തിരുവനന്തപുരം: ചില കൊലപാതകങ്ങൾ ഒടുങ്ങാത്ത ദുരൂഹതകൾ ബാക്കിവയ്ക്കുന്നവയാണ്. അതഴിച്ചെടുക്കണമെങ്കിൽ മടിപിടിക്കാത്ത മനസ്സുമായി വേണ്ടത്ര ഗൃഹപാഠങ്ങളിലുടെ കേസിനു പിന്നാലേ തുടർച്ചയായി സഞ്ചരിച്ചു കൊണ്ടിരിക്കണം. അതുണ്ടായില്ലെങ്കിൽ പോലീസിന്റെ യു.ഡി. (അണ്‍ ഡിറ്റക്റ്റഡ്) പട്ടികയിലേക്ക്‌ ഒരു ഫയൽ കൂടി സമ്മാനിക്കപ്പെട്ടുകൊണ്ട് കേസൊതുങ്ങും. പോലീസുകാരന്റെ ജാഗ്രതകൊണ്ട് തെളിയിക്കപ്പെട്ടതും അനാസ്ഥകൊണ്ട് ദുരൂഹത നീങ്ങാത്തതുമായ കേസുകൾക്ക് കിളിമാനൂർ പോലീസ് സ്‌റ്റേഷനിൽ ഉദാഹരണമുണ്ട്.

പുല്ലയിൽ സ്വദേശി കമലാക്ഷിയെ(65) പുല്ലയിൽ പറക്കോട് ക്ഷേത്രക്കുളത്തിനു സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് 2006 നവംബർ 26-നായിരുന്നു. ഈ കേസിൽ പലരെയും സംശയിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും കണ്ടെത്താനായില്ല. സംഭവത്തെത്തുടർന്ന് നാട്ടിൽ നിന്ന് അപ്രത്യക്ഷനായ ഒരാളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചെങ്കിലും അയാളിലേക്ക്‌ അന്വേഷണമെത്തിയില്ല. 2017 മേയ് മാസത്തിൽ മലപ്പുറത്ത് ഒരു മോഷണക്കേസിൽ അറസ്റ്റിലായ മോഹൻകുമാറെന്നയാളെക്കുറിച്ചുള്ള വിവരം അന്വേഷിച്ച് മലപ്പുറം പോലീസ് ബന്ധപ്പെട്ടപ്പോൾ കമലാക്ഷി കൊലക്കേസ് ഓർമ്മയിലുണ്ടായിരുന്ന പോലീസുകാരന് അന്ന് സംശയിച്ചിരുന്നയാളെ തിരിച്ചറിയാൻ ഏറെനേരം വേണ്ടിവന്നില്ല. ചോദ്യം ചെയ്യലിൽ കമലാക്ഷിയെ താൻ കൊലപ്പെടുത്തിയതാണെന്ന് മോഹൻകുമാർ സമ്മതിച്ചു. അങ്ങനെ കമലാക്ഷി കൊലക്കേസ് പതിനൊന്നുവർഷത്തിനു ശേഷം തെളിയിക്കപ്പെട്ടു. എസ്.പി.യുടെ പ്രത്യേകാന്വേഷണസംഘത്തിലെ പോലീസുകാരനാണ് കേസിൽ നിർണായക പങ്കുവഹിച്ചത്.

കിളിമാനൂർ സ്റ്റേഷൻ പരിധിയിലുണ്ടായ മറ്റൊരു കേസ് പോലീസിന്റെ അനാസ്ഥയുടെ ഉദാഹരണമാണ്. വെള്ളല്ലൂരിന് സമീപം ഓടയ്ക്കുള്ളിൽ തെങ്ങോലകൾ കൊണ്ടു മൂടിയിട്ട നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കാണപ്പെട്ടതാണ് കേസ്. 2017 നവംബർ 15-നായിരുന്നു സംഭവം. കണ്ടെത്തുമ്പോൾ മൃതദേഹത്തിന് നാലു ദിവസത്തിലധികം പഴക്കമുണ്ടായിരുന്നു. മുഖമുൾപ്പെടെ വികൃതമായി ആളെ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു. മൃതദേഹ പരിശോധനാഫലവും ഫോറൻസിക് പരിശോധനാഫലവും വന്നതോടെ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. കിളിമാനൂർ സി.ഐ. ആയിരുന്ന വി.എസ്.പ്രദീപ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനുള്ള നടപടികളെടുക്കാമായിരുന്നു. എന്നാൽ പോലീസ് അതിന് മുതിർന്നില്ല. ദിവസങ്ങളോളം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഒടുവിൽ പോലീസിന്റെ നേതൃത്വത്തിൽ സംസ്‌കരിച്ചു. കൊല്ലപ്പെട്ടതാരെന്നോ, കൊന്നതാരെന്നോ എന്തിനു വേണ്ടിയെന്നോ ഇന്നും അജ്ഞാതം. പോലീസ് ഒന്നുണർന്നു പ്രവർത്തിച്ചിരുന്നുവെങ്കിൽ കൊല്ലപ്പെട്ടതാരെന്നെങ്കിലും കണ്ടെത്താമായിരുന്നു.

ആറ്റിങ്ങൽ പൂവമ്പാറയിൽ പ്രവർത്തിക്കുന്ന ഹോളോബ്രിക്‌സ് കമ്പനിയിലെ ജീവനക്കാരനായ പശ്ചിമബംഗാൾ സ്വദേശി ബിമൽബാറ (39) കൊല്ലപ്പെട്ടത് 2019 മാർച്ച് 11-ന് രാത്രിയിലാണ്. ഇയാൾക്കൊപ്പം താമസിച്ചിരുന്ന ബംഗാൾ സ്വദേശിയായ അമലാണ് കൊലപാതകിയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിനു ശേഷം ബംഗാളിലേക്കു പോയ ഇയാൾക്കു പിന്നാലേ ആറ്റിങ്ങലിൽ നിന്ന് പോലീസ് സംഘം പോയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. കൊലപാതകത്തിനു ശേഷം ബിമൽബാറയുടെ മൊബൈലും വസ്ത്രങ്ങളും പണവുമെല്ലാം കവർന്നു കൊണ്ടായിരുന്നു അമൽ രക്ഷപ്പെട്ടത്. നാട്ടിലെത്തിയ ഇയാൾ മോഷ്ടിച്ചെടുത്ത മൊബൈൽ മറ്റൊരാൾക്ക് വിറ്റിരുന്നു. അന്വേഷണ സംഘം ആ മൊബൈൽ കണ്ടെത്തിയതൊഴികെ ഒരു പുരോഗതിയും ഈ കേസിലുണ്ടായില്ല.

വട്ടപ്പാറ പന്നിയോട് വീട്ടിൽ സുശീലയെ(65) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഏപ്രിൽ 9-നായിരുന്നു. അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. ഈ കേസിലും തുമ്പുണ്ടാക്കാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

സംഭവങ്ങളുണ്ടാകുമ്പോൾ ഉണർന്നുപ്രവർത്തിക്കുന്ന അന്വേഷണോദ്യോഗസ്ഥരും അന്വേഷണത്തിന്റെ ഗതി നിയന്ത്രിക്കാൻ പ്രാപ്തിയുള്ള മേലുദ്യോഗസ്ഥരുമാണ് പല കേസുകളിലെയും നിർണായകശക്തിയാകുന്നത്. അതുണ്ടാകാത്ത കേസുകളാണ് യു.ഡി പട്ടികയിലേക്ക്‌ മാറ്റപ്പെടുന്നവയിലേറെയും.

Content Highlights: dead body found in canal