ഡല്‍ഹി: ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹി ഗാസിപൂര്‍ സാക്ഷ്യംവഹിച്ചത് അതിനാടകീയമായ ഏറ്റുമുട്ടലിന്. കുപ്രസിദ്ധ ഗുണ്ടാനേതാവ് അശോക് പ്രധാനെയും സഹായി വിനോദ് പണ്ഡിറ്റിനെയും കീഴ്‌പ്പെടുത്താനുള്ള ശ്രമങ്ങളാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. മിനിറ്റുകളോളം നീണ്ട വെടിവെപ്പിനിടെയില്‍ അശോക് പ്രധാന്‍ രക്ഷപ്പെട്ടെങ്കിലും സഹായിയും ഒട്ടേറെകേസുകളില്‍ പ്രതിയുമായ വിനോദ് പണ്ഡിറ്റിനെ പോലീസ് പിടികൂടി. ഏറ്റുമുട്ടലില്‍ കാലിന് വെടിയേറ്റ ഇയാളെ പതിനാറംഗ സംഘം അതിസാഹസികമായി പിടികൂടുകയായിരുന്നു. 

ഒട്ടേറെ കൊലപാതകക്കേസുകളിലും തട്ടിക്കൊണ്ടുപോകല്‍ കേസുകളിലും അക്രമങ്ങളിലും പ്രതിയായ അശോക് പ്രധാന്‍ ഡല്‍ഹി, ഹരിയാണ, ഉത്തര്‍പ്രദേശ് പോലീസ് സേനകള്‍ തിരയുന്ന കുപ്രസിദ്ധ ഗുണ്ടാനേതാവാണ്. തലയ്ക്ക് രണ്ട് ലക്ഷം രൂപ വിലയിട്ട ഇയാളെ കണ്ടെത്താന്‍ പോലീസ് സേനകള്‍ പലതവണ അന്വേഷണം നടത്തിയിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല. അതിനിടെ കഴിഞ്ഞദിവസം അശോക് പ്രധാനും സഹായിയും ഗാസിപൂര്‍ പേപ്പര്‍ മാര്‍ക്കറ്റ് വഴി കടന്നുവരുമെന്ന രഹസ്യവിവരം ലഭിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പോലീസിലെ  പ്രത്യേകസംഘം ഇരുവര്‍ക്കുമായി വലവിരിച്ചത്. 

ഞായറാഴ്ച പുലര്‍ച്ചെ നാലരമണിയോടെ ബൈക്കില്‍ ഗാസിപൂരിലെത്തിയ ഇരുവരെയും പോലീസ് വാഹനം കുറുകെയിട്ട് തടഞ്ഞു. രണ്ടുപേരോടും കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ബൈക്കില്‍നിന്ന് ഇവര്‍ പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇതോടെ പോലീസ് സംഘവും തിരിച്ചടിച്ചു. സെമി-ഓട്ടോമാറ്റിക് പിസ്റ്റള്‍ കൈവശം സൂക്ഷിച്ചിരുന്ന അക്രമികള്‍ തുരുതുരാ വെടിയുതിര്‍ത്തെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ധരിച്ചതിനാല്‍ പോലീസുകാര്‍ക്ക് പരിക്കേറ്റില്ല. ഇതിനിടെ പോലീസ് സംഘത്തിന്റെ വെടിവെപ്പില്‍ വിനോദ് പണ്ഡിറ്റിന്റെ കാലിന് വെടിയേറ്റു. സഹായിക്ക് വെടിയേറ്റതോടെ അശോക് പ്രധാന്‍ ഓടിരക്ഷപ്പെട്ടു. പോലീസ് സംഘം ഇയാളെ പിന്തുടര്‍ന്നെങ്കിലും ഇരുട്ടായതിനാല്‍ കണ്ടെത്താനായില്ല. 

പിടിയിലായ വിനോദ് പണ്ഡിറ്റ് കൊലപാതകക്കേസുകള്‍ ഉള്‍പ്പെടെ നിരവധികേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. 2001ല്‍ വധശ്രമക്കേസില്‍ പിടിക്കപ്പെട്ട് റോത്തക്ക് ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഇയാള്‍ അശോക് പ്രധാനുമായും കൊല്ലപ്പെട്ട ഗുണ്ടാത്തലവന്‍ നീതു ദബോധിയയുമായും അടുക്കുന്നത്. തുടര്‍ന്ന് ദബോധിയയുടെ സംഘത്തില്‍ചേര്‍ന്ന ഒട്ടേറെ അക്രമങ്ങളില്‍ പങ്കാളിയായി. ദബോധിയ പോലീസ് ഏറ്റുട്ടലില്‍ കൊല്ലപ്പെട്ടതോടെ വിനോദ് പണ്ഡിറ്റ് അശോക് പ്രധാന്റെ സംഘത്തിലെത്തി. പിന്നീടങ്ങോട്ട് ഇരുവരും ചേര്‍ന്നായിരുന്നു വിവിധ ഓപ്പറേഷനുകള്‍ ആസൂത്രണം ചെയ്തത്. ഇതിനിടെ അശോക് പ്രധാന്റെ സഹോദരനും കുപ്രസിദ്ധ ഗുണ്ടാനേതാവുമായ ദില്‍ബാഗ് സിങ് കൊല്ലപ്പെട്ടു. ഡല്‍ഹിയിലെ മറ്റൊരു ഗുണ്ടാനേതാവായ നീരജ് ഭാവ്‌നയും സംഘവുമായിരുന്നു കൊലപാതകത്തിന് പിന്നില്‍. ഇതോടെ ഇരുസംഘങ്ങളും തമ്മിലുള്ള ശത്രുത വര്‍ധിക്കുകയും പലതവണ ഏറ്റുമുട്ടുകയും ചെയ്തു. ഡല്‍ഹി പോലീസിന് തലവേദനയായി മാറിയ ഗുണ്ടാംസംഘങ്ങള്‍ ഒട്ടേറെതവണ കൊമ്പുകോര്‍ത്തു. ഒടുവില്‍ നീരജ് ഭാവ്‌നയെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞെങ്കിലും അശോക് പ്രധാനും സഹായിയും പോലീസിന്റെ കണ്ണുവെട്ടിച്ച് കഴിയുകയായിരുന്നു.