ഒരു ഗെയിമില്‍ ഒതുങ്ങുന്നതല്ല സൈബര്‍ ലോകത്തെ ചതിക്കുഴികള്‍. ഒരു ഗെയിം നിരോധിച്ചതുകൊണ്ടും പ്രശ്‌നം അവസാനിക്കുന്നില്ല. വേണ്ടത് നമ്മുടെ മക്കള്‍ സുരക്ഷിതരാണോ എന്ന് ഉറപ്പുവരുത്താനുള്ള ബോധമാണ്. അതിന് തുറന്ന ആശയവിനിമയവും ബോധവത്കരണവും അനിവാര്യമാണ്. ഫോണില്‍നിന്ന് കണ്ണെടുക്കാത്ത രക്ഷിതാക്കള്‍ക്കൊപ്പം ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒരു കുട്ടി സൈബര്‍ ലോകത്തെ ചതിക്കുഴിയില്‍ വീഴാനുള്ള സാധ്യത ഏറെയാണ്. നമ്മുടെ വീടുകളില്‍ തുറന്നുസംസാരിക്കാനുള്ള ഇടം നഷ്ടപ്പെട്ടുപോയതിന്റെ ദുരന്തമാണ് കുട്ടികളെ മരണത്തിന്റെ വക്കിലെത്തിക്കുന്നത് സാങ്കേതികവിദ്യ കടല്‍പോലെ പരന്നുകിടക്കുന്ന ഒരുകാലത്താണ് നാം ജീവിക്കുന്നത്. 'എന്റെ കുട്ടിക്ക് ഫോണിനെപ്പറ്റി എല്ലാമറിയാം. എന്തൊക്കെയാണ് അവന്‍ ചെയ്യുന്നതെന്ന് എനിക്കൊരു നിശ്ചയവുമില്ല' എന്നു പറയുന്നിടത്താണ് ഏറ്റവും വലിയ അപകടം. കുട്ടി എന്തൊക്കെ ചെയ്യുന്നുവെന്ന് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.

sanjay

കെ.സഞ്ജയ് കുമാര്‍ ഐപിഎസ്‌

പിച്ചവെച്ചുനടക്കാന്‍ തുടങ്ങിയ നാള്‍തൊട്ട് നിങ്ങള്‍ അവര്‍ക്ക് നല്‍കുന്നത് നിര്‍ദേശങ്ങളും ഉപദേശങ്ങളുമാണ്. ശ്രദ്ധിച്ചുനടക്കൂ, വീഴല്ലേ, വീണാല്‍ മുറിവുപറ്റും എന്നിങ്ങനെ. സ്‌കൂളില്‍ പോകാന്‍ തുടങ്ങിയാല്‍ റോഡില്‍ ശ്രദ്ധിച്ചുനടക്കണം, തല്ലുകൂടരുത്, ആരെങ്കിലും ഉപദ്രവിച്ചാല്‍ ടീച്ചറോട് പറയണം എന്നിങ്ങനെയാകും. അതായത് കുട്ടിവളരുന്നതിനനുസരിച്ച് അവനെ ബോധവത്കരിച്ചുകൊണ്ടേയിരിക്കുമെന്നര്‍ഥം. ഇനി പറയൂ, ഇതേ അച്ഛനമ്മമാരില്‍ എത്രപേര്‍ ഓണ്‍ലൈനില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച്, അപരിചിതരെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂരിഭാഗം പേര്‍ക്കും ഇല്ല എന്നായിരിക്കും ഉത്തരം.

മകനോ മകള്‍ക്കോ പുതിയ കംപ്യൂട്ടര്‍ വാങ്ങിക്കൊടുക്കുന്നിടത്ത് തീരുന്നു രക്ഷിതാക്കളുടെ ഉത്തരവാദിത്വം. കൂടെ ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍കൂടി എടുത്തുകൊടുക്കും. അച്ഛനും അമ്മയ്ക്കും വീട്ടിലെ മറ്റ് മുതിര്‍ന്നവര്‍ക്കും കുട്ടികളായിരിക്കും കംപ്യൂട്ടര്‍ 'ഗുരുക്കന്മാര്‍'. സാങ്കേതികരംഗത്തെ അപകടങ്ങളെക്കുറിച്ച് വലിയൊരു ശതമാനം രക്ഷിതാക്കളും അജ്ഞരാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പീഡനങ്ങള്‍ക്കിരയായ കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞിട്ടുള്ളത് തങ്ങള്‍ക്ക് ഇന്റര്‍നെറ്റ് വിദ്യാഭ്യാസം ഇല്ലായിരുന്നുവെന്നാണ്. സാങ്കേതികവിദ്യയിലെ അജ്ഞത ഒരു ഒഴികഴിവായി കാണണം. കാരണം, പുതിയ കാലത്തെ കുട്ടികളുടെ വളര്‍ച്ചയില്‍ നിര്‍ബന്ധമായും നല്‍കേണ്ട നിര്‍ണായകമായ ഉപദേശങ്ങളാണ് നിങ്ങളവര്‍ക്ക് നിഷേധിക്കുന്നത്.  

നിരോധനം വലിയ അസംബന്ധം

 ഫിലിപ്പ് ബുദിക്കീന്‍ എന്ന സൈക്കോളജി വിദ്യാര്‍ഥിയായ 21കാരനാണ് ബ്ലൂ വെയ്ല്‍ ഗെയിം കണ്ടുപിടിച്ചത്.  2013ല്‍ റഷ്യയിലാണ് ഉദയം. സര്‍വകലാശാലയില്‍നിന്ന് പുറത്തായ ഫിലിപ്പ് ബുദിക്കീന്‍ അതിനുള്ള പ്രതികാരമെന്നോണമാണ് ഈ ഗെയിം തയ്യാറാക്കിയതെന്നാണ് പറയുന്നത്. 'ഞാന്‍ വളരെ സന്തോഷത്തോടെയാണ് ഇത് ചെയ്യുന്നത്. ഇത് കളിക്കുന്നവര്‍ സന്തോഷത്തോടെ മരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അവര്‍ മരിക്കേണ്ടവരാണ്. ജീവിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല' ഇതാണ് ബുദിക്കീന്റെ വിശദീകരണം. ഇത്തരത്തില്‍ കളിച്ച് മരിക്കുന്നവരെ 'ജൈവശാസ്ത്രമാലിന്യങ്ങള്‍' എന്നാണ് ബുദിക്കീന്‍ വിശേഷിപ്പിച്ചത്. ഒരുതരം ക്രമിനല്‍ മനസ്സില്‍നിന്നുള്ള പ്രതികാരമാണിത്.

ഈ ഗെയിം നിരോധിക്കുകയെന്നത് അസാധ്യമാണ്. കാരണം, ഇത് ഏതെങ്കിലും സൈറ്റിലൂടെയോ ഗൂഗിള്‍ പ്ലേസ്റ്റോറിലൂടെയും ഡൗണ്‍ലോഡ് ചെയ്യാവുന്നതല്ല. സമൂഹമാധ്യമങ്ങള്‍ക്കപ്പുറം ഒളിഞ്ഞിരിക്കുന്ന കളിക്കാരനാണ് ഇതിന്റെ സൂത്രധാരന്‍.  ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, സ്‌നാപ് ചാര്‍ട്ട്, വാട്‌സ് ആപ്പ് എന്നിവയില്‍ ഏതിലെങ്കിലൂടെയുമാകും കളി നിയന്ത്രിക്കുക. ഓരോ ടാസ്‌കും പൂര്‍ത്തിയാക്കുമ്പോള്‍ അഡ്മിന്‍ അഥവാ കളി നിയന്ത്രിക്കുന്നയാള്‍ക്ക് ഫോട്ടോയായും വീഡിയോയായും തെളിവുനല്‍കണം. 50ാം ദിവസമാണ് മരണം കവരുന്ന ടാസ്‌ക് നല്‍കുന്നത്.

നമ്മള്‍ കരുതുന്നതുപോലെ ഈ ഗെയിം നിരോധിക്കാന്‍ കഴിയില്ല. കാരണം, പുതിയ കളിയുടെ ഓഫറുമായി  സമൂഹമാധ്യമത്തിനപ്പുറം ഒളിഞ്ഞിരിക്കുന്നവരുടെ സന്ദേശമെത്തും. ഇവരെ ഓരോരുത്തരെയും കണ്ടെത്തുകയും നിരോധിക്കുകയും ചെയ്യുക സര്‍ക്കാരിന് അസാധ്യമാണ്. നിരോധിച്ച ഒന്നിലേക്ക് അടുക്കാനുള്ള പ്രവണത കൗമാരക്കാര്‍ക്ക് കൂടുമെന്നത് കൂടുതല്‍ അപകടവുമാണ്. കുട്ടികളിലെ സാഹസത്തിനോടുള്ള താത്പര്യം, എടുത്തുചാട്ട പ്രവണത, ധീരനാണെന്ന് തെളിയിക്കാനുള്ള അഭിവാഞ്ഛ എന്നിവയൊക്കെ മുതലെടുത്താണ് ഇത്തരം ഗെയിമുകള്‍ ചിട്ടപ്പെടുത്തുന്നത്. ബ്ലൂ വെയ്‌ലിനെ കൂടാതെ ഒറ്റയ്ക്കും കൂട്ടമായും ചെയ്യുന്ന ടാസ്‌കുകള്‍ ഓണ്‍ലൈനില്‍ വേറെയുമുണ്ട്.

രക്ഷിതാക്കള്‍, അധ്യാപകര്‍, കുട്ടികള്‍ എന്നിവര്‍ക്ക് ബോധവത്കരണം നടത്തുകയെന്നതാണ് സര്‍ക്കാരിന് മുമ്പിലുള്ള പോംവഴി. സൈബര്‍ സുരക്ഷ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. എല്ലാവിഭാഗം കുട്ടികള്‍ക്കും എളുപ്പം സമീപിക്കാവുന്നവിധം മനഃശാസ്ത്രവിദഗ്ധന്റെ സേവനം ഉറപ്പുവരുത്താനാകണം. സാങ്കേതികലോകത്തെ വളര്‍ച്ച രക്ഷിതാക്കളെ ബോധ്യപ്പെടുത്താനുള്ള ഇടപെടല്‍ ഉണ്ടാകണം.

സുരക്ഷിതമായ വെബ് ഉപയോഗം

ഓണ്‍ലൈനില്‍ കുട്ടികള്‍ കാണുന്നതെല്ലാം നിയന്ത്രിക്കാന്‍ നിങ്ങള്‍ക്കാവില്ല. അപ്പോള്‍ ചെയ്യാവുന്നത് എത്ര വലിയ അപകടവും മനസ്സിലുണ്ടാക്കുന്ന ആഘാതത്തില്‍നിന്ന് പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുവരാനുള്ള കഴിവ് അവരില്‍ ഉണ്ടാക്കുകയാണ്. സുരക്ഷിതമായ വെബ് ഉപയോഗത്തിന് ഇവ ശ്രദ്ധിക്കുക.

ഓണ്‍ലൈനില്‍ ആരുമായാണ് സംസാരിക്കുന്നത്. ഏതൊക്കെ വെബ് സൈറ്റുകളാണ് നോക്കുന്നത്. എന്തൊക്കെയാണ് ഓണ്‍ലൈനില്‍ ചെയ്യുന്നത് എന്നീ മൂന്നുകാര്യങ്ങള്‍ അറിയുക.
അപകടസാധ്യതയെക്കുറിച്ച് നിരന്തരം ഓര്‍മപ്പെടുത്തുക

നിയന്ത്രണങ്ങള്‍ അധികമാവാതിരിക്കുക. കുട്ടി ശ്രദ്ധിക്കുന്ന കാര്യങ്ങളില്‍ താത്പര്യം കാണിക്കുക.

പരിധിയില്ലാത്ത സ്‌നേഹവും പിന്തുണയും നല്‍കുക. ചില കാര്യങ്ങള്‍ നേടിയെടുക്കാന്‍വേണ്ടി സ്വഭാവം മാറ്റാന്‍ അനുവദിക്കരുത്.

കുട്ടിയുടെ വ്യക്തിത്വത്തെ അംഗീകരിക്കുക. അവരുടെ വ്യക്തിത്വവികസനത്തില്‍ താത്പര്യം കാണിക്കുക.

ഏത് സാഹചര്യത്തിലും അവര്‍ക്ക് നിങ്ങളോടും തിരിച്ചും ആശയവിനിമയം സാധ്യമാകണം.

ഇന്റര്‍നെറ്റില്‍നിന്ന് പുതിയ തലമുറയെ അകറ്റി നിര്‍ത്തണമെന്നതല്ല, ഈ പറഞ്ഞതിനൊന്നും അര്‍ഥം. അനന്തമായ വിവരങ്ങളുടെ ക്രോഡീകരണമാണ് ഇന്റര്‍നെറ്റിലൂടെ ലഭിക്കുന്നത്. അത് അനിവാര്യമാണ്. പക്ഷേ, ലഹരിക്കെതിരെയും ആരോഗ്യ ബോധവത്കരണത്തിനും നല്‍കുന്ന പ്രചാരണമൊന്നും ഇന്റര്‍നെറ്റിലെ ചതിക്കുഴികളെക്കുറിച്ചില്ല. അതുവരെ കാത്തിരിക്കാന്‍ രക്ഷിതാക്കള്‍ക്കാവില്ല.  കുഞ്ഞുങ്ങളെ വളര്‍ത്തുന്നതില്‍ നിങ്ങള്‍ക്ക് പിഴച്ചുപോയാല്‍, പിന്നീട് മറ്റെന്തുചെയ്തിട്ടും പ്രയോജനമുണ്ടാകില്ല. ഈ ഓര്‍മ ഓരോ രക്ഷിതാവിനും ഉണ്ടായിരിക്കട്ടെ.

കുട്ടികളെ എങ്ങനെ സുരക്ഷിതരാക്കാം

നിങ്ങളുടെ കുട്ടികള്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ നിങ്ങളും സ്വായത്തമാക്കുക
അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുക
കുട്ടികള്‍ ഓണ്‍ലൈനായിരിക്കുമ്പോള്‍ അവരെ ശ്രദ്ധിക്കുക 
ഇന്റര്‍നെറ്റ് ഉപയോഗസമയം നിയന്ത്രിക്കുക
പ്രൈവസി സെറ്റിങ് പഠിപ്പിച്ചുകൊടുക്കുക കുട്ടിയുടെ വിശ്വാസം തേടുക
കുട്ടിയുടെ ഓണ്‍ ലൈന്‍ ശീലങ്ങളും സുരക്ഷയും നിരീക്ഷിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുക
കുട്ടിയില്‍ എന്തെങ്കിലും തരത്തിലുള്ള സൂചനയോ ലക്ഷണങ്ങളോ കാണുന്നുണ്ടോയെന്ന് സദാ ജാഗരൂകരാകുക
നിങ്ങളുടെ കുട്ടി ഇരയായിട്ടുണ്ടെങ്കില്‍ തുറന്ന് സംസാരിക്കുക. വിശദാംശങ്ങള്‍ ചോദിക്കുക. നിരുപാധികം പിന്തുണ നല്‍കുക. തെളിവുകള്‍ ശേഖരിക്കുക. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പരാതിപ്പെടുക.

കുട്ടികള്‍ക്ക് നല്‍കേണ്ട മുന്നറിയിപ്പുകള്‍

നിങ്ങള്‍ മായ്ചുകളഞ്ഞാലും ചിത്രങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ ജീവിക്കും
സെക്സ്റ്റിങ് ചിലപ്പോള്‍ ചെന്നെത്തുന്നത് കുറ്റകൃത്യങ്ങളിലാകാം.
നിങ്ങളുടെ അന്തസ്സ് നിങ്ങളുടെ കൈകളിലാണ്, സംരക്ഷിക്കുക.
എടുത്തുചാടുംമുമ്പ് രണ്ടുവട്ടം ആലോചിക്കുക
സാമൂഹികമാധ്യമങ്ങളില്‍ കാണുന്ന പലരും യഥാര്‍ഥത്തില്‍ അതേ ആള്‍തന്നെയായിരിക്കണമെന്നില്ല.
ഓണ്‍ലൈന്‍ തട്ടിപ്പിന്റെ 3 കാര്യങ്ങള്‍
എല്ലാത്തിനും ഒരു തുടക്കമുണ്ട്. നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഒരു ചെറിയ പിഴവിലേക്കായിരിക്കും കുറ്റവാളി ഉന്നംവെക്കുന്നത്.
പരിചയമില്ലാത്ത ലിങ്കുകള്‍, ഫയലുകള്‍, ഇമെയില്‍, സോഷ്യല്‍ മീഡിയ സൈറ്റുകള്‍ എന്നിവ തുറക്കരുത്
സ്വകാര്യവിവരങ്ങള്‍ പുറത്തുപറയരുത്.

(പത്തുവര്‍ഷത്തിലേറെ കേരള പോലീസില്‍ സൈബര്‍സുരക്ഷയുടെ വക്താവായിരുന്ന ലേഖകന്‍ 'ഈസ് യുവര്‍ ചൈല്‍ഡ് സേഫ്' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുകൂടിയാണ്)