടുമണിയോടെ ദൃശ്യയുടെ കരച്ചില്‍ കേട്ടു മുകളിലെ നിലയിലുണ്ടായിരുന്ന ദേവശ്രീ ഓടിയെത്തി. ചേച്ചിയെ കുത്തുന്നതുകണ്ടു നിലവിളിച്ചു. ഇതുകേട്ട് അമ്മയും ഓടിയെത്തി തടയാന്‍ ശ്രമിച്ചു. ഇതോടെ പ്രതി വിനീഷ് പുറത്തേക്കിറങ്ങി ഓടി.

അടുത്ത വീട്ടില്‍നിന്നു ബാലചന്ദ്രന്റെ ജ്യേഷ്ഠന്‍ മധുസൂദനന്‍ എത്തിയപ്പോഴേക്കും വിനീഷ് രക്ഷപ്പെട്ടു. തന്റെ നെഞ്ചത്തുകുത്തിയെന്നും ചേച്ചി കുത്തേറ്റു ഹാളില്‍ കിടക്കുന്നതായും ദേവശ്രീ പറഞ്ഞു. കുത്തേറ്റു ചോരയില്‍ കുളിച്ച ദൃശ്യ അമ്മ ദീപയുടെ മടിയില്‍ക്കിടക്കുന്നതാണ് അകത്തേക്കുചെന്നപ്പോള്‍ കണ്ടത്. ഉടന്‍ കാറില്‍ ഇരുവരെയും പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെത്തിച്ചു. യാത്രമധ്യേയാണു വിനീഷാണു കുത്തിയതെന്നു ദേവശ്രീ പറയുന്നത്.

ഇതോടെ വിനീഷ് പ്രദേശത്തുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. പാലത്തോളിലെ ഓട്ടോയില്‍ രക്ഷപ്പെട്ട വിവരം അറിഞ്ഞതും ഡ്രൈവര്‍ക്കു വിവരം നല്‍കി പ്രതിയെ പോലീസ് സ്റ്റേഷനിലെത്തിക്കാനും സാധിച്ചു. യുവതിയുടെ മരണവിവരം അറിഞ്ഞതോടെ നാട്ടുകാര്‍ വീട്ടിലേക്കെത്തി. പെരിന്തല്‍മണ്ണ പോലീസെത്തി വീടിനു കാവലേര്‍പ്പെടുത്തി.

പത്തരയോടെ ജില്ലാ പോലീസ് മേധാവിയും സ്ഥലത്തെത്തി. അന്വേഷണം പൂര്‍ത്തിയാക്കി നിശ്ചിത ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെ നജീബ് കാന്തപുരം എം.എല്‍.എ. വീട്ടുകാരെ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു. പെരിന്തല്‍മണ്ണ നഗരസഭാധ്യക്ഷന്‍ പി. ഷാജി, ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരന്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹിക മേഖലകളിലുള്ളവര്‍ വീട് സന്ദര്‍ശിച്ചു.

Content Highlight: Drishya murder case