ഹൈദരാബാദ്: ഇത് എല്ലാവരുടെയും കണ്ണ് തുറപ്പിക്കണം. മികച്ചവരായ യോഗ്യതയുള്ള ഒരു വിദ്യാർഥിക്കും ഈ വിധിയുണ്ടാകരുത്. പാവപ്പെട്ട വിദ്യാർഥികളെ സർക്കാർ സഹായിക്കണം'- പഠനം തുടരാൻ കഴിയാതെ ദിവസങ്ങൾക്ക് മുമ്പ് ജീവനൊടുക്കിയ ഐശ്വര്യ റെഡ്ഡിയുടെ പിതാവ് ശ്രീനിവാസ റെഡ്ഡിയുടെ വാക്കുകളാണിത്.

ലോക്ക്ഡൗൺ കാലത്ത് പഠനം തുടരാൻ ഒരു ലാപ്ടോപ് മാത്രമാണ് ഐശ്വര്യ ആഗ്രഹിച്ചത്. പക്ഷേ, സാമ്പത്തിക പ്രതിസന്ധി കാരണം പിതാവിന് അത് വാങ്ങിനൽകാൻ കഴിഞ്ഞില്ല. സ്കോളർഷിപ്പ് തുക മുടങ്ങിയതും ഐശ്വര്യയുടെ പഠനം പ്രതിസന്ധിയിലാക്കി. ഒടുവിൽ കുടുംബത്തിന് ഇനി ഭാരമാകാനില്ലെന്ന കുറിപ്പെഴുതി ഐശ്വര്യ ജീവനൊടുക്കുകയായിരുന്നു.

ഡൽഹി ലേഡി ശ്രീറാം കോളേജിലെ ബി.എസ്.സി. മാത്ത്സ് ഓണേഴ്സ് ബിരുദ വിദ്യാർഥിനിയായിരുന്നു ഐശ്വര്യ. 98.5% മാർക്ക് നേടിയാണ് പ്ലസ്ടു പാസായത്. സിവിൽ സർവീസായിരുന്നു സ്വപ്നം. എത്രത്തോളം പഠിക്കാനാകുമോ അത്രയും പഠിക്കണമെന്നത് മാത്രമായിരുന്നു ആഗ്രഹം. മകൾക്ക് ഡൽഹിയിലെ കോളേജിൽ അഡ്മിഷൻ ലഭിച്ചപ്പോൾ ഒരു കിടപ്പുമുറി മാത്രമുള്ള വീട് പണയംവെച്ചാണ് ശ്രീനിവാസ റെഡ്ഡി പണം കണ്ടെത്തിയത്. എന്നാൽ കോവിഡും ലോക്ക്ഡൗണും കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയായിരുന്നു.

മെക്കാനിക്കായ ശ്രീനിവാസ റെഡ്ഡി മാർച്ചിൽ പുതിയ വർക്ക് ഷോപ്പ് തുടങ്ങിയെങ്കിലും ലോക്ക്ഡൗൺ കാരണം അടച്ചിടേണ്ടിവന്നു. വരുമാനം നിലച്ചു. കോളേജ് അടച്ചതിനെ തുടർന്ന് ഐശ്വര്യ ഫെബ്രുവരിയിൽതന്നെ നാട്ടിലെത്തിയിരുന്നു. ഫോണിലൂടെയാണ് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തിരുന്നത്. ഒരു ലാപ്ടോപ്പ് കിട്ടിയിരുന്നെങ്കിൽ പഠനത്തിന് ഏറെ സഹായകരമാകുമെന്നും ഫോണിലൂടെയുള്ള പഠനം പ്രയാസകരമാണെന്നും ഐശ്വര്യ പറഞ്ഞിരുന്നു. കുറച്ചുദിവസം കാത്തിരിക്കൂ എന്നായിരുന്നു പിതാവ് മകൾക്ക് നൽകിയ മറുപടി. വീട്ടിലെ അവസ്ഥ മനസിലായതിനാലാകണം പിന്നീട് ഐശ്വര്യ ലാപ്ടോപ്പിനെക്കുറിച്ച് ചോദിച്ചതുപോലുമില്ല. സെപ്റ്റംബർ 14-ന് ലാപ്ടോപ്പിനായി നടൻ സോനു സോദിന് ഐശ്വര്യ ഇ-മെയിൽ അയച്ചിരുന്നെങ്കിലും പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നുവെന്ന സോനു സോദിന്റെ ട്വീറ്റ് കണ്ടാണ് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളടക്കം ഇ-മെയിൽ അയച്ചത്.

ഇതിനിടെയാണ് ഐശ്വര്യയ്ക്ക് ലഭിക്കേണ്ട ഇൻസ്പെയർ സ്കോളർഷിപ്പും നീണ്ടുപോയത്. സ്കോളർഷിപ്പിന് അർഹയാണെന്ന് കത്ത് ലഭിച്ചെങ്കിലും പണം ലഭിക്കാൻ ഇനിയും കടമ്പകളുണ്ടെന്നായിരുന്നു അധികൃതർ അറിയിച്ചത്. ഇതോടൊപ്പം ഒക്ടോബറിൽ ഡൽഹിയിലെ കോളേജ് ഹോസ്റ്റൽ ഒഴിയേണ്ടിവരുമെന്നതും ഐശ്വര്യയെ വിഷമത്തിലാക്കിയിരുന്നു. ആദ്യവർഷ വിദ്യാർഥികൾക്ക് മാത്രമാണ് കോളേജിൽ ഹോസ്റ്റൽ അനുവദിക്കുന്നതെന്നും അതുകഴിഞ്ഞാൽ സ്വന്തംനിലയിൽ താമസസൗകര്യം കണ്ടെത്തണമെന്നുമാണ് ശ്രീനിവാസ റെഡ്ഡി പറയുന്നത്. 'അക്കാര്യം ഓർത്ത് വിഷമിക്കേണ്ടെന്ന് ഞാൻ അവളോട് പറഞ്ഞതാണ്. എവിടെനിന്നാണെന്നറിയില്ലെങ്കിലും എങ്ങനെയെങ്കിലും പണം കണ്ടെത്താമെന്നും ഞാൻ പറഞ്ഞിരുന്നു. നവംബർ രണ്ടാം തീയതി അവളാണ് എനിക്ക് ഭക്ഷണം വാരിത്തന്നത്, അതിനുശേഷമാണ് അവൾ ആ കടുംകൈ ചെയ്തത്'- ശ്രീനിവാസ റെഡ്ഡി വിതുമ്പി.

താൻ കാരണം കുടുംബം ഒരുപാട് സാമ്പത്തിക ബാധ്യതകൾ നേരിടുന്നതായാണ് ഐശ്വര്യ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. താൻ കുടുംബത്തിന് ഭാരമാണ്. തന്റെ വിദ്യാഭ്യാസം കുടുംബത്തിന് ബാധ്യതയാണ്. പഠിക്കാൻ കഴിഞ്ഞില്ലെങ്കിൽ തനിക്ക് ജീവിക്കാനാവില്ലെന്നും കുറിപ്പിലുണ്ടായിരുന്നു. നവംബർ രണ്ടാം തീയതിയാണ് രംഗറെഡ്ഡി ജില്ലയിലെ ഷാദ്നഗറിലെ വീട്ടിൽ ഐശ്വര്യ തൂങ്ങിമരിച്ചത്.

മൂത്ത മകളുടെ വേർപാടിൽ തളർന്നിരിക്കുമ്പോഴും ഇനിയൊരു വിദ്യാർഥിക്കും ഈ വിധിയുണ്ടാകരുതെന്ന് മാത്രമാണ് ശ്രീനിവാസ റെഡ്ഡി പറയുന്നത്. ഐശ്വര്യയുടെ പഠനച്ചെലവുകൾ കാരണം രണ്ടാമത്തെ മകളുടെ സ്കൂൾ വിദ്യാഭ്യാസം മുടങ്ങിയിരുന്നു. ഏഴാം ക്ലാസിൽ പഠനം നിർത്തിയ രണ്ടാമത്തെ മകളെ ഇനി വീണ്ടും സ്കൂളിൽ അയക്കണമെന്നും മികച്ച രീതിയിൽ പഠിപ്പിക്കണമെന്നുമാണ് ശ്രീനിവാസ റെഡ്ഡിയുടെ ആഗ്രഹം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:delhi lsr college student aiswarya reddy suicide telangana