കോയമ്പത്തൂര്‍: 1984 ജനുവരിയില്‍ ആലപ്പുഴയിലെ മാവേലിക്കരയില്‍ ചാക്കോയെ കത്തിച്ചുകൊന്ന കേസിലെ തിരക്കഥയപ്പാടെ പകര്‍ത്തിയെഴുതാന്‍ നോക്കിയതാണ് അഭിഭാഷകരായ രാജ് വേല്‍-മോഹന ദമ്പതിമാര്‍. കോളിളക്കം സൃഷ്ടിച്ച ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പിനെ 36 വര്‍ഷമായി കണ്ടുകിട്ടിയില്ലെങ്കിലും കോയമ്പത്തൂരില്‍ അരങ്ങേറിയ അമ്മാസൈ കൊലക്കേസില്‍ പ്രതികളെ മുഴുവന്‍ പോലീസ് പിടികൂടി. രണ്ട് കേസിലും കൊലപാതകതിരക്കഥയില്‍ ചില പാളിച്ചകളുണ്ടായപ്പോഴാണ് പോലീസ് പിടി വീണത്.

ഒഡീഷയില്‍ നടത്തിയിരുന്ന ധനകാര്യസ്ഥാപനത്തില്‍ 12 കോടിയോളം രൂപ വെട്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞ കേസില്‍ ഒഡീഷ പോലീസ് അന്വേഷിക്കുന്ന പ്രതിയാണ് മോഹന. മോഹനക്കെതിരേ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ ക്രിമിനല്‍ അഭിഭാഷകനായ രാജ്വേലിന്റെ മനസ്സില്‍ തിരക്കഥ രൂപം കൊള്ളുകയായിരുന്നു.

അമ്മാസൈ കുടുംബപ്രശ്‌നങ്ങള്‍ തീര്‍ക്കാനാണ് സഹായം ആവശ്യപ്പെട്ട് രാജ്വേലിനെ സമീപിച്ചത്. തുടര്‍ന്ന് മറ്റൊരു ദിവസം അമ്മാസൈയെ പാനീയത്തില്‍ മയക്കുമരുന്ന് നല്‍കിയശേഷം സഹായികളോടൊപ്പം കൊലപ്പെടുത്തി. തിരക്കഥയനുസരിച്ച്, കൊല്ലപ്പെട്ട സ്ത്രീയെ ഭാര്യയുടെ വിലാസത്തില്‍ ആത്തുപാലത്തെത്തിച്ച് ശവസംസ്‌കാരച്ചടങ്ങുകള്‍ നടത്തി. അസുഖം മൂര്‍ച്ഛിച്ച മോഹന പെട്ടെന്ന് മരിച്ചതായും ശവസംസ്‌കാരച്ചടങ്ങുകള്‍ കഴിഞ്ഞതായും ബന്ധുക്കളെയും നാട്ടുകാരെയും അറിയിക്കുകയും ചെയ്തു.

കോയമ്പത്തൂര്‍ കോര്‍പ്പറേഷനില്‍നിന്ന് മോഹനയുടെ പേരില്‍ മരണസര്‍ട്ടിഫിക്കറ്റും വാങ്ങി. ഒഡിഷ പോലീസില്‍ മോഹനയുടെ പേരിലുള്ള അഞ്ച് കേസുകള്‍ മരണസര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെ ഒഴിവായിക്കിട്ടി. അമ്മാസൈയുടെ കേസ് അപ്പോള്‍ കാണാതായവരുടെ ലിസ്റ്റില്‍ രത്‌നപുരി പോലീസിന്റെ ഫയലില്‍ ഉറങ്ങുന്നുണ്ടായിരുന്നു. 

രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം 2013 ഡിസംബറില്‍ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് മോഹനയുമായി രാജവേല്‍ രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. സംശയം തോന്നിയ രജിസ്ട്രാര്‍ മോഹന മരണപ്പെട്ട കാര്യവും മറ്റും പോലീസിനെ അറിയിച്ചു. തുടര്‍ന്ന് രാജ്വേലിന്റെ സഹായി പോത്തന്നൂര്‍ സ്വദേശി പഴനിസ്വാമിയെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. 'പോലീസ് മുറ'യ്ക്ക് ചോദ്യംചെയ്തപ്പോള്‍ പഴനിസ്വാമി, അമ്മാസൈയുടെ കൊലപാതകത്തിലെ പങ്ക് വെളിപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം കോവളത്തെ ഹോട്ടലിലേക്ക് താമസം മാറ്റിയ ഇരുവരെയും കേരള പോലീസിന്റെ സഹായത്തോടെ പിടികൂടി. ഇതിനിടെ ഇരുവരുടെയും മുന്‍കൂര്‍ ജാമ്യം വാങ്ങാനുള്ള ശ്രമം കോയമ്പത്തൂര്‍ പോലീസ് തടഞ്ഞു.

ഒടുവില്‍, അമ്മാസൈ കൊല്ലപ്പെട്ട് രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം ഡിസംബര്‍ 13-ന് കോയമ്പത്തൂര്‍ പോലീസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കി. കൊലപാതകത്തില്‍ പങ്കെടുത്ത മറ്റൊരു സഹായി പൊന്‍രാജ് കേസില്‍ മാപ്പുസാക്ഷിയായി.

Content Highlights: coimbatore ammasai murder case