ന്യൂഡൽഹി: ഫരീദാബാദിൽ കോളേജ് വിദ്യാർഥിനിയെ പട്ടാപ്പകൽ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ലൗജിഹാദ് ആരോപണമുന്നയിച്ച് കുടുംബം. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന തൗസീഫ് എന്ന യുവാവ് പെൺകുട്ടിയെ മതംമാറ്റി വിവാഹം കഴിക്കാൻ ശ്രമിച്ചിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി തൗസീഫ് പെൺകുട്ടിയെ മതംമാറാൻ നിർബന്ധിക്കുകയാണെന്നും പെൺകുട്ടി ഇതിന് വിസമ്മതിച്ചതോടെ തട്ടിക്കൊണ്ടുപോകാനായിരുന്നു യുവാവിന്റെ ശ്രമമെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ടാണ് നികിത തോമാർ(21) എന്ന വിദ്യാർഥിനിയെ കോളേജിന് മുന്നിലെ റോഡിൽവെച്ച് രണ്ട് പേർ വെടിവെച്ച് കൊന്നത്. പരീക്ഷ കഴിഞ്ഞ് കൂട്ടൂകാരിക്കൊപ്പം പുറത്തിറങ്ങിയ വിദ്യാർഥിനിയെ ഒരു യുവാവ് ആദ്യം തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ഇതിനെ ചെറുത്തതോടെ കാറിൽനിന്ന് മറ്റൊരാൾ പുറത്തിറങ്ങുകയും പെൺകുട്ടിക്ക് നേരേ വെടിയുതിർത്ത് ഇവർ രക്ഷപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയെ ബലംപ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിന്റെയും വെടിവെച്ച് കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ മുഖ്യപ്രതിയായ തൗസീഫിനെയും ഇയാളുടെ കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ലൗജിഹാദ് ആരോപണവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
2018-ൽ തൗസീഫിനെതിരേ നികിതയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. അന്ന് പോലീസ് കേസെടുത്തെങ്കിലും പിന്നീട് പെൺകുട്ടിയുടെ കുടുംബം തന്നെ കേസ് പിൻവലിക്കുകയായിരുന്നു.
അതേസമയം, തൗസീഫിനെ പെൺകുട്ടി അവഗണിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. അടുത്തിടെയായി പെൺകുട്ടി തൗസീഫുമായി സംസാരിച്ചിരുന്നില്ല. ഇയാളുടെ ഫോൺകോളുകളും എടുത്തില്ല. പിന്നീട് യുവാവിന്റെ നമ്പറും പെൺകുട്ടി ബ്ലോക്ക് ചെയ്തു. തിങ്കളാഴ്ച നികിത പരീക്ഷ എഴുതാൻ കോളേജിൽ വരുമെന്ന് യുവാവിന് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് സുഹൃത്തിനൊപ്പം കോളേജിന് പുറത്ത് കാത്തിരുന്നത്. തുടർന്ന് പെൺകുട്ടിയെ ബലംപ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നും ഇത് ചെറുത്തപ്പോൾ വെടിവെച്ച് കൊലപ്പെടുത്തുകയാണ് ചെയ്തതെന്നും പോലീസ് പറഞ്ഞു. കേസ് നിലവിൽ ക്രൈംബ്രാഞ്ചിന് കൈമാറിയതായും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും അറിയിച്ചു.
അതിനിടെ, പെൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വൻ പ്രതിഷേധമാണുയരുന്നത്. പ്രതിക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും റോഡ് ഉപരോധിച്ചു. വിവിധയിടങ്ങളിൽ പ്രതിഷേധ സമരങ്ങളും അരങ്ങേറി. പെൺകുട്ടി പഠിച്ചിരുന്ന കോളേജിലെ വിദ്യാർഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഫരീദാബാദിൽ പ്രതിഷേധക്കാർ ഒരു കട അടിച്ചുതകർത്തതായും റിപ്പോർട്ടുണ്ട്.
Content Highlights:college student nikita tomar shot dead in daylight at faridabad family alleges love jihad