തിരുപ്പതി: ചിറ്റൂർ ഇരട്ടക്കൊലക്കേസിൽ പ്രതികളായ പുരുഷോത്തം നായിഡുവിനെയും ഭാര്യ പദ്മജയെയും തിരുപ്പതിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുപ്പതി എസ്.വി.ആർ.ആർ. ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തിലാണ് ഇരുവരെയും പ്രവേശിപ്പിച്ചത്. ദമ്പതിമാരിൽ പുരുഷോത്തം നായിഡു നിലവിൽ സാധാരണനിലയിൽ സംസാരിക്കുന്നുണ്ടെങ്കിലും പദ്മജ ഇപ്പോഴും പരസ്പരവിരുദ്ധമായാണ് പെരുമാറുന്നതെന്ന് പോലീസ് പറഞ്ഞു.

നേരത്തെ പ്രതികളെ കോവിഡ് പരിശോധനയ്ക്ക് കൊണ്ടുപോയപ്പോളും പോലീസ് ഏറെ പണിപ്പെട്ടു. ആശുപത്രിയിലെത്തിയ പദ്മജ കോവിഡ് പരിശോധനയ്ക്ക് സാമ്പിൾ ശേഖരിക്കാൻ വിസമ്മതിച്ചു. താൻ ശിവനാണെന്നും കൊറോണ വൈറസിന് ജന്മം നൽകിയത് താനാണെന്നുമായിരുന്നു പദ്മജയുടെ വാദം. കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിൽ അല്ലെന്നും കലിയുഗത്തിലെ മോശപ്പെട്ട കാര്യങ്ങളെല്ലാം ശുചീകരിക്കാൻ ദൈവം സൃഷ്ടിച്ചതാണെന്നും അവർ പറഞ്ഞു.

'ഞാൻ ശിവനാണ്. എന്റെ ശരീരമാണ് കൊറോണ വൈറസിന് ജന്മം നൽകിയത്. ഒരു വാക്സിനും ഉപയോഗിക്കാതെ ഇതെല്ലാം മാർച്ച് മാസത്തോടെ അവസാനിക്കും. ഒരു വാക്സിനും ആവശ്യമില്ല. എന്റെ തൊണ്ടയിൽ വിഷമുണ്ട്. അതിനാൽ എനിക്ക് കൊറോണ വൈറസ് പരിശോധന നടത്തേണ്ട ആവശ്യമില്ല'- പദ്മജ ആരോഗ്യപ്രവർത്തകരോട് പറഞ്ഞു. ഒടുവിൽ ഭർത്താവ് പുരുഷോത്തം നായിഡുവും ഡോക്ടർമാരും ഏറെനേരം അഭ്യർഥിച്ചതിന് ശേഷമാണ് അവർ പരിശോധനയ്ക്ക് തയ്യാറായത്.

പുനർജനിക്കുമെന്ന വിശ്വാസത്തിലാണ് രണ്ട് പെൺമക്കളെയും പുരുഷോത്തം നായിഡുവും പദ്മജയും ക്രൂരമായി കൊലപ്പെടുത്തിയത്. ഭോപ്പാലിൽ പി.ജി. വിദ്യാർഥിയായ ആലേഖ്യ(27) സംഗീത വിദ്യാർഥിയായ സായി ദിവ്യ(22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം. വിവരമറിഞ്ഞ് പോലീസ് വീട്ടിലെത്തിയപ്പോൾ തിങ്കളാഴ്ച വരെ കാത്തിരിക്കണമെന്നും അന്നേദിവസം മക്കൾ പുനർജനിക്കുമെന്നുമാണ് പദ്മജ പോലീസിനോട് പറഞ്ഞത്. മൃതദേഹം വീട്ടിൽനിന്ന് കൊണ്ടുപോകുന്നതും പൂജാമുറിയിൽ പോലീസ് പ്രവേശിക്കുന്നതും ഇവർ തടയാൻശ്രമിച്ചു. ഒടുവിൽ ഏറെ പണിപ്പെട്ടാണ് പോലീസിന് വീടിനകത്ത് പ്രവേശിക്കാനായത്.

രസതന്ത്രത്തിൽ പി.എച്ച്.ഡി നേടിയ പുരുഷോത്തം നായിഡു സർക്കാർ കോളേജിൽ വൈസ് പ്രിൻസിപ്പലാണ്. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തരബിരുദധാരിയായ പദ്മജ ഐ.ഐ.ടി. പ്രവേശനപരീക്ഷ പരിശീലനസ്ഥാപനത്തിൽ അധ്യാപികയായിരുന്നു. ഉന്നതവിദ്യാഭ്യാസമുള്ള കുടുംബം ഇത്തരത്തിൽ അന്ധവിശ്വാസത്തിനടിമപ്പെട്ട് മക്കളെ കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. അതേസമയം, കൃത്യം നടത്താൻ ഇവരെ ആരെങ്കിലും പ്രേരിപ്പിച്ചോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി വിവിധ സി.സി.ടി.വി. ദൃശ്യങ്ങളും കമ്പ്യൂട്ടറിലെ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു. മൂത്തമകളായ ആലേഖ്യയാണ് ഇളയമകളെ കൊലപ്പെടുത്തിയതെന്നും ആലേഖ്യ കൊല്ലാൻ യാചിച്ചിട്ടാണ് താൻ അവളെ കൊലപ്പെടുത്തിയതെന്നും പദ്മജ മൊഴിനൽകിയിരുന്നു. മനോനില സാധാരണനിലയില്ലാത്തതിനാൽ ഇവരുടെ മൊഴികളൊന്നും പോലീസ് കാര്യമായിട്ടെടുത്തിട്ടില്ല.

Content Highlights:chittoor double murder case mother padmaja says she is shiva refused to covid test