ആലപ്പുഴ: ചേര്‍ത്തലയ്ക്കടുത്ത് പൂച്ചാക്കല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് സാക്ഷിയായത് നാടിനെ നടുക്കിയ അപകട പരമ്പരയ്ക്ക്. അതിവേഗത്തില്‍ പാഞ്ഞ വെളുത്ത കാര്‍ ഇടിച്ചുതെറിപ്പിച്ചത് ആറുപേരെ. 

ബൈക്ക് യാത്രികരായ രണ്ടുപേരെയാണ് അമിതവേഗത്തിലെത്തിയ കാര്‍ ആദ്യം ഇടിച്ചിട്ടത്. ഇതിനുശേഷം നിര്‍ത്താതെ പോയ വാഹനം അമിതവേഗത്തില്‍ നിയന്ത്രണംവിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കുമേല്‍ പാഞ്ഞുകയറുകയായിരുന്നു.

റോഡിലെ തോടിന് കുറുകെയുള്ള പാലത്തിന് മുകളില്‍വെച്ചാണ് മൂന്ന് വിദ്യാര്‍ഥിനികളെ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ കുട്ടികള്‍ പാലത്തിന്റെ കൈവരിക്ക് മുകളിലൂടെ തോട്ടിലേക്ക് തെറിച്ചുവീണു. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. 

പാലത്തിന്റെ കൈവരി ഇടിച്ചുതകര്‍ത്തിട്ടും കാര്‍ നിര്‍ത്താതെ പാഞ്ഞു. പിന്നാലെ റോഡിലൂടെ സൈക്കിളില്‍ വരികയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിയെയും ഇടിച്ചിട്ടു. ശേഷം സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാര്‍ നിന്നത്. 

alappuzha poochakkal accident
അപകടമുണ്ടാക്കിയ കാര്‍.

പ്രദേശവാസിയായ മനോജും ഒരു ഇതരസംസ്ഥാനക്കാരനുമാണ് കാറിലുണ്ടായിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതരസംസ്ഥാനക്കാരനാണ് വാഹനമോടിച്ചിരുന്നതെന്നും ഇരുവരും മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.

അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ്, ചേര്‍ത്തലയിലെ ഒരു സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 

Content Highlights: car accident in alappuzha poochakkal, students and bike riders injured, cctv visuals