കൊച്ചി: മരുന്നുരൂപത്തിലും മറ്റും ഉപയോഗിക്കാവുന്ന സ്റ്റിറോയ്ഡുകളും ലൈംഗിക ഉത്തേജകങ്ങളും കേരളമടക്കമുള്ള സ്ഥലങ്ങളിലേക്ക് വന്‍തോതില്‍ എത്തിക്കുന്നതിനു പിന്നില്‍ വിപുല ശൃംഖല. ജന്തുക്കളില്‍ സാധാരണ ഉപയോഗിക്കുന്ന മരുന്നുകള്‍ വിദേശ രാജ്യങ്ങളില്‍നിന്ന് മിക്കപ്പോഴും കടത്തുന്നത് പാസ്പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ത്തിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ ക്രിയാത്മക സഹകരണത്തിലൂടെ ഇതിന് തടയിട്ടില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമാകുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

വിമാനത്താവളങ്ങളില്‍നിന്നും മറ്റുമായി പാസ്പോര്‍ട്ടിന്റെ നമ്പരുകള്‍ ചോര്‍ത്തിയതായി ഏറെക്കാലമായി വ്യക്തമായിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി വിദേശ മദ്യത്തട്ടിപ്പ് നടത്തിയ കേസില്‍ അന്വേഷണം നടക്കുന്നു. കൊച്ചിയിലെ വിദേശ കൂറിയറുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ അടുത്തിടെ നടന്ന പരിശോധനാ വിവരങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. 

കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട ദേവാലയത്തിലെ പുരോഹിതന്റെ പേരില്‍ മാസങ്ങള്‍ക്കു മുമ്പേ ഒരു പാഴ്സല്‍ വന്നു. എന്തോ പന്തികേടു തോന്നിയ അധികൃതര്‍ വിശദമായി പരിശോധിച്ചപ്പോള്‍ ലഹരിവസ്തുവാണെന്ന് മനസ്സിലായി. വിലാസക്കാരനോട് നേരിട്ടന്വേഷിച്ചപ്പോഴാണ് അദ്ദേഹം അറിയാതെയാണ് പാസ്പോര്‍ട്ടിന്റെ വിവരം ഉപയോഗിച്ചതെന്ന് മനസ്സിലായത്. ഇത്തരത്തില്‍ ചില കേസുകള്‍കൂടി വന്നതോടെ പാസ്പോര്‍ട്ട് വിവരങ്ങളുടെ ചോരല്‍ വ്യാപകമാണെന്നും ബോധ്യമായി. കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നുമുണ്ട്. പാസ്പോര്‍ട്ടിന്റെ പേരും നമ്പരും കിട്ടിക്കഴിഞ്ഞാല്‍ അതിന്റെ അടിസ്ഥാനത്തിലാണ് കൂറിയര്‍ അയയ്ക്കുക. കവറിനു പുറത്ത് ബന്ധപ്പെടാനായി നല്‍കുന്ന ഫോണ്‍ നമ്പര്‍ തട്ടിപ്പു സംഘവുമായി ബന്ധപ്പെട്ടവരുടേതാകും. വിലാസക്കാരനെ വിവരമറിയിക്കാന്‍ ഈ നമ്പരില്‍ വിളിക്കുമെന്നതിനാല്‍ യഥാര്‍ത്ഥ വിലാസക്കാരന്‍ വിവരം അറിയുകയുമില്ല.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ജിംനേഷ്യം ഉടമയില്‍നിന്ന് പിടിച്ചെടുത്ത മരുന്നുകളില്‍ ചിലത് മനുഷ്യന്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. മിക്കവയും ജര്‍മനയില്‍ നിര്‍മിച്ചവയാണെന്നാണ് ഡ്രഗ്സ് വിഭാഗത്തിന്റെ കണ്ടെത്തല്‍. കോഴികള്‍ മുതല്‍ കുതിരകളില്‍ വരെ ശരീരപുഷ്ടിക്കും മറ്റുമായി ഉപയോഗിക്കുന്നതാണിവ. ചിലതാകട്ടെ ട്രാന്‍സ്ജെന്‍ഡറുകളില്‍ ഹോര്‍മോണ്‍ ചികിത്സയ്ക്ക് മാത്രം നിര്‍ദേശിക്കപ്പെട്ടിട്ടുള്ളതാണ്. പുരുഷന്മാരില്‍ അമിത ലൈംഗികാസക്തി വളരാനും ഇത് കാരണമാകുമെന്നാണ് പറയുന്നത്. ആരാണ് ഇവ നല്‍കുന്നതെന്ന് ഇടപാടുകാരില്‍ പലര്‍ക്കും അറിയില്ല. ചെന്നൈയില്‍നിന്ന് കൂറിയര്‍ വഴിയാണ് ഇവ കിട്ടുന്നതെന്നാണ് കൊച്ചിയില്‍ പിടിയിലായ ആള്‍ പറയുന്നത്.

ചര്‍മരോഗങ്ങള്‍ക്കും മറ്റും സ്റ്റിറോയ്ഡ് ചികിത്സ നടത്താറുണ്ടെങ്കിലും കര്‍ശനമായ നിയന്ത്രണങ്ങളാണ് നിര്‍ദേശിക്കപ്പെടുന്നത്. പരമാവധി രണ്ടാഴ്ചയില്‍ കൂടുതല്‍ ഇത്തരം ശക്തമായ മരുന്നുകളുപയോഗിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. ആവര്‍ത്തിച്ചുള്ള ഉപയോഗം മരുന്നു പ്രതിരോധശക്തിയുണ്ടാക്കാനും കാരണമാകും. ഇതോടെ ചില പ്രധാനപ്പെട്ട രോഗങ്ങള്‍ക്കെതിരേയുള്ള മരുന്നുകള്‍ ഇവരില്‍ ഫലിക്കാതാകും. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകള്‍ വില്‍ക്കുന്നത് കുറ്റകരമാണ്.

ജാഗ്രതയും ബോധവത്കരണവും ആവശ്യം

കൗമാരക്കാര്‍ക്ക് വലിയ ആവേശമാണ് ശരീരം പുഷ്ടിപ്പെടുത്തുന്നതിന്. വ്യായാമ മുറകളിലൂടെ ഇത് സാധിക്കുന്നതിനുപകരം അനാവശ്യ മരുന്നുകളുപയോഗിക്കുന്ന പ്രവണത കൂടുന്നുണ്ട്. ഇക്കാര്യത്തില്‍ ചെറുപ്പക്കാരും രക്ഷിതാക്കളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. സമൂഹം ബോധവത്കരിക്കപ്പെട്ടാല്‍ മാത്രമേ ഇത്തരം പ്രശ്നങ്ങളെ പൂര്‍ണമായും ഒഴിവാക്കാനാകൂ.

-രവി. എസ്. മേനോന്‍

സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍.

മുഖം നോക്കാതെ നടപടി

പാസ്പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ത്തി ചില തട്ടിപ്പുകള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തുടരന്വേഷണം നടന്നുവരികയാണ്. കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. കൂടുതല്‍ അന്വേഷണത്തിന് മറ്റ് ഏജന്‍സികളുെട സഹകരണവും തേടിയിട്ടുണ്ട്.

-സുമിത് കുമാര്‍

കസ്റ്റംസ് കമ്മിഷണര്‍, കൊച്ചി.

Content Highlights: details about steroid smuggling and sales in kochi.