കാഞ്ഞങ്ങാട്: പെരിയ കല്ല്യോട്ടെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസന്വേഷിക്കാന്‍ സി.ബി.ഐ. വീണ്ടുമെത്തുന്നു. സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങും. സി.ബി.ഐ.യുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല. ഡിവൈ.എസ്.പി. ടി.പി. അനന്തകൃഷ്ണനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
അന്വേഷണം സി.ബി.ഐ.ക്കുവിട്ട് ഹൈക്കോടതി സിംഗിള്‍ബെഞ്ചിന്റെ ഉത്തരവുവന്നപ്പോള്‍ത്തന്നെ അനന്തകൃഷ്ണന്‍ കല്ല്യോട്ടെത്തി പ്രാഥമികവിവരങ്ങള്‍ ശേഖരിച്ചിരുന്നു. ശരത്ലാലിന്റെ അച്ഛന്‍ പി.കെ. സത്യനാരായണന്‍, കൃപേഷിന്റെ അച്ഛന്‍ പി.വി.കൃഷ്ണന്‍ എന്നിവരുടെയും ചില സാക്ഷികളുടെയും മൊഴിയെടുത്തിരുന്നു. മക്കളെ കൊന്നതിനുപിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ലോക്കല്‍പോലീസിലെയും ക്രൈംബ്രാഞ്ചിലെയും ഉദ്യോഗസ്ഥരെത്തിയപ്പോള്‍ ഇതേരീതിയില്‍ തങ്ങള്‍ മൊഴിനല്‍കിയിരുന്നുവെന്നും സത്യനാരായണനും കൃഷ്ണനും സി.ബി.ഐ. ഡിവൈ.എസ്.പിക്കുമുമ്പാകെ പറഞ്ഞിരുന്നു.
സി.പി.എം. നേതൃത്വത്തിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന തങ്ങളുടെ ചൂണ്ടിക്കാട്ടലുകളൊന്നും മാറിമാറി വന്ന ഉദ്യോഗസ്ഥര്‍ കേട്ടില്ലെന്ന ആരോപണമായിരുന്നു ഇവര്‍ സി.ബി.ഐ. ഉദ്യോഗസ്ഥനോടുപറഞ്ഞ മറ്റൊരു പ്രധാനകാര്യം. കുറ്റപത്രത്തില്‍ പറയുന്നത് വ്യക്തിവിരോധമെന്നാണെന്നും ഒരു മുന്‍വിധിപോലെ കുറ്റപത്രം തയ്യാറാക്കിയതുപോലുണ്ടെന്നും തങ്ങളുടെ ആശങ്ക ദൂരീകരിക്കുന്ന ഒരു അന്വേഷണറിപ്പോര്‍ട്ടും കുറ്റപത്രത്തിലില്ലെന്നും സി.ബി.ഐ.യോട് കുടുംബാംഗങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. അന്വേഷണം ഊര്‍ജിതപ്പെടുത്തുമെന്നുപറഞ്ഞായിരുന്നു സി.ബി.ഐ. ഉദ്യോഗസ്ഥന്‍ മടങ്ങിയത്. എന്നാല്‍, ക്രൈംബ്രാഞ്ച് കേസ് ഡയറി പിടിച്ചുെവച്ചത് തുടര്‍നടപടിക്രമങ്ങള്‍ക്ക്് വിലങ്ങുതടിയായി. പിന്നാലെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെയും അവിടെനിന്നുള്ള വിധിക്കുമേല്‍ സുപ്രീംകോടതിയെയും സമീപിച്ചു. സുപ്രീംകോടതിവിധി വന്നതോടെ കല്ല്യോട്ടുകാര്‍ വീണ്ടും വലിയ പ്രതീക്ഷയിലായി. ശരത്ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിന് സി.ബി.ഐ. നീതിനേടിത്തരുമെന്ന പ്രതീക്ഷയുണ്ടെന്ന് കല്ല്യോട്ടുകാര്‍ പ്രതികരിച്ചു. അടുത്തദിവസംതന്നെ കേസ് ഡയറി ഏറ്റുവാങ്ങുമെന്നും ഒട്ടും താമസിയാതെ കാസര്‍കോട്ടേക്കുതിരിക്കുമെന്നും സി.ബി.ഐ. ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പെരിയ കല്ല്യോട്ടെ ഇരട്ടക്കൊല- നാള്‍വഴികളിലൂടെ...
2019 ഫെബ്രുവരി 17: രാത്രി 7.36 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടു
2019 ഫെബ്രുവരി 19: സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരനെ അറസ്റ്റ് ചെയ്തു
2019 ഫെബ്രുവരി 20: സി.പി.എം. പ്രവര്‍ത്തകന്‍ സജി സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തു
2019 ഫെബ്രുവരി 21: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. അഞ്ച് സി.പി.എം. പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍
2019 മേയ് 14: സി.പി.എം. ഏരിയ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും അറസ്റ്റില്‍
2019 മേയ് 20: ക്രൈംബ്രാഞ്ച് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു
2019 ജൂലായ് 17: കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി
2019 സെപ്റ്റംബര്‍ 30: ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അന്വേഷണം സി.ബി.ഐ.ക്ക് വിട്ടു
2019 ഒക്ടോബര്‍ 24: സി.ബി.ഐ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു
2019 ഒക്ടോബര്‍ 26: അന്വേഷണം സി.ബി.ഐ.ക്ക് വിട്ടതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി
2019 ഒക്ടോബര്‍ 29: സി.ബി.ഐ.ക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം
2020 ജനുവരി 8: പത്ത് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
2020 ഓഗസ്റ്റ് 25: ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു
2020 സെപ്റ്റംബര്‍ 12: ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളും സുപ്രീംകോടതിയെ സമീപിച്ചു
2020 ഡിസംബര്‍ ഒന്ന്: സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി. സി.ബി.ഐ. അന്വേഷണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവെച്ചു
Content Highlights: cbi again coming to kasargod to investigate periya double murder