ചേർത്തല: കോടികളുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത മോന്‍സണ്‍, ചേര്‍ത്തലയ്ക്കു പിടികൊടുക്കാതെ വളര്‍ന്ന ആളാണ്. സാധാരണ കുടുംബത്തില്‍ നിന്നു മോന്‍സന്റെ അസാധാരണമായ വളര്‍ച്ചയ്ക്കു പിന്നിലെ വഴികള്‍ നാട്ടുകാര്‍ക്ക് അപരിചിതമാണ്. ആഡംബര കാറുകളില്‍ അംഗരക്ഷകരുടെ അകമ്പടിയുമായി എത്തുന്ന ഇയാളുടെ നാടകീയമായ അറസ്റ്റിലും നാടിന് അമ്പരപ്പുമാത്രം. ചേര്‍ത്തല കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മാവുങ്കല്‍ വീട്ടിലെ സാധാരണ കുടുംബത്തില്‍നിന്നാണു തുടക്കം. വിവാഹത്തിനുശേഷം നാട്ടില്‍നിന്ന് അപ്രത്യക്ഷനായ ഇയാള്‍ വര്‍ഷങ്ങള്‍ക്കു ശേഷം പ്രത്യക്ഷപ്പെട്ടത് ഡോക്ടറായും കോടീശ്വരനുമായാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഇയാള്‍ ചേര്‍ത്തല സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍നിന്ന് ഡിപ്ലോമ നേടി.

രണ്ടാം വരവില്‍ ചേര്‍ത്തല വടക്കേ അങ്ങാടി കവലയ്ക്കു സമീപം ഏതാനും വര്‍ഷം താമസിച്ചു. അസമയങ്ങളില്‍ ഉള്‍പ്പെടെ ഇവിടെ ആഡംബരവാഹനങ്ങള്‍ വന്നു പോകുന്നതു പതിവായിരുന്നു. നാട്ടുകാര്‍ സംശയം അറിയിച്ചതിനെ തുടര്‍ന്ന് ഇവിടെ ഒരു സമയം പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. പള്ളിപ്പുറം എന്‍.എസ്.എസ്. കോളേജ് കവലയില്‍ സൗന്ദര്യവര്‍ധക ചികിത്സാകേന്ദ്രവും നടത്തി. ഇതിനിടെ പുരാവസ്തുവ്യാപാരവും ആരംഭിച്ചു.

മോന്‍സന്റെ അപ്രതീക്ഷിത വളര്‍ച്ചയും ആഡംബരങ്ങളും നാട്ടുകാരുടെ ഇടയില്‍ സംശയം ഉയര്‍ത്തിയിരുന്നു. ഒരുവര്‍ഷം മുന്‍പു വാഹനത്തട്ടിപ്പിന്റെ പേരില്‍ പോലീസ് കേസെടുത്തിരുന്നു. കാരവന്‍ ഉള്‍പ്പെടെയുള്ള ആഡംബര വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് ഉടമസ്ഥരെ കബളിപ്പിച്ചതിനായിരുന്നു കേസ്. കേസില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലുണ്ട്. ശനിയാഴ്ച ചേര്‍ത്തല വല്ലയില്‍ ഭാഗത്തെ വീട്ടില്‍നിന്നാണ് ഇയാളെ എറണാകുളം ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.  മകളുടെ വിവാഹനിശ്ചയം വെള്ളിയാഴ്ചയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വരെ പങ്കെടുത്തതായാണു വിവരം. നാട്ടുകാരുമായി ബന്ധമില്ലാത്തതിനാല്‍ അയല്‍വാസികളെ പോലും ചടങ്ങിനു ക്ഷണിച്ചിരുന്നില്ല.

ആരാണീ മോന്‍സണ്‍?

ആരാണ് മോന്‍സണ്‍ മാവുങ്കല്‍ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മോന്‍സണ്‍ മാവുങ്കല്‍ ഡോട്ട് കോം എന്ന വെബ്സൈറ്റ് നല്‍കുന്ന മറുപടി പലതാണ്. പ്രശസ്ത കോസ്മെറ്റോളജിസ്റ്റ്, ലോക സമാധാന പ്രചാരകന്‍, വിദ്യാഭ്യാസ വിദഗ്ദ്ധന്‍, തെലുങ്ക് സിനിമയിലെ നടന്‍, പ്രഭാഷകന്‍, മോട്ടിവേറ്റര്‍, പരോപകാരി എന്നിങ്ങനെയാണ്. ഇദ്ദേഹത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതായി പറയുന്നത് കോസ്മോസ് ഗ്രൂപ്പും, കലിംഗ കല്യാണ്‍ ഫൗണ്ടേഷന്‍ എന്നീ സ്ഥാപനങ്ങളും. സിനിമാതാരങ്ങളെ വെല്ലുന്ന ചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ചാണ് മോന്‍സണ്‍ തന്റെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

വരും തലമുറയ്ക്കായി പ്രകൃതി സംരക്ഷിക്കേണ്ട വലിയ ഓര്‍മപ്പെടുത്തല്‍ മുതല്‍ വ്യക്തികളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള ലക്ഷ്യങ്ങള്‍ വരെയാണ് കമ്പനികളുടെ വെബ്സൈറ്റില്‍ പറയുന്നത്. അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന വിവിധ പദ്ധതികള്‍, പാരമ്പര്യ ചികിത്സാരീതികളുടെ പ്രാധാന്യം, അവയവദാനത്തിന്റെ പ്രോത്സാഹനം, കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളുടെ വികസനം, അത്യാധുനിക രോഗനിര്‍ണയ സൗകര്യങ്ങള്‍ തുടങ്ങിയ വിശാലമായ കുടക്കീഴിലാണ് ഇയാള്‍ കാര്യങ്ങള്‍ നീക്കിയത്. മറ്റുള്ളവര്‍ക്ക് സംശയിക്കാന്‍ ഇടനല്‍കാത്ത തരത്തിലായിരുന്നു നീക്കങ്ങള്‍ മുഴുവന്‍. അതിനായി ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് സൈബര്‍ ഇടവും. സാമൂഹിക മാധ്യമങ്ങള്‍ വഴിയും വമ്പിച്ച പ്രചാരണമാണ് കമ്പനികള്‍ക്ക് നല്‍കിയത്.

മോന്‍സണ്‍ മാവുങ്കല്‍ എന്ന പേരില്‍ യൂട്യൂബ് ചാനലുമുണ്ട്. ഇതില്‍ തന്റെതായി വാര്‍ത്തകളുടെ ദൃശ്യങ്ങളും അപ്ലോഡ് ചെയ്തിട്ടുണ്ട്. പ്രമുഖരായുള്ള പലരും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ പുരാവസ്തു ശേഖരം തന്റെ പേരിലാണെന്ന് പറഞ്ഞ് വീഡിയോയും മോന്‍സണ്‍ ഇറക്കിയിട്ടുണ്ട്. സ്‌പോണ്‍സര്‍ ചെയ്ത ചാനല്‍ പരിപാടികളുടെയും സ്വകാര്യ പരിപാടികളുടെയും ലിങ്കുകളും യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചിട്ടുണ്ട്. നാടകീയത കലര്‍ത്തിയുള്ള ചില സ്‌പോര്‍ട്സ് വീഡിയോകളും യൂട്യൂബില്‍ കാണാം.

മോന്‍സണ്‍ എന്ന 'കിങ് ലയര്‍'

ചേര്‍ത്തല മാവുങ്കല്‍ മോന്‍സണ്‍ അറിയപ്പെട്ടിരുന്നത് ഡോ. മോന്‍സണ്‍ മാവുങ്കല്‍ എന്ന പേരിലായിരുന്നു. എങ്ങനെയാണ് ഇയാള്‍ 'ഡോക്ടര്‍' ആയതെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. ഡിഗ്രി പാസായിട്ടുപോലുമില്ലാത്ത ഇയാള്‍ ഇന്ത്യവിട്ട് പുറത്തുപോയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ആളുകളെ പറഞ്ഞുവീഴ്ത്താനുള്ള വാക്ചാതുരിയും അഭിനയ പാടവുമായിരുന്നു കൈമുതല്‍. കൂടെ, ആരും കണ്ടാല്‍ വീണുപോകുന്ന വീടും അന്തരീക്ഷവും.

കലൂരില്‍ മാസം അരലക്ഷം രൂപ വാടകയ്ക്കാണ് വീട് എടുത്ത് താമസം തുടങ്ങിയത്. എന്നാല്‍ എട്ടു മാസമായി വാടക കൊടുത്തിട്ടില്ല. പ്രവാസി മലയാളി ഫൗണ്ടേഷന്‍ രക്ഷാധികാരി, വേള്‍ഡ് പീസ് കൗണ്‍സില്‍ മെംബര്‍, ഹ്യൂമന്‍ റ്റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ തുടങ്ങിയവയുടെ ഭാരവാഹിയാണ് എന്നു കാണിച്ചുള്ള ബോര്‍ഡുകള്‍ മോന്‍സന്റെ വീടിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കോടികള്‍ വിലവരുന്ന ആഡംബര കാറുകളുടെ ശേഖരംതന്നെ ഇയാളുടെ വീട്ടിലുണ്ട്. കേടായ ഈ വാഹനങ്ങള്‍ ചെറിയ തുകയ്ക്ക് വാങ്ങി അതൊക്കെ വീട്ടില്‍ കൊണ്ടുവന്നിട്ടു. താന്‍ വലിയ 'കക്ഷി' യാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിട്ടാണത്രെ ഇയാള്‍ ഇതൊക്കെ ചെയ്തിരിക്കുന്നത്.

പുറത്തേക്ക് പോകുമ്പോള്‍ തോക്കുപിടിച്ച് അംഗരക്ഷകരെന്നപോലെ അഞ്ചെട്ടുപേര്‍ കൂടെ ഉണ്ടാകും. കളിത്തോക്ക് പിടിച്ചാണ് അവര്‍ ഉണ്ടാകാറുള്ളത് എന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ പറഞ്ഞു. എന്തെങ്കിലും ചടങ്ങുകളില്‍ പോകുമ്പോള്‍ ആറ്് ആഡംബര കാറുകളുടെ അകമ്പടിയോടെയാകും എത്തുക. പരിപാടികളില്‍ ചിലപ്പോള്‍ ആരും പ്രതീക്ഷിക്കാത്ത സംഭാവനകള്‍ നല്‍കി ഞെട്ടിക്കും. ഇതെല്ലാം അടുത്ത തട്ടിപ്പുകള്‍ക്കുള്ള ചൂണ്ടയിടലാണെന്ന് ആരും കരുതിയില്ല. നാട്ടില്‍ അടുത്തിടെ പള്ളിപ്പെരുന്നാള്‍ സ്വന്തമായി ഏറ്റെടുത്ത് നടത്തിയിരുന്നു. കോടികള്‍ മുടക്കിയുള്ള പരിപാടിയായിരുന്നു ഇത്.

ഉന്നത വ്യക്തികളുടെ കൂടെനിന്ന് ചിത്രം എടുത്ത്, അവരുമായൊക്കെയുള്ള ബന്ധം പറഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രവാസി മലയാളിയാണെന്നും വിദേശങ്ങളിലടക്കം പുരാവസ്തുവിന്റെ വലിയ ബിസിനസാണെന്നും മറ്റും പറഞ്ഞാണ് ആളുകളെ പറ്റിച്ചിരുന്നത്.

Content Highlights: Crime Branch books Monson Mavunkal for fraud worth Rs 10 cr