ബെംഗളൂരു: തിടുക്കത്തിൽ ആഭ്യന്തര സെക്രട്ടറി സ്ഥാനത്തുനിന്ന് സ്ഥലം മാറ്റിയതിൽ അതൃപ്തിയറിയിച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥ ഡി. രൂപ. ബെംഗളൂരു അഡീഷണൽ കമ്മിഷണറായിരുന്ന ഹേമന്ത് നിംബാൾക്കറിനൊപ്പം സ്ഥലംമാറ്റിയതിനെതിരേ സാമൂഹിക മാധ്യമത്തിലൂടെയാണ് രൂപ വിമർശനമുന്നയിച്ചത്.

ഐ.എം.എ. ജൂവലറി നിക്ഷേപ തട്ടിപ്പ് കേസിൽ സി.ബി.ഐയുടെ കുറ്റപത്രത്തിൽ പ്രതി ചേർക്കപ്പെട്ട നിംബാൾക്കറിനെയും തന്നെയും ഒരു പോലെ പരിഗണിക്കുന്നുവെന്ന തോന്നൽ സ്ഥലം മാറ്റത്തിലൂടെയുണ്ടാകുമെന്ന തരത്തിലാണ് രൂപയുടെ വിമർശനം. ക്രമക്കേടുകൾക്കെതിരേ വിട്ടുവീഴ്ചയില്ലാതെ നിലപാട് സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. വെള്ളിയാഴ്ച പുതിയ ചുമതലയേറ്റെടുത്ത ശേഷമാണ് രൂപയുടെ പ്രതികരണം.

ബെംഗളൂരു സേഫ് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ ഹേമന്ത് നിംബാൽക്കറെ ബെംഗളൂരു ആഭ്യന്തര സുരക്ഷാ വകുപ്പിലേക്കും ഡി. രൂപയെ സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായുമാണ് സ്ഥലം മാറ്റിയത്. 'ഏതു തസ്തികയായാലും പ്രശ്നമില്ല. അഴിമതിക്കാർ ശിക്ഷക്കപ്പെടണം. പൊതുജനതാത്‌പര്യം സംരക്ഷിക്കപ്പെടണം. ജോലി ചെയ്ത വർഷങ്ങളുടെ ഇരട്ടി തവണ സ്ഥലംമാറ്റം ലഭിച്ചിട്ടുണ്ട്.

ക്രമക്കേടുകൾ വിളിച്ചു പറയുകയും ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യുമ്പോൾ വെല്ലുവിളി നേരിടേണ്ടിവരുമെന്നറിയാം. വിട്ടുവീഴ്ചയ്യില്ലാതെ ജോലി ചെയ്യുന്നത് തുടരും. തന്റെ മാറ്റം അഴിമതി നടത്തിയവർക്കെതിരേയുള്ള നടപടിക്ക് വഴിയൊരുക്കുകയാണെങ്കിൽ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്'- രൂപ വ്യക്തമാക്കി.

അതിനിടെ രൂപയ്ക്ക് പിന്തുണ അറിയിച്ചും സർക്കാർ തീരുമാനത്തെ വിമർശിച്ചും ഒട്ടേറെ പേർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ബെംഗളൂരു സേഫ് സിറ്റി പദ്ധതിക്കു വേണ്ടിയുള്ള കരാർ നടപടിക്കെന്ന പേരിൽ ഡി. രൂപ അനധികൃതമായി ഫോൺ കോളുകൾ നടത്തുകയും ഇ-മെയിൽ അയക്കുകയും ചെയ്തെന്ന് ഹേമന്ത് നിംബാൽക്കർ ചീഫ് സെക്രട്ടറി വിജയ് ഭാസകർക്ക് പരാതി നൽകിയിരുന്നു.

എന്നാൽ, ഹേമന്ത് നിംബാൾക്കർ തനിക്കെതിരേ വ്യാജപരാതി നൽകിയെന്നും പദ്ധതിയിൽ ഇഷ്ടമുള്ള സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് ഡി. രൂപയും ചീഫ് സെക്രട്ടറി വിജയ ഭാസ്കർക്ക് പരാതി നൽകുകയായിരുന്നു.

Content Highlights:d roopa ips response about her transfer