കോഴിക്കോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ജയിലുകളിലെ സ്ഥിതിഗതികളില്‍ ആശങ്ക വേണ്ടെന്ന് ജയില്‍ അധികൃതര്‍. നിലവിലെ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും തടവുകാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജയില്‍ ഡി.ഐ.ജി.(ഹെഡ്ക്വാര്‍ട്ടേഴ്‌സ്) എസ്. സന്തോഷ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

വിയ്യൂര്‍ ജില്ലാ ജയിലില്‍നിന്ന് രണ്ടു പേരെ ആലുവ സബ് ജയിലിലേക്ക് മാറ്റിയത് കൊറോണ സംശയത്തെ തുടര്‍ന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു പേര്‍ക്ക് പനി പോലുള്ള പകര്‍ച്ചവ്യാധിയാണ് ഉണ്ടായിരുന്നത്. മുന്‍കരുതലെന്ന നിലയിലാണ് ഇവരെ ആലുവ സബ് ജയിലിലേക്ക് മാറ്റിയത്. ആലുവ സബ് ജയിലിലാണ് ഇങ്ങനെയുള്ളവരെ പാര്‍പ്പിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ചെറിയ പനിയാണെങ്കില്‍ പോലും ശക്തമായ മുന്‍കരുതലുകളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ജയിലുകളില്‍ ക്വാറന്റയ്ന്‍, ഐസോലേഷന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തടവുകാര്‍ പരസ്പരം ഇടപഴകുന്നതിന് അടക്കം നിയന്ത്രണവുമുണ്ട്. എന്തെങ്കിലും ചെറിയ അസുഖമുള്ളവരെ പോലും മാറ്റിതാമസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നു. ആവശ്യത്തിന് മാസ്‌ക്കുകളും ഉറപ്പുവരുത്തിയിട്ടുണ്ട്. തടവുകാരെ കോടതിയില്‍ ഹാജരാക്കുന്നതിനും നിയന്ത്രണമുണ്ട്. മാര്‍ച്ച് 31 വരെ എല്ലാ പരോള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചു. നിലവില്‍ പരോളില്‍ കഴിയുന്നവരോട് തത്കാലം തിരികെ വരേണ്ടെന്ന നിര്‍ദേശവും നല്‍കി. 

ഏപ്രില്‍ പത്തുവരെയുള്ള ആവശ്യത്തിനായി അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചിട്ടുണ്ട്. അവശ്യവസ്തുക്കളുടെ ലഭ്യതയും ഉറപ്പുവരുത്തി. എന്നാല്‍ പച്ചക്കറി, മാംസം, മീന്‍ തുടങ്ങിയവയുടെ ലഭ്യതയില്‍ കുറവുവന്നേക്കാമെന്നും അതെല്ലാം ഉറപ്പുവരുത്താന്‍ ശ്രമിക്കുമെന്നും ജയില്‍ ഡി.ഐ.ജി. പറഞ്ഞു. 

Content Highlights: corona virus outbreak in kerala; jail authorities said they take all precautions