കോഴിക്കോട്:  ഊരും പേരുമില്ലാത്ത ഒരു നെറ്റ് നമ്പറില്‍ നിന്ന് പതിനാറുകാരിയുടെ ഫോണിലേക്ക് അശ്ലീല ഫോട്ടോ ചോദിച്ചുള്ള സന്ദേശം വന്നപ്പോഴാണ് ഡിജിറ്റല്‍ ക്ലാസിനുള്ളിലെ ചോര്‍ച്ചയെ കുറിച്ച് രക്ഷിതാക്കള്‍ പോലും ശ്രദ്ധിച്ചത്. ആര്‍ക്കെതിരേ പരാതിപ്പെടണമെന്നറിയാതെ രക്ഷിതാക്കള്‍ കുഴങ്ങി, പിന്നെ ഇനി ആവര്‍ത്തിക്കില്ലെന്ന് കരുതി തല്‍ക്കാലം മിണ്ടിയില്ല. കുറച്ച് ദിവസത്തിന് ശേഷം അധ്യാപകര്‍ക്ക് കിട്ടിയത് ചില അശ്ലീല സന്ദേശങ്ങളും ഭീഷണിപ്പെടുത്തലും. ചില ദിവസങ്ങളില്‍ ക്ലാസ്  തുടങ്ങുമ്പോള്‍ ഒരു ബോംബിട്ടപോലെ എല്ലാം അപ്രത്യക്ഷമാവും. ഒടുവില്‍ സൈബര്‍സെല്ലില്‍ പരാതിപ്പെട്ടപ്പോഴാണ് ഡിജിറ്റല്‍ പഠനകാലത്തെ കുട്ടികളുടെ പുതിയ ക്വട്ടേഷന്‍ സംഘങ്ങളിലേക്കുള്ള യാത്രയെ കുറിച്ച് സൈബര്‍ സെല്ലിനും വിവരം  കിട്ടിയത്. 

ഭൈരവന്‍ ഗ്രൂപ്പ്, അറക്കല്‍തറവാട്, മരണഗ്രൂപ്പ്

വിവിധ പേരുകള്‍ കൊണ്ട് സജീവമാണ് കുട്ടികള്‍ക്കിടയിലെ സൈബര്‍ ഗുണ്ടാഗ്രൂപ്പുകള്‍. അധ്യാപകര്‍ക്ക് വല്ല പണിയും കൊടുക്കണമെങ്കില്‍ മരണഗ്രൂപ്പില്‍ അവരുടെ നമ്പറടക്കമിട്ട് ഒരു സന്ദേശമയച്ചാല്‍ മതി. എവിടെ നിന്നെന്ന് പോലുമറിയാതെ നെറ്റ് നമ്പറില്‍ നിന്നോ ഒരു കൂട്ടം നമ്പറില്‍ നിന്നോ ഞൊടിയിടയില്‍ ആ നമ്പറിലേക്ക് സന്ദേശമെത്തിയിരിക്കും. തിരിച്ച് വിളിച്ചാലോ മറ്റെന്തെങ്കിലും വഴിയാലെയോ നമ്പറിന് പുറകെ  പോയാല്‍ ഒന്നും കാണില്ല. ചില്ലറ കാശ് കൊടുത്താല്‍  സന്ദേശമെത്തിയത്  പോലും അറിയാതെ അശ്ലീല വീഡിയോ ഫോണിലൂടെ കുട്ടികള്‍ക്ക് എത്തിച്ച് കൊടുക്കുന്ന സംഘങ്ങളും സജീവമായി പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയെന്ന് പറയുന്നു പോലീസ്. ഒപ്പം എങ്ങനെ ഒരു ഫോണ്‍ ഹാക്ക് ചെയ്യാം എന്നും നെറ്റ് നമ്പറുകള്‍ എങ്ങനെയുണ്ടാക്കാമെന്ന് വരെ പഠിപ്പിക്കുന്ന സംഘങ്ങളും കുട്ടികള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. സ്‌കൂളുകളില്‍ നിന്നും ചില വിദ്യാര്‍ഥികളില്‍ നിന്നും കുറെയേറെ പരാതികള്‍ വന്നപ്പോഴാണ് ഇത് സംബന്ധിച്ചുള്ള അന്വേഷണത്തിലേക്ക് പോലീസ് പോയത്. ഇവരെ പിടികൂടാന്‍ ഒരു വഴിയുമില്ലാതെ വന്നതോടെ പ്രത്യേക ലിങ്ക് പോലീസ് തന്നെയുണ്ടാക്കി വലവിരിച്ച് ഇട്ടുകൊടുത്ത് അത് വഴി ഐ.പി അഡ്രസ്സ് കണ്ടുപിടിച്ച് ആളെ കണ്ടെത്തിയതോടെയാണ് കുട്ടികളുടെ അപകടകരമായ ഡിജിറ്റല്‍ ഇടപാടുകളെ കുറിച്ച് പോലീസുകാര്‍ക്കും വിവരം ലഭിച്ചത്. 

സുക്കര്‍ബര്‍ഗിന്റെ വാട്‌സ് ആപ്പല്ല, കുട്ടികള്‍ക്കുണ്ട് സമാന്തര 'വാട്‌സ്ആപ്പു'കള്‍ 

ഔദ്യോഗിക വാട്‌സ് ആപ്പിന് പുറമെ ഗൂഗിള്‍പ്ലേയില്‍ പലതരം 'വാട്‌സ് ആപ്പുകള്‍' ഉണ്ടെന്ന് അറിയാവുന്ന എത്രപേരുണ്ട്. ഇതുപയോഗിച്ച് ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിനെ നിയന്ത്രിക്കുകയും അഡ്മിന്‍ ഓണ്‍ലി ഗ്രൂപ്പുകളില്‍ പോലും സന്ദേശങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നതിലും ഓണ്‍ലൈന്‍ ക്ലാസുകളില്‍ നുഴഞ്ഞ് കയറുന്നതിലും നമ്മുടെ കുട്ടികള്‍ സാക്ഷരത നേടിയിരിക്കുന്നുവെന്ന് വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസമുണ്ടാവും. എന്നാല്‍ ഗൂഗിള്‍ പ്ലേയിലെ ഇത്തരം സമാന്തര വാട്‌സ് ആപ്പുകളുടെ ഡൗണ്‍ലോഡിംഗ് വലിയ രീതിയില്‍ വര്‍ധിച്ചിരിക്കുന്നുവെന്ന് പറയുന്നു സൈബര്‍ വിദഗ്ധര്‍. 

വരുന്ന സന്ദേശങ്ങളേയും അയച്ച സന്ദേശങ്ങളേയുമെല്ലാം മറച്ച് വെക്കാന്‍ പ്രത്യേക ഫീച്ചറുകളുള്ള ഇത്തരം ആപ്പുകള്‍ രക്ഷിതാക്കളില്‍ നിന്നും  മറച്ചുവെക്കാനും  എളുപ്പമുവുന്നു. കാഴ്ചയില്‍ സാധാരണ വാട്‌സ് ആപ്പുപോലെ  തോന്നുമെങ്കിലും പരിശോധിക്കുമ്പോള്‍ ഒന്നും കാണാനാവല്ലെന്നതാണ് പ്രത്യേകത. ചില സന്ദേശങ്ങള്‍ മാത്രം പ്രത്യേകം പാസ്‌വേര്‍ഡുകള്‍ ഉപയോഗിച്ച് ലോക്ക് ചെയ്യാന്‍ സാധിക്കുന്ന സമാന്തര 'വാട്‌സ് ആപ്പു'കളുമുണ്ട്. ഇതില്‍ ഗ്രൂപ്പുകളുണ്ടാക്കിയാണ് പലതരം ചര്‍ച്ചകളിലേക്ക് കുട്ടികള്‍ പോവുന്നത്. കഞ്ചാവ് വില്‍പ്പന പോലെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും മറ്റ് പലതരം ലഹരി വസ്തുക്കളുടെ വില്‍പ്പന കുട്ടികള്‍ക്കിടയില്‍ എളുപ്പത്തില്‍ നടത്താനും ഈ ഗ്രൂപ്പുകള്‍ വഴി കഴിയുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ എക്‌സൈസ് അധികൃതരും ഇത്തരം ഗ്രൂപ്പുകളെ നിരീക്ഷിച്ച് വരുന്നുണ്ട്

നടപടികളുമായി ഹൈടെക് സെല്‍

ഓണ്‍ലൈന്‍ ക്ലാസുകളില്‍ അനധികൃതമായി കടന്നുകയറിയാലും  വിദ്യാര്‍ഥികളെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചാലും പോക്‌സോ വകുപ്പുകള്‍ ഉപയോഗിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അഡീഷണല്‍ സുപ്രണ്ട് ഓഫ് പോലീസ് ഇ.എസ് ബിജുമോന്‍ അറിയിച്ചു. ഐ.ടി ആക്ട് പ്രകാരം ഹാക്കിങ്ങ് വിഭാഗത്തില്‍ പെടുന്ന കേസാണിത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ലഭ്യമായ തെളിവുകള്‍ പോലീസിന് കൈമാറണം. ക്ലാസ് ലിങ്ക് തയ്യാറാക്കി കുട്ടികള്‍ക്ക് അയച്ച് കൊടുക്കുമ്പോള്‍ പുതിയ ലിങ്കുകള്‍ ക്രിയേറ്റ് ചെയ്യണം. രക്ഷിതാക്കള്‍ ഇത്തരം ലിങ്കുകള്‍ മറ്റാരും വഴി ഷെയര്‍ ചെയ്ത് പോവാതെ നോക്കണം. ഇതിനായി സ്‌കൂള്‍ തലത്തിലും പ്രത്യേകം മോണിറ്ററിങ്ങ് സെല്‍ ഉണ്ടാക്കണം. ക്ലാസിന് കയറുന്ന വിദ്യാര്‍ഥികളുടെ  പേരും മറ്റ് ഡിറ്റെയില്‍സും കൃത്യമായി കൊടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം  പറഞ്ഞു. പലപ്പോഴും കണ്ട് വരുന്നത് ഫോണിന്റെ പേരോ മറ്റ് നിക് നെയിമോ മറ്റെന്തെങ്കിലും പേരോ ആയിരിക്കും. ഇതുണ്ടാവാന്‍ പാടില്ല. അത് എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റുന്നതാണ്. രക്ഷിതാക്കള്‍ക്കും  കുട്ടികള്‍ക്കും ഇത് അറിയില്ലെങ്കില്‍ പ്രത്യേകം നിര്‍ദേശം സ്‌കൂളില്‍ നിന്ന് നല്‍കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.