1991-ല്‍ കൊച്ചി കടവന്ത്രയില്‍ നടന്ന ഒരു കൊലക്കേസാണ് ഈ ലക്കം ക്രൈംസ്റ്റോറിയില്‍. കോണ്‍വെന്റിലെ ജീവനക്കാരിയായിരുന്ന യുവതി വീട്ടില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യവിവരം. മാലമോഷണത്തിനിടെ മോഷ്ടാവ് നെഞ്ചില്‍ കത്തി കൊണ്ട് കുത്തി ഓടിരക്ഷപ്പെട്ടെന്നായിരുന്നു വീട്ടുകാരുടെ മൊഴി. എന്നാല്‍ അന്ന് എറണാകുളം സി.ഐ.യായിരുന്ന കെ.ഇ. ജോയിക്കും സംഘത്തിനും കേസില്‍ പലസംശയങ്ങളുമുണ്ടായി. ഒടുവില്‍ അന്വേഷണത്തില്‍ പരാതിക്കാരനായ സഹോദരന്‍ തന്നെയാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും വ്യക്തമായി. ആ സംഭവങ്ങളിലൂടെ... 

കുറ്റം - കൊലപാതകം. സ്ഥലം - കടവന്ത്ര. വര്‍ഷം - 1991. അന്വേഷണ ഉദ്യോഗസ്ഥന്‍ - കെ.ഇ. ജോയി(റിട്ട. എസ്.പി)

രാത്രി രണ്ടുമണി. എറണാകുളം സി.ഐ. കെ.ഇ. ജോയിയുെട ക്വാര്‍ട്ടേഴ്‌സിലേക്കൊരു ഫോണ്‍ വന്നു. കടവന്ത്രയില്‍ ഒരു യുവതി കൊല്ലപ്പെട്ടു. രാത്രിതന്നെ ജോയി കടവന്ത്രയിലെത്തി. കൊലപാതകം നടന്ന വീട് സീല്‍ ചെയ്തു.

Crimestoryകൊല്ലപ്പെട്ട 22-കാരിയുടെ ഇളയ സഹോദരനാണ് പരാതി നല്‍കിയത്. വീടിനകത്തു കയറിയ മോഷ്ടാവ് യുവതിയുടെ മാല പൊട്ടിച്ച ശേഷം നെഞ്ചില്‍ കത്തികൊണ്ടു കുത്തി ഓടി രക്ഷപ്പെട്ടെന്നായിരുന്നു പരാതി.

അടുത്ത ദിവസം രാവിലെ സി.ഐ.യുടെ നേതൃത്വത്തില്‍ വീട്ടിലെത്തി തെളിവുശേഖരണം തുടങ്ങി. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. കൊല നടക്കുമ്പോള്‍ വീട്ടില്‍ കൊല്ലപ്പെട്ട യുവതിയെക്കൂടാതെ നാലുപേരുണ്ടായിരുന്നു. യുവതിയുടെ രണ്ടു സഹോദരന്മാര്‍, മൂത്ത സഹോദരന്റെ ഭാര്യ, കുട്ടി എന്നിവര്‍. രണ്ടു മുറിയുള്ള ഓടിട്ട കുഞ്ഞുവീട്. മൂത്ത സഹോദരനും ഭാര്യയും കുട്ടിയും ഒരു മുറിയില്‍, യുവതി മറ്റൊരു മുറിയില്‍, ഇളയ സഹോദരന്‍ വീടിനു പുറത്താണ് കിടന്നിരുന്നത്. മൂത്ത സഹോദരനും ഭാര്യയും എഴുന്നേറ്റു വന്നപ്പോഴേക്കും കള്ളന്‍ പുറത്തേക്കോടി. മോഷ്ടാവിന്റെ പിറകെ ഇളയ സഹോദരന്‍ ഓടിയെങ്കിലും പിടികൂടാനായില്ല. വീട്ടിലുണ്ടായിരുന്നവരെല്ലാം പറഞ്ഞത് ഇതു മാത്രം.

അടുക്കളവാതില്‍ തുറക്കാതെ മുന്‍ വാതിലിലൂടെയാണ് കള്ളന്‍ അകത്തുപ്രവേശിച്ചത്. ഇതില്‍ ഒരു അസ്വാഭാവികത പോലീസ് കണ്ടു. എങ്കിലും സ്ഥിരം മാല മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നീണ്ടു. കുറേ സ്വര്‍ണക്കടകളില്‍ കയറിയിറങ്ങി. തുമ്പൊന്നും കിട്ടിയില്ല. കൊലയ്ക്കുപയോഗിച്ച കത്തിയും കണ്ടെത്താനായില്ല. പോലീസ് ആകെ വിയര്‍ത്തു.

കോണ്‍വെന്റില്‍ ജോലിയുണ്ടായിരുന്ന യുവതി രണ്ടുമാസം മുമ്പ് ജോലിനിര്‍ത്തി വന്നതാണ്. കോണ്‍വെന്റുകാര്‍ സമ്മാനിച്ച സ്വര്‍ണമാലയായിരുന്നു മോഷണം പോയത്. ചെറിയ ഓടിട്ട വീട്ടില്‍ മോഷണത്തിന് കയറാന്‍ സാധാരണ മോഷ്ടാക്കളൊന്നും ശ്രമിക്കില്ല. സ്വര്‍ണമാല ലക്ഷ്യമാക്കി വന്നതാണെങ്കില്‍ അത് പരിചയക്കാര്‍ തന്നെയാകും. പരിചയക്കാരെ ചോദ്യം ചെയ്‌തെങ്കിലും തെളിവുകള്‍ ലഭിച്ചില്ല. ഇതോടെ അന്വേഷണം പ്രതിസന്ധിയിലായി.

ഇതിനിടെ യുവതിയുടെ കൂട്ടുകാരിയില്‍നിന്ന് നിര്‍ണായക വിവരം കിട്ടി. രാത്രി കിടക്കുമ്പോള്‍ മാല തലയണക്കവറിനകത്ത് ഒളിപ്പിച്ചുവെയ്ക്കുന്ന കാര്യം യുവതി കൂട്ടുകാരിയോട് പറഞ്ഞിരുന്നു. ഇത് പോലീസിന് പിടിവള്ളിയായി. തലയണക്കവറില്‍നിന്ന് മോഷണം പോയ മാല കണ്ടെത്തി. ഇതോടെ സംശയം മുഴുവന്‍ വീട്ടുകാരിലേക്കായി. എന്നാല്‍, ഇക്കാര്യം പുറത്തറിയിക്കാതെ അന്വേഷണം തുടര്‍ന്നു.

വീട്ടിലെ ആളുകളുടെ ദിനചര്യയും സ്വഭാവവും അറിയുകയായിരുന്നു ആദ്യ ലക്ഷ്യം.

വാരികകളിലെ നോവലുകളുടെ ആരാധികയാണ് കൊല്ലപ്പെട്ട യുവതിയുടെ നാത്തൂന്‍. കുട്ടിയെ രാവിലെ സ്‌കൂളില്‍ വിട്ടാല്‍ പിന്നെ വീട്ടിലിരുന്ന് നോവലുകള്‍ വായിക്കുന്നതാണ് ഹോബി.

ഭര്‍ത്താവ് എന്നും ജോലിക്കു പോകും. എന്നാല്‍ ഇയാളുടെ അനുജന്‍ വല്ലപ്പോഴും മാത്രം ജോലിക്കു പോകുകയും പകല്‍സമയം വീട്ടില്‍ തങ്ങുകയും ചെയ്യുന്ന മടിയനും.

യുവതിയുടെ കൂട്ടുകാരിയെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. രണ്ടുമാസം മുമ്പ് യുവതി വീട്ടിലെത്തിയതു മുതല്‍ ഇളയ സഹോദരനും മൂത്ത സഹോദരന്റെ ഭാര്യയും അസ്വസ്ഥരാണെന്നും തിരികെ ജോലിക്കു പോകാന്‍ ഇളയസഹോദരന്‍ നിര്‍ബന്ധിച്ചുവെന്നും കൂട്ടുകാരി അറിയിച്ചു.

എല്ലാം കൂട്ടിവായിച്ച പോലീസ്, മൂത്ത സഹോദരന്റെ ഭാര്യയും ഇളയ സഹോദരനും തമ്മില്‍ ബന്ധമുള്ളതായി വിലയിരുത്തി. ഇളയ സഹോദരനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. മൂത്ത സഹോദരന്റെ ഭാര്യയെ ചോദ്യം ചെയ്യാനെന്ന മട്ടില്‍ സി.ഐ. ജോയി മാത്രം പുറത്തേക്കു പോയി.

കുറച്ചു സമയത്തിനു ശേഷം തിരികെ സ്റ്റേഷനിലെത്തിയ സി.ഐ. ''നീ ഒന്നും പറയണ്ട, ചേട്ടത്തി എല്ലാം പറഞ്ഞു'' എന്ന് പറഞ്ഞു. ഇതു കേട്ടതോടെ ഇളയ സഹോദരന്‍ പതറി, എല്ലാ കാര്യങ്ങളും ചേട്ടത്തി ഏറ്റുപറഞ്ഞുവെന്നു കരുതിയ ഇയാള്‍ എല്ലാം തുറന്നുപറഞ്ഞു.

ചേട്ടത്തിയെയും അനിയനെയും അരുതാത്ത സാഹചര്യത്തില്‍ യുവതി കണ്ടതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തങ്ങളുടെ ബന്ധം തുടരാന്‍ യുവതി വിലങ്ങുതടിയാകുമോ എന്ന സംശയവും ചേട്ടനോട് എല്ലാം പറയുമോ എന്ന ഭയവും ചേര്‍ന്നതോടെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

വീടിന്റെ വാതില്‍ അടയ്ക്കരുതെന്ന് ഇളയ സഹോദരന്‍ യുവതിയോട് പറഞ്ഞു. ഉറങ്ങിക്കിടന്ന യുവതിയുടെ നെഞ്ചില്‍ കുത്തിയ ശേഷം കള്ളന്റെ പിറകെ ഓടുന്ന രംഗം സൃഷ്ടിച്ചു. ഈ ഓട്ടത്തിനിടെ കത്തി സമീപത്തെ പൊട്ടക്കിണറ്റില്‍ ഉപേക്ഷിക്കുകയും ചെയ്തു.

Content Highlights: crime story about kadavanthra woman murder case 1991