കോഴിക്കോട്: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്ന പുതിയ നയങ്ങൾ വലിയ പ്രതിഷേധങ്ങൾക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. സ്കൂളുകളിലെ മാംസാഹാരം നിരോധിക്കുക, താത്‌കാലിക ജീവനക്കാരെ പിരിച്ചുവിടുക തുടങ്ങിയ തീരുമാനങ്ങൾക്കൊപ്പം ദ്വീപിൽ ഗുണ്ടാ ആക്ടും നടപ്പാക്കുകയാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. താരതമ്യേന കുറ്റകൃത്യങ്ങൾ കുറവായ ലക്ഷദ്വീപിൽ എന്തിനാണ് ഇത്തരമൊരു നിയമം നടപ്പിലാക്കുന്നതെന്നാണ് ഏവരുടെയും ചോദ്യം. അത് ഏറെ പ്രസക്തവുമാണ്.

നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2019-ലെ കണക്കുകൾ പ്രകാരം കുറ്റകൃത്യനിരക്ക് ഏറ്റവും കുറഞ്ഞ പ്രദേശങ്ങളിൽ ഒന്നാണ് ലക്ഷദ്വീപ്. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ട 2019-ലെ കണക്കുകളിൽ 267.6 ആണ് ലക്ഷദ്വീപിലെ കുറ്റകൃത്യ നിരക്ക്. ഇന്ത്യൻ പീനൽ കോഡ്(ഐ.പി.സി) പ്രാദേശിക നിയമങ്ങൾ എന്നിവ അനുസരിച്ചുള്ള ആകെ കുറ്റകൃത്യങ്ങളുടെ നിരക്കാണിത്. ഈ പട്ടികയിൽ 1287.7 രേഖപ്പെടുത്തിയിരിക്കുന്ന കേരളമാണ് ഒന്നാമത്. രാജ്യത്തെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കുള്ള സംസ്ഥാനം നാഗാലാൻഡും(77.1) കേന്ദ്രഭരണ പ്രദേശം ദാദ്രാ ആൻഡ് നാഗർ ഹാവേലിയുമാണ്(52.2).

രാജ്യത്തെ കുറ്റകൃത്യങ്ങളുടെ ശതമാനകണക്കിൽ ലക്ഷദ്വീപിൽനിന്ന് പൂജ്യം ശതമാനമാണ് പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ കുറ്റകൃത്യങ്ങളുടെ 12.2 ശതമാനവും ഉത്തർപ്രദേശിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊട്ടുപിന്നാലെ മഹാരാഷ്ട്രയും(9.9%) കേരളവും(8.8%) തമിഴ്നാടും(8.8%) ഉണ്ട്. കേന്ദ്രഭരണ പ്രദേശങ്ങളിൽ ഡൽഹിയിലാണ് രാജ്യത്തെ കുറ്റകൃത്യങ്ങളിൽ 6.1 ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലക്ഷദ്വീപ്, ദാദ്രാ ആൻഡ് നാഗർഹാവേലി, ദാമൻ ദിയു, സിക്കിം തുടങ്ങിയ പ്രദേശങ്ങളാണ് ശതമാനകണക്കിൽ പൂജ്യം ഉള്ളത്.

ഐ.പി.സിയും പ്രാദേശിക നിയമങ്ങളും അനുസരിച്ച് ലക്ഷദ്വീപിൽ 2017-ൽ ആകെ 114 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2018-ൽ 77. 2019-ൽ ആകെ കുറ്റകൃത്യങ്ങൾ 182. ഇതിൽ ഐപിസി അനുസരിച്ച് ആകെ 123 കേസുകളും പ്രാദേശിക നിയമങ്ങൾ അനുസരിച്ച് 59 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2019-ൽ ഒരൊറ്റ കൊലപാതക കേസ് പോലും ലക്ഷദ്വീപിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. കൊലപാതകത്തിന് തുല്യമായ നരഹത്യ, വാഹനമിടിച്ചുള്ള മരണം, മറ്റു അനാസ്ഥ കാരണമുണ്ടായ മരണം, ആത്മഹത്യാപ്രേരണക്കുറ്റം, വധശ്രമം, രാജ്യദ്രോഹം, തുടങ്ങിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടില്ല. ചരിത്രത്തിൽ ഇതുവരെ ആകെ മൂന്ന് കൊലക്കേസുകൾ മാത്രമാണ് ദ്വീപിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ വെബ്സൈറ്റിൽ പറയുന്നത്. ഇതിൽ രണ്ടെണ്ണം ആന്ത്രോത്ത് ദ്വീപിലും ഒരെണ്ണം കൽപേനിയിലുമായിരുന്നു.

ശാരീരികമായി ആക്രമിച്ചു, ഉപദ്രവിച്ചു തുടങ്ങിയ ചെറിയ വകുപ്പുകൾ പ്രകാരമുള്ള കേസുകളാണ് ദ്വീപിൽ 2019-ൽ റിപ്പോർട്ട് ചെയ്ത ഐപിസി കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും. ഐപിസി 323, ഐപിസി 324 തുടങ്ങിയ വകുപ്പുകൾ അനുസരിച്ച് യഥാക്രമം 20.4 കേസുകളാണ് 2019-ൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീകളെ ആക്രമിച്ച അഞ്ച് കേസുകളും സ്ത്രീത്വത്തെ അപമാനിച്ചതിന് എട്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരൊറ്റ ബലാത്സംഗക്കേസോ ബലാത്സംഗശ്രമമോ ലക്ഷദ്വീപിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു ലൈംഗികാതിക്രമ കേസ് മാത്രമാണ് ഇതിന് അപവാദം.

12 രാഷ്ട്രീയ സംഘർഷങ്ങൾ 2019-ലെ കണക്കുപ്രകാരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ 19 മോഷണക്കേസുകളും. ഇതിൽ 12 എണ്ണവും വാഹനമോഷണമാണ്. കവർച്ചയോ പിടിച്ചുപറിയോ ഇല്ല. തട്ടിക്കൊണ്ടുപോകലും റിപ്പോർട്ട് ചെയ്തിട്ടില്ല. പോക്സോ വകുപ്പ് പ്രകാരം 25 കേസുകളാണ് 2019-ൽ രജിസ്റ്റർ ചെയ്തത്. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആകെ 13 കേസുകളും. ഒരൊറ്റ വഞ്ചനാകേസ് മാത്രമാണ് 2019-ലെ കണക്കുകളിലുള്ളത്. സ്വത്തുവകകൾ നശിപ്പിച്ചതിനും ഏതാനും കേസുകളുണ്ട്.

Content Highlights:crime rate in lakshadweep crimes in lakshadweep based on national crime records bureau 2019 report