1996 ജൂലായ് 11-ന് വൈകീട്ട് എകദേശം മൂന്നുമണിയായി കാണും. കൊടൈക്കനാലിലേക്ക് പോകാനായാണ് ഊട്ടി സ്വദേശിയായ രാജുവിന്റെ മാരുതി ഒമ്നി മലയാളിയായ ഒരു സ്ത്രീ വാടകയ്ക്ക് വിളിച്ചത്. ഊട്ടി റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയിലാണ് സ്ത്രീ താമസിച്ചിരുന്നത്.

കറുത്ത് പ്രൗഢയായ ഒരു സ്ത്രീയായിരുന്നു അവര്‍. സാമാന്യം വലുതും കനമുള്ളതുമായ ഒരു സ്യൂട്ട്കേസ് കൈയിലുണ്ടായിരുന്നു. ഭാരമുള്ള സ്യൂട്ട്കേസ് വാനില്‍ വെക്കാന്‍ ഡ്രൈവറും അവരെ സഹായിച്ചു. അവര്‍ക്ക് കൊടൈക്കനാലിലേക്കാണ് പോകേണ്ടത്. ഒന്നും സംസാരിക്കാതെ അവര്‍ വാനില്‍ കയറി. കാറും കോളും പിടിച്ച മുഖവുമായി. വേവലാതിയും ധൃതിയും കാട്ടുന്ന യുവതിയുടെ പെരുമാറ്റത്തില്‍ ഡ്രൈവര്‍ക്ക് നേരിയ സംശയം തോന്നിയെങ്കിലും അയാള്‍ ഒന്നും പറഞ്ഞില്ല. കൊടൈക്കനാല്‍ യാത്ര മാറ്റി പിന്നീട് യാത്ര കന്യാകുമാരിയിലേക്കായി. ഇത്ര ദൂരമുള്ള ട്രിപ്പും രാജുവിനെ അമ്പരപ്പിച്ചു.

വൈകീട്ട് ആറുമണിയോടെ വാന്‍ ചെമ്പകള്ളൂര്‍ പെട്രോള്‍ പമ്പിന് സമീപമെത്തി. അതിനിടെ ഇടയ്ക്കിടെ സ്യൂട്ട്കേസിലേക്ക് നോക്കുന്ന സ്ത്രീയെ രാജു ശ്രദ്ധിച്ചു. ഒപ്പം വല്ലാത്ത ദുര്‍ഗന്ധവും വാനിനെ പൊതിഞ്ഞു. വഴിയിലെ ഓടകളില്‍നിന്നുള്ള ദുര്‍ഗന്ധമല്ലെന്ന് ഡ്രൈവര്‍ക്ക് പിന്നീട് മനസ്സിലായി. ആ ഗന്ധം തനിക്കൊപ്പം കാറില്‍ യാത്രചെയ്യുന്നുണ്ടെന്ന് അയാള്‍ തിരിച്ചറിഞ്ഞു.

എന്തോ ദുരൂഹതയും അകാരണമായ പേടിയും അയാളെ പൊതിഞ്ഞു. കാറിലിരിക്കുന്ന സ്ത്രീയാണെങ്കില്‍ കല്ലുവെച്ച മൗനത്തിലും. പെട്രോള്‍പമ്പിനു സമീപം അയാള്‍ കാര്‍ നിര്‍ത്തി. സ്ത്രീയോട് തമിഴില്‍ എന്താണ് സ്യൂട്ട്കേസിലെന്ന് ചോദിച്ചു. ഉടന്‍ സ്ത്രീ എന്തൊക്കെയോ ഇംഗ്ലീഷില്‍ പറഞ്ഞ് കാറില്‍ നിന്നിറങ്ങി നേരെ നടന്നു. നിര്‍ത്തിയിട്ട ബസ്സിനടുത്തേക്ക് പോയി അതില്‍ കയറാന്‍ ശ്രമിച്ചു. ദുര്‍ഗന്ധം പരത്തുന്ന പെട്ടി അപ്പോഴും വാനിലായിരുന്നു.

പിന്നീട് രാജു സംഭവം നാട്ടുകാരോട് പറഞ്ഞു. അവര്‍ സ്ത്രീയെ തടഞ്ഞ് പോലീസെത്തി വണ്ടിയടക്കം ഊട്ടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ചോദ്യങ്ങള്‍ക്കൊക്കെ അവര്‍ പരസ്പരവിരുദ്ധമായ മറുപടി പറഞ്ഞു. എന്താണ് സ്യൂട്ട്കേസില്‍ എന്നതിന് അവര്‍ ശവം എന്നുമാത്രം പറഞ്ഞു. പോലീസ് അമ്പരന്നു. ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

പിന്നീട് അവര്‍ നനഞ്ഞ കറുത്തചോരപ്പാടുള്ള സ്യൂട്ട്കേസ് തുറന്നു......അതിനകത്തെ കാഴ്ചകണ്ട് ചുറ്റും നിന്നവര്‍ ഭയന്ന് നിലവിളിച്ചുപോയി...ഇരുപത്തഞ്ചോളം പ്ലാസ്റ്റിക് കൂടുകളില്‍ കൊത്തിയരിഞ്ഞു സൂക്ഷിച്ച മനുഷ്യശരീരം. ചെത്തിയെടുത്ത തോലും ചോരയൊട്ടിപ്പിടിച്ച എല്ലുകളും വലിയ കശാപ്പുശാലയിലെ അറവുമാംസം പോലെ തോന്നിച്ചു അത്. അപ്പോഴും ഒന്നും മിണ്ടാതെ ഒരു ഭാവഭേദവുമില്ലാതെ അത് നോക്കി നില്‍ക്കുകയായിരുന്നു ആ സ്ത്രീ..

ആരാണ് ഡോ. ഓമന

1985-95 കാലഘട്ടത്തില്‍ പയ്യന്നൂരിലെ ഏറ്റവും പ്രശസ്തയായ നേത്രരോഗ വിദഗ്ധയായിരുന്നു ഡോ. ഓമന. പയ്യന്നൂര്‍ ചേടമ്പത്ത് ഗോപാലന്‍ നായരുടെയും പാര്‍വതിയമ്മയുടെയും മകള്‍. കൊല്ലം സ്വദേശിയായ ശിശുരോഗവിദഗ്ധന്‍ ഡോ. രാധാകൃഷ്ണന്റെ ഭാര്യ.

അവരുടെ ദാമ്പത്യത്തില്‍ അസ്വാരസ്യമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. ഒരിക്കല്‍ പയ്യന്നൂരിലെ അവരുടെ വീട് പുനരുദ്ധരിക്കുന്നതിനായി എത്തിയതായിരുന്നു അന്നൂര്‍ സ്വദേശിയായ മുരളീധരന്‍. അയാള്‍ സിവില്‍ കോണ്‍ട്രാക്ടറായിരുന്നു. ഒടുവില്‍ ഇവര്‍ തമ്മിലുള്ള ബന്ധം മറ്റൊരു തലത്തിലേക്ക് വളര്‍ന്നു.

ഇതോടെ ഡോ. ഓമനയുടെ ഭര്‍ത്താവ് അകന്നു. പിന്നീട് ഓമനയോടൊപ്പം മുരളീധരന്‍ മലേഷ്യയിലേക്കും പോയിരുന്നു. പിന്നീട് അവര്‍ക്കിടയില്‍ എന്തു സംഭവിച്ചുവെന്നറിയില്ല. ഊട്ടിയിലേക്ക് ഇരുവരും പോയി അവിടെവെച്ച് മുരളീധരന്‍ കൊല്ലപ്പെടുകയും ചെയ്തു. കൊല്ലാനുള്ള കാരണം പെട്ടെന്നുള്ള അകല്‍ച്ചയോ ചില കഥകളില്‍ കാണുന്നതുപോലെ അമിതമായ അടുപ്പമോ എന്ന് ഇന്നും അജ്ഞാതം.

ഒരു പ്രത്യേക മാനസികാവസ്ഥയുള്ള സ്ത്രീയായിരുന്നു ഓമനയെന്ന് അവരെ അടുത്ത് പരിചയമുള്ള പലരും പറയുന്നുണ്ട്. ക്രൂരമായ ഒരു കൊലപാതകത്തിലേക്ക് അതും അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വ്യക്തിയെ നയിക്കാന്‍ മാത്രം എന്തു ചേതോവികാരമാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ക്കുപോലും മനസ്സിലായിട്ടില്ല.

സാമൂഹിക പ്രവര്‍ത്തകയായും

സമൂഹത്തിലെ ചൂഷണത്തെയും തെറ്റുകളെയും രൂക്ഷമായി വിമര്‍ശിക്കുന്ന നല്ല സാമൂഹികബോധമുള്ള സ്ത്രീയായിരുന്നു ഡോ. ഓമനയെന്ന് അവരെ അടുത്തറിയുന്നവര്‍ പറയുന്നു. 1974-ല്‍ അവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയായിരുന്നു.

കലാകായികരംഗത്ത് ശ്രദ്ധേയമായിരുന്നു. കവിതകളും എഴുതാറുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ റാഗിങ്ങിനെതിരെ ശക്തമായി പ്രതികരിച്ചു. ആന്റി റാഗിസ്റ്റ് മൂവ്മെന്റിന്റെ നേതാവായിരുന്നു. കോളേജില്‍ അക്കാലത്ത് നക്സല്‍ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തു. കുന്നിക്കല്‍ നാരായണന്‍, കെ.അജിത എന്നിവരെയൊക്ക നന്നായി അറിയാമായിരുന്നു എന്നു ഡോ. ഓമന പിന്നീട് പറഞ്ഞിട്ടുണ്ട്.

അന്ന് കോളേജില്‍ വിദ്യാര്‍ഥികള്‍ വല്ലാത്ത ചൂഷണത്തിനിരയാവാറുണ്ടെന്ന് ഒരിക്കല്‍ ഓമന പറഞ്ഞിട്ടുണ്ട്. രണ്ടാംവര്‍ഷ പരീക്ഷയില്‍ കോളേജ് അധികൃതരുടെ പക്ഷപാത പെരുമാറ്റത്തെത്തുടര്‍ന്ന് രണ്ടു കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു. അവരുടെ കാലഘട്ടത്തില്‍ മറ്റു പത്തോളം കുട്ടികള്‍ ഇങ്ങനെ ആത്മഹത്യക്കിരയായിരുന്നു.

ഇതിനെതിരെ ഓമനയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭവും നടത്തിയിരുന്നു. കണ്ണൂരിലെ രവി എന്ന വിദ്യാര്‍ഥി ആത്മഹത്യചെയ്തത് 11 തവണ അയളെ മനഃപൂര്‍വം തോല്‍പ്പിച്ചതിനാലാണെന്നും ഓമന പറഞ്ഞിരുന്നു. കോളേജധികൃതര്‍ക്കെതിരെ പ്രകടനം നയിച്ചവരില്‍ മുന്‍പില്‍ ഓമനയായിരുന്നു.

ചെറുപ്പത്തിലെ മാനിക് ഡിപ്രസിവ് സൈക്കോസിസ് എന്ന ഒരുതരം മാനസികരോഗത്തിന് അടിമയായിരുന്നു അവരെന്നു പറയുന്നു. വിഭ്രാന്തമായ മനസ്സും വരുംവരായ്കളെക്കുറിച്ച് ചിന്തിക്കാതെ എന്തും പ്രവര്‍ത്തിക്കാനുള്ള മനോഭാവവും ഇത്തരക്കാര്‍ക്കുണ്ടാവുമത്രെ. അതേസമയം കേസുമായി ബന്ധപ്പെട്ട പരിശോധനയില്‍ അവര്‍ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. സംഭവത്തിനുശേഷം കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലും അവര്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി പറയുന്നു.

പയ്യന്നൂരില്‍ ജോലി തുടങ്ങിയപ്പോള്‍ തന്നെ അവര്‍ സാമൂഹികപ്രവര്‍ത്തനത്തിലും മുന്നിട്ടുനിന്നു. നേത്രസംരക്ഷണ സൊസൈറ്റിക്ക് രൂപം നല്‍കി. നേത്രസംരക്ഷണത്തെക്കുറിച്ച് മിക്ക സ്ഥലങ്ങളിലും പ്രസംഗിച്ചു. ഡോക്ടര്‍മാരുടെ ചൂഷണത്തെക്കുറിച്ചും അമിത ഫീസിനെക്കുറിച്ചും പരസ്യമായി പ്രതികരിച്ചു. ഒരുഘട്ടത്തില്‍ ഐ.എം.എ.യില്‍നിന്ന് രാജിവെച്ചു.

അന്ന് അവരുടെ ഭര്‍ത്താവ് തന്നെയായിരുന്നു ഐ.എം.എ.യുടെ മേഖലാ പ്രസിഡന്റ്. അവര്‍ക്ക് പല ശത്രുക്കളുമുണ്ടായിരുന്നു. കൊലക്കേസില്‍പ്പെട്ട് ജാമ്യത്തില്‍ ഉള്ളപ്പോഴും അവര്‍ സാമൂഹികപ്രവര്‍ത്തനം തുടര്‍ന്നുവെന്നതാണ് പ്രത്യേകത. അവരുടെ കുടുംബബന്ധങ്ങള്‍ ആകെ താളപ്പിഴ നിറഞ്ഞതായിരുന്നു. 

ഭര്‍ത്താവുമായി എന്നും വഴക്കായിരുന്നു. ഒരിക്കല്‍ മാത്രമാണ് അവര്‍ ഭര്‍ത്താവിന്റെ വീടായ കൊല്ലത്തേക്ക് പോയത്. വീട്ടില്‍ അവര്‍ എന്നും ഒരു പിസ്റ്റള്‍ സൂക്ഷിച്ചു. ധീരയായി പെരുമാറുമ്പോഴും എന്തോ ഭയം ഒരു നിശാവസ്ത്രം പോലെ വര്‍ക്കൊപ്പമുണ്ടായിരുന്നെന്ന് കൂടെയുള്ളവര്‍ പറയുന്നു.

21 വര്‍ഷം മുന്‍പ് ഊട്ടിയില്‍ 

സഞ്ചാരികളുടെ സ്വര്‍ഗമാണ് എന്നും ഊട്ടി. കോടമഞ്ഞിന്റെ തണുപ്പില്‍ വിരിയുന്ന പൂക്കളുടെ വശ്യചാരുത ചിത്രംവരയ്ക്കുന്ന കുന്നിന്‍ചെരിവുകള്‍... ഒരിക്കലും മറക്കാനാവാത്തതാണ് ഊട്ടി.

ആ ഭൂമികയില്‍, അവിടത്തെ ഏറെപ്പഴക്കമുള്ള റെയില്‍വേ സ്റ്റേഷന്റെ വിശ്രമമുറിയില്‍ 21 വര്‍ഷം മുന്‍പ് നടന്ന ഒരു ഭീകര കൊലപാതകം പുതിയ തലമുറയുടെ മനസ്സിലില്ല. പഴയ തലമുറ അത് മറന്നുപോവുകയും ചെയ്തു. പോലീസ് ഡയറികളില്‍പോലും അപൂര്‍വമെന്നു പറയാവുന്ന ഒരു കേസാണ് അത്.

കാമുകനായ യുവാവിനെ യുവതിയും സാമൂഹികപ്രവര്‍ത്തകയുമായ ഒരു ഡോക്ടര്‍ ഒറ്റയ്ക്ക് റെയില്‍വെ സ്റ്റേഷന്റെ വിശ്രമമുറിയില്‍വെച്ച് കൊന്ന് ശരീരം കഷണങ്ങളാക്കി സ്യൂട്ട്‌കേസിലടച്ച് കൊടൈക്കനാലിലെ കൊക്കയില്‍ കൊണ്ടു പോയി തള്ളാന്‍ ശ്രമിച്ചുവെന്ന് പറയുന്ന കേസായിരുന്നു അത്.

21 വര്‍ഷം കഴിഞ്ഞിട്ടും ആ കൊലക്കേസിലെ പ്രതി എവിടെയാണെന്ന് ഇന്റര്‍പോളിനുപോലും അറിയില്ല. അവര്‍ ഒളിവിലാണ്. പയ്യന്നൂര്‍ സ്വദേശിയും പ്രശസ്ത നേത്രരോഗവിദഗ്ധയുമായ ഡോ. ഓമനയാണ് കേസിലെ ഒരേയൊരു പ്രതി. കൊല്ലപ്പെട്ടത് അവരുടെ സുഹൃത്തെന്നു പറയുന്ന പയ്യന്നൂരിലെതന്നെ സിവില്‍ കോണ്‍ട്രാക്ടര്‍ മുരളിയെന്ന മുരളീധരനും. രണ്ട് ദശാബ്ദം മുന്‍പുള്ള ആ സംഭവം നാട്ടുകാരും വീട്ടുകാരും എന്തിനേറേ അന്വേഷണ ഉദ്യോഗസ്ഥര്‍പോലും മറന്നു. പ്രതി വിദേശരാജ്യങ്ങളിലെവിടെയോ ഒളിച്ചിരിപ്പുണ്ടെന്നു മാത്രം ഊഹം.

കൊലപാതകം ഇങ്ങനെ

സംഭവത്തിന് രണ്ടുദിവസം മുന്‍പ് കോഴിക്കോട്ടുനിന്ന് കാമുകനായ മുരളീധരനൊപ്പം ഊട്ടിയിലെത്തിയ ഡോ. ഓമന ഊട്ടി റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയിലാണ് താമസിച്ചത്. മറ്റു ലോഡ്ജിലും അവര്‍ മുറിയെടുത്തിരുന്നു. എന്നാല്‍ റെയില്‍വേ വിശ്രമമുറിയില്‍വെച്ചായിരുന്നു കൊല.

കാമുകനെ കാപ്പിയില്‍ മയക്കുമരുന്ന് നല്‍കി കിടത്തിയശേഷം പിന്നീട് ശരീരത്തില്‍ വിഷദ്രാവകം കുത്തിവെച്ച് കൊന്നെന്നാണ് പോലീസ് പറയുന്നത്. വിഷം കുത്തിവെച്ചതോടൊപ്പം രക്തം കട്ടപിടിക്കാനുള്ള മരുന്നും ശരീരത്തില്‍ കുത്തിവെച്ചു. മരിച്ചുവെന്ന് ഉറപ്പുവന്നപ്പോള്‍ കിടക്ക നീക്കി കട്ടിലില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതില്‍ വെച്ചാണ് ശരീരം തുണ്ടമാക്കിയത്.

ആദ്യം ശരീരത്തിലെ ചര്‍മം മുഴുവന്‍ നീക്കി. പിന്നെ അവയവങ്ങള്‍ വേര്‍പെടുത്തി കഷ്ണങ്ങളാക്കി. എല്ലുകളില്‍നിന്ന് മാംസവും വേര്‍പെടുത്തി. ചര്‍മവും എല്ലുകളും വെവ്വേറെ പ്ലാസ്റ്റിക് കവറിലാക്കി. മാംസം വേറെ ഇരുപതോളം പോളിത്തീന്‍ കവറിലാക്കി കെട്ടി. അവ സ്യൂട്ട്കേസില്‍ നിറച്ചുവെച്ചു. അതേസമയം വാരിയെല്ലുകള്‍ കാണാനില്ലായിരുന്നു. അത് എവിടെ കളഞ്ഞുവെന്നതിനെക്കുറിച്ച് അറിയില്ല.

ബാക്കിവന്ന ചോരയും മാംസത്തുണ്ടുകളും മറ്റും ക്ലോസറ്റിലൂടെ ഒഴുക്കുകയും ചെയ്തു. ഒരു ഡോക്ടറെന്ന നിലയിലുള്ള ശരീരശാസ്ത്രപരമായ അറിവ് അവര്‍ കൊലപാതകത്തിനുപയോഗിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

ശസ്ത്രക്രിയക്കുപയോഗിക്കുന്ന കത്തിയും എല്ലുമുറിക്കുന്ന ഉപകരണങ്ങളും അവര്‍ ഉപയോഗിച്ചതായി പറയുന്നുണ്ടെങ്കിലും മൂര്‍ച്ചയുള്ള വിദേശകത്തികൊണ്ടു തന്നെയാണ് ശരീരഭാഗങ്ങള്‍ അറുത്തതെന്ന് പറയുന്നു. കൊലപാതകത്തിന് മറ്റാരുടെയും സഹായവും അവര്‍ക്കില്ലായിരുന്നു. ഉണ്ടെങ്കില്‍ ഒറ്റയ്ക്ക് മൃതദേഹവുമായി അവര്‍ ഇത്രദൂരം യാത്രചെയ്യില്ലായിരുന്നു.

കൊടൈക്കനാലിലെ ഏതെങ്കിലും കൊക്കയിലേക്ക് സ്യൂട്ട്കേസ് തള്ളാനായിരുന്നുവത്രെ അവരുടെ പ്ലാന്‍. മൃതദേഹം കണ്ടുകിട്ടിയില്ലെങ്കില്‍ കേസ് തള്ളിപ്പോകുമെന്ന നിയമപരമായ അറിവും ഓമനയ്ക്കുണ്ടായിരുന്നിരിക്കണം 

വീണ്ടും ചര്‍ച്ചയായി മുരളീധരന്‍ കൊലക്കേസ്

അതിനിടെയാണ് ഡോ. ഓമനയോട് സാമ്യമുള്ള ഒരു സ്ത്രീയുടെ മൃതശരീരം മലേഷ്യയിലെ സുബാല്‍ ജായസെലേങ്കോലിലെ കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിലയില്‍ കാണപ്പെടുന്നത്. മരിച്ചത് മലയാളിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇന്ത്യന്‍ ഹൈക്കമ്മിഷണറുടെ അറിയിപ്പുപ്രകാരം പോലീസ് മൃതദേഹത്തിന്റെ ചിത്രം മലയാള പത്രത്തില്‍ കൊടുത്തിരുന്നു.

ഫോട്ടോ കണ്ട് വര്‍ഷങ്ങളായി ഒളിവില്‍പോയ ഡോ. ഓമനയോട് സാദൃശ്യമുണ്ടെന്ന തോന്നലില്‍ പോലീസ് അന്വേഷണവും തുടങ്ങി. പക്ഷേ മരിച്ചത് ഓമനയല്ലെന്നും തിരുവനന്തപുരം വലിയതുറ സ്വദേശി ഒരു മെര്‍ലിന്‍ റൂബിയാണെന്നും പിന്നീട് തിരിച്ചറിഞ്ഞു. അതോടെ ആ അധ്യായം അവസാനിച്ചു.

പക്ഷേ മുരളീധരന്‍ കൊലക്കേസ് വിണ്ടും ചര്‍ച്ചയായി. ഒളിവിലുള്ള ഡോ. ഓമനയും. അവരെവിടെ. ഏതായാലും വീണ്ടും അന്വേഷണത്തിന് ചൂടുപിടിച്ചിട്ടുണ്ട്. കേരള പോലീസ് പുതിയ വിവരങ്ങള്‍ ഊട്ടി പോലീസിന് കൈമാറിയിട്ടുണ്ട്.

രാജ്യത്ത് നടന്ന കൊലപാതകക്കേസുകളില്‍ പലതുകൊണ്ടും വ്യത്യസ്തമായിരുന്നു മുരളീധരന്‍കൊല. മറ്റൊന്നും കൊണ്ടല്ല 70 കിലോഗ്രാമോളം ഭാരമുള്ള ഒരു മനുഷ്യനെ തിരക്കുപിടിച്ച ഒരു റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ വെച്ച് ആരുമറിയാതെ ഒരു നിലവിളി പോലും കേള്‍പ്പിക്കാതെ ചോരചീന്താതെ കൊലപ്പെടുത്തി കഷണങ്ങളാക്കി സ്യൂട്ട്കേസില്‍ നിറച്ച് രണ്ടുദിവസം യാത്ര ചെയ്യാനുള്ള ത്രാണി ഒരു യുവതിയാണ് ഇതിലെ കഥാപാത്രം.

പക്ഷേ പോലീസ് പിടിച്ചപ്പോള്‍ ഓമന ആദ്യം വ്യക്തമായി പറഞ്ഞത് എന്റെ കുടുംബം തകര്‍ത്ത, എന്റെ ജീവിതത്തിന് ശല്യമായി മാറിയ മുരളീധരനെ ഞാന്‍ കൊന്നുവെന്നു തന്നെയാണ്.

സംഭവത്തിനുശേഷം

തന്നെ നിരന്തരമായി പീഡിപ്പിക്കുകയും കുടുംബബന്ധം തകര്‍ക്കുകയും ചെയ്തതുകൊണ്ടാണ് മുരളീധരനെ കൊന്നതെന്ന് അവര്‍ പിടിക്കപ്പെട്ടപ്പോള്‍ത്തന്നെ പറഞ്ഞിരുന്നു. പക്ഷേ അത് പലരും വിശ്വസിച്ചിട്ടില്ല. മുരളീധരനുമായി നല്ല അടുപ്പമായിരുന്നു അവര്‍ക്ക്. പിന്നീട് ജീവിതത്തില്‍ അയാള്‍ ശല്യമായോ എന്നറിയില്ല.

അതേസമയം കേസിന്റെ ഒരു ഘട്ടത്തില്‍ മുരളീധരന്‍ ജീവിച്ചിരിപ്പുണ്ടെന്നും കൊടൈക്കനാലിലേക്കുള്ള യാത്രയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അവര്‍ പോലീസിനോട് പറഞ്ഞു. മുരളീധരനെ ആരോ ഒളിപ്പിച്ചിരിക്കുകയാണെന്നും അയാള്‍ മരിച്ചില്ലെന്നും ചോദ്യം ചെയ്യലില്‍ പരസ്പരബന്ധമില്ലാതെ അവര്‍ പറഞ്ഞിരുന്നു.

കൊലപാതകത്തെക്കുറിച്ച് കേസെടുത്ത ഊട്ടി പോലീസ് ഡോ. ഓമനയെ പ്രതിയാക്കി കേസെടുത്തു. അതിനിടെ ജാമ്യത്തിലിറങ്ങിയ അവര്‍ മുങ്ങുകയായിരുന്നു. പിന്നീട് ഡോ. ഓമനയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഓമനയ്‌ക്കെതിരായ കുറ്റപത്രം നിശ്ചിത സമയത്തിനുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കാത്തതിനാലാണ് അവര്‍ക്ക് ജാമ്യം ലഭിച്ചത്.

സംഭവം നടക്കുന്നതിനുമുന്‍പ് ഓമന മലേഷ്യയില്‍ ജോലിചെയ്തിരുന്നു. ഒരുഘട്ടത്തില്‍ മുരളീധരനെയും കൊണ്ടുപോയിരുന്നു. സംഭവത്തിനുശേഷവും അവര്‍ മലേഷ്യയിലേക്കുതന്നെ രക്ഷപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. ഇന്റര്‍പോളും അവരെ അന്വേഷിക്കുന്നുണ്ട്.

ജാമ്യത്തിലിറങ്ങിയ അവര്‍ പോട്ട ധ്യാനകേന്ദ്രത്തില്‍ അന്തേവാസിയായി അവിടെ രോഗികളെ ചികിത്സിച്ചു. വളരെ നല്ല രീതിയില്‍ തന്നെയാണ് പെരുമാറിയത്. പിന്നീട് അവര്‍ വ്യാജ പാസ്‌പോര്‍ട്ട് എടുത്ത് മലേഷ്യയിലക്കേ് രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. നല്ല ക്രിമിനല്‍ ബുദ്ധിക്കുടമയായിരുന്നു ഡോ. ഓമനയെന്നാണ് പോലീസ് കരുതുന്നത്.

ഒരിക്കലും പതറിപ്പോവാതെ പിടിച്ചുനില്‍ക്കാനും രക്ഷപ്പെടാനും അവര്‍ക്ക് കഴിഞ്ഞത് അതുകൊണ്ടാണ്. തന്ത്രപൂര്‍വം പേരുമാറ്റി രക്ഷപ്പെടാനും മറ്റൊരു വ്യക്തിയായി വിദേശത്ത് ജോലിയെടുക്കാനും അവര്‍ക്ക് കഴിയുന്നതും മറ്റൊന്നും കൊണ്ടല്ലെന്നും പോലീസ് പറയുന്നു.

കൊലപാതകത്തിനുശേഷവും ഒരു പ്രയാസവുമില്ലാതെ അവര്‍ സമൂഹത്തില്‍ പ്രവര്‍ത്തിച്ചു. ഈ കേസ് കെട്ടിച്ചമച്ചതാണെന്നും തന്നെ നശിപ്പിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും അവര്‍ പറഞ്ഞു.

ഓമന 2009-ല്‍ നാട്ടിലുള്ള മകളെ വിളിച്ചതായി പറയുന്നുണ്ട്. ഏതായാലും പിന്നീട് അവരെക്കുറിച്ച് ഒരു വിവരവുമില്ല. രണ്ടുമക്കളില്‍ ഒരു മകന്‍ മരിച്ചു. ഏതായാലും ഓമനയ്ക്കു മുന്നില്‍ തോറ്റത് പോലീസ് തന്നെ....