മെക്‌സിക്കോ സിറ്റി: മയക്കുമരുന്ന് മാഫിയകളുടെ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് മെക്‌സിക്കോ. രാജ്യത്തെ മയക്കുമരുന്ന് മാഫിയകളെ ഇല്ലാതാക്കാന്‍ ഭരണകൂടം പതിനെട്ടടവും പയറ്റുന്നുണ്ടെങ്കിലും അതിനെയെല്ലാം വെല്ലുവിളിച്ചുകൊണ്ടാണ് മാഫിയകളുടെ പ്രവര്‍ത്തനം. പോലീസിന്റെയും അധികാരികളുടെയും കണ്ണുവെട്ടിച്ചാണ് മെക്‌സിക്കോയില്‍ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നുകള്‍ നിര്‍മിക്കുന്നത്. ഇത്തരത്തിലുള്ള ഒരു മയക്കുമരുന്ന് നിര്‍മാണശാല കഴിഞ്ഞദിവസം മെക്‌സിക്കന്‍ നാവികര്‍ കണ്ടെത്തിയിരുന്നു. ഏവരെയും ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് ഭൂമിക്കടിയിലെ മയക്കുമരുന്ന് നിര്‍മാണശാലയില്‍ നിന്നും അവര്‍ പുറത്തുവിട്ടിരിക്കുന്നത്. 

സിനലോവ സംസ്ഥാനത്തെ മലനിരകളോട് ചേര്‍ന്ന് അതീവരഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന മയക്കുമരുന്ന് നിര്‍മാണശാലയാണ് കഴിഞ്ഞദിവസം നാവികര്‍ കണ്ടുപിടിച്ചത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നാവികര്‍ ഇവിടെ എത്തിയത്. അതിസാഹസികമായി ഇവിടേക്ക് എത്തിയ നാവികര്‍ മയക്കുമരുന്ന് നിര്‍മാണശാല കണ്ട് ശരിക്കും ഞെട്ടിത്തരിച്ചു. ഭൂമിക്കടിയില്‍, എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടിയായിരുന്നു മയക്കുമരുന്ന് നിര്‍മാണശാലയുടെ പ്രവര്‍ത്തനം. 

വിപണിയില്‍ ഉയര്‍ന്നവിലയുള്ള മെഥാംഫെറ്റമിന്‍ എന്ന മയക്കുമരുന്നാണ് ഇവിടെ നിര്‍മിച്ചിരുന്നത്. ഭൂമിക്കടിയിലെ രഹസ്യകേന്ദ്രത്തിലെത്തിയ നാവികര്‍ 50 ടണ്‍ മെഥാംഫെറ്റമിന്‍ കയ്യോടെ നശിപ്പിച്ചു. ഇവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും ഇവിടെനിന്ന് കണ്ടെടുത്തു. മയക്കുമരുന്ന് നിര്‍മാണശാലയില്‍ നാവികര്‍ പരിശോധന നടത്തുന്ന ചിത്രങ്ങളും കൂടുതല്‍ വിവരങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. 

മെക്‌സിക്കോയില്‍ നിന്നാണ് ഹെറോയിനും മെഥാംഫെറ്റമിനും അടക്കമുള്ള മയക്കുമരുന്നുകള്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് എത്തുന്നത്. നിലവില്‍ വിചാരണ നേരിടുന്ന കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവന്‍ ജോക്വിന്‍ ഗുസ്മാനും മെക്‌സിക്കോയിലെ സിനലോവ കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിച്ചിരുന്നത്.